21 November 2024, Thursday
KSFE Galaxy Chits Banner 2

നിക്കാരഗ്വാ: തെരഞ്ഞെടുപ്പുഫലം യാഥാര്‍ത്ഥ്യവും കെട്ടുകഥകളും

Janayugom Webdesk
November 10, 2021 4:41 am

തീവ്ര വലതുപക്ഷ യാഥാസ്ഥിതികത്വത്തിന്റെ ആള്‍രൂപമായ ഡൊണാള്‍ ട്രംപിനെ പരാജയപ്പെടുത്തിയാണ് ഡമോക്രാറ്റ് ജോബെെഡന്‍ യുഎസിന്റെ 46-ാം പ്രസിഡന്റായത്. ലോകമെങ്ങും ജനാധിപത്യവാദികള്‍ യുഎസിന്റെ വിദേശനയത്തില്‍ മൗലികമാറ്റമല്ലെങ്കിലും മിതത്വം പ്രതീക്ഷിച്ചിരുന്നു. ആഗോള രാഷ്ട്രീയ സംഭവങ്ങളോട്, വിശിഷ്യ തെക്കേ അമേരിക്കയിലെ രാഷ്ട്രീയ സംഭവവികാസങ്ങളോടുള്ള ബെെഡന്‍ ഭരണകൂടത്തിന്റെ സമീപനങ്ങള്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്താണെന്ന് തെളിയിക്കുന്നു. അതിന്റെ ഏറ്റവും പുതിയ തെളിവാണ് നിക്കാരഗ്വയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലത്തോടുള്ള ബെെഡന്‍ ഭരണകൂടത്തിന്റെ പ്രതികരണം. അത് നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡാനിയല്‍ ഓര്‍ട്ടേഗയോടുള്ള യുഎസ് ഭരണകൂട സമീപനത്തിന്റെ പ്രശ്നം മാത്രമല്ല, മറിച്ച് തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങളോടുള്ള യുഎസ് നയത്തിന്റെ ആകെ പ്രശ്നമാണ്. തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങളിലെ ഭൂമി, കാര്‍ഷിക സമ്പദ്ഘടന, പ്രകൃതിവിഭവങ്ങള്‍ എന്നിവയുടെ സമ്പൂര്‍ണ നിയന്ത്രണമാണ് ആ രാജ്യങ്ങളോടുള്ള യുഎസ് നയസമീപനങ്ങള്‍ നിര്‍ണയിക്കുന്നത്. യുഎസ് കോര്‍പറേറ്റ് ചൂഷണത്തിന് എല്ലാ ഒത്താശകളും ചെയ്തുകൊടുത്തിരുന്ന അനസ്താസ്യോ സൊമോസയെ അധികാരത്തില്‍ നിന്നു പുറത്താക്കിയാണ് ഒര്‍ട്ടേഗയുടെ നേതൃത്വത്തില്‍ സാന്‍ഡിനിസ്റ്റ ദേശീയ വിമോചന മുന്നണി (എഫ്എസ്എല്‍എന്‍) അധികാരത്തില്‍ വന്നത്. എണ്‍പതിനായിരത്തിലധികം നിക്കാരഗ്വന്‍ പൗരന്മാരെ അരുംകൊല ചെയ്ത സൊമോസ ഭീകരവാഴ്ചയെ ചെല്ലും ചെലവും നല്കി സംരക്ഷിച്ചു പോന്നത് യുഎസ് ഭരണകൂടവും സിഐഎയും ആയിരുന്നു. തുടര്‍ന്ന് അധികാരത്തിലേറിയ സാന്‍ഡിനിസ്റ്റാ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ‘കോണ്‍ട്ര’ പ്രതിവിപ്ലവകാരികള്‍ക്ക് ആയുധവും പണവും പരിശീലനവും നല്കിയത് മറ്റാരും ആയിരുന്നില്ല. താല്‍ക്കാലിക തിരിച്ചടികളെ അതിജീവിച്ച് സാന്‍ഡിനിസ്റ്റകള്‍ തങ്ങളുടെ വിപ്ലവ നേട്ടങ്ങള്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നത് യുഎസ് താല്പര്യങ്ങള്‍ക്ക് എതിരാണ്.

 


ഇതുകൂടി വായിക്കൂ: ആഗോളതാപനം: പ്രധാനമന്ത്രി തിരുത്തലുകൾക്ക് തയാറാകുമോ?


 

ക്യൂബ, നിക്കാരഗ്വ, വെനസ്വേല, ബൊളീവിയ, പെറു, അര്‍ജന്റീന, മെക്സിക്കോ തുടങ്ങിയ തെക്കേ അമേരിക്കന്‍, കരീബിയന്‍ രാഷ്ട്രങ്ങളിലെ ഇടതു-പുരോഗമന-ജനാധിപത്യ ഗവണ്മെന്റുകളെയും ശക്തികളെയും ജനാധിപത്യത്തിന്റെ പേരിലാണ് യുഎസ് എ­തിര്‍ക്കുന്നതും അ‍ട്ടിമറിക്കാനും തകര്‍ക്കാനും ശ്ര­മിക്കുന്നത്. അതേസമയം ആ മേഖലയിലെ സ്വേഛാധിപത്യ ഭീകര ഭരണകൂടങ്ങളെ അവര്‍ പിന്തുണക്കുകയും ജനാധിപത്യ വിരുദ്ധ അട്ടിമറികള്‍ക്ക് ചട്ടുകങ്ങളായി ഉപയോഗിക്കുകയും ചെ­യ്യുന്നു. നിക്കാരഗ്വക്ക് എ­തിരായ അട്ടിമറിയുടെ ആ­സ്ഥാനമായി വര്‍ത്തിക്കുന്ന ഹോണ്ടുറാസില്‍ ഭരണം കയ്യാളുന്നത് 2009­ല്‍ പട്ടാള അട്ടിമറിയിലൂടെ അവിടത്തെ പു­രോഗമന ഭരണകൂടത്തെ യുഎസ് പിന്തുണയോടെ അട്ടിമറിച്ച ജുവാന്‍ ഒര്‍ലാന്‍ഡോ ഫെര്‍ണാണ്ടസാണ്. അയാളുടെ സഹോദരന്‍ കൊക്കയ്ന്‍ മയക്കുമരുന്നു കടത്തില്‍ മുപ്പതു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് യുഎസ് ജയിലില്‍ കഴിയുന്ന ആളാണെന്നതും ശ്രദ്ധേയമാണ്. വെനസ്വേലക്കെതിരായ അട്ടിമറിയുടെ കേന്ദ്രം കൊളംബിയ ആണ്. ലോകത്തെ കൊക്കയ്ന്‍ കടത്തിന്റെ 75 ശതമാനവും നിര്‍വഹിക്കുന്നത് അവരാണ്. യുഎസിന്റെ തെക്കേ അമേരിക്കന്‍ രാഷ്ട്രീയ അട്ടിമറി പ്രവര്‍ത്തനങ്ങളുടെ ഉറ്റ പങ്കാളികളാണ് ഇരു രാജ്യങ്ങളിലെയും അവിടത്തെ ഭരണകൂടങ്ങള്‍. ബ്രസീലിലെ പുരോഗമന ജനാധിപത്യ വര്‍ക്കേഴ്സ് പാര്‍ട്ടിയെ അട്ടിമറിയിലൂടെ അധികാര ഭ്രഷ്ടാക്കിയ ജെയ്ര്‍ ബൊള്‍സനാരൊയുടെ പിന്‍ബലവും യുഎസ് ഭരണകൂടം തന്നെ. അവയെല്ലാം വിരല്‍ചൂണ്ടുന്നത് യുഎസിന്റെ ജനാധിപത്യ ഉല്‍ക്കണ്ഠകളുടെ യോഗ്യതയിലേക്കാണ്.

 


ഇതുകൂടി വായിക്കൂ: ആഗോളവൽക്കരണത്തിനെതിരായ ഇടതുബദലിന് സ്വീകാര്യത കൂടുന്നു :ബിനോയ് വിശ്വം


 

ഓര്‍‍ട്ടേഗ തന്റെ പ്രതിയോഗികളെ തടവിലാക്കിയെന്ന ആരോപണം മുഖ്യധാരാ കോര്‍പറേറ്റ് മാധ്യമലോകം വ്യാപകമായി കൊണ്ടാടുകയാണ്. അത്തരത്തില്‍ തടവിലാക്കപ്പെട്ടുവെന്ന് കോര്‍പറേറ്റ് മാധ്യമങ്ങള്‍ ആരോപിക്കുന്ന ക്രിസ്റ്റീന ചമാറോ എന്ന വനിത തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികപോലും സമര്‍പ്പിച്ചിരുന്നില്ല. ‘ലാ പ്രെന്‍സ’ എന്ന പത്രത്തിന്റെ ഉടമയായ അവര്‍ സിഐഎയുടെ സാമ്പത്തിക സഹായത്തോടെയാണ് അത് ആരംഭിച്ചതെന്ന വസ്തുത തെക്കേ അമേരിക്കന്‍ സ്വതന്ത്ര മാധ്യമങ്ങള്‍ തുറന്നുകാട്ടുന്നു. മൂന്നൂറിലധികം നിക്കാരഗ്വന്‍ പൗരന്മാരുടെ കൂട്ടക്കൊലക്ക് കാരണമായ 2018ലെ അട്ടിമറിക്ക് നേതൃത്വം നല്കിയതും അവരാണ്. നിക്കാരഗ്വയിലെ തെരഞ്ഞെടുപ്പിന്റെ ജനാധിപത്യരാഹിത്യത്തെപ്പറ്റി വിലപിക്കുന്ന യുഎസ്, പാശ്ചാത്യ ശക്തികളുടെ കെെകള്‍ ജനാധിപത്യ ധ്വംസനത്തിന്റെ രക്തത്താല്‍ പങ്കിലമാണ്.

You may also like this video;

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.