കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ ആധികാരികമായി തന്നെ നിഖാത് സരീന്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. വനിതകളുടെ 50 കിലോ വിഭാഗത്തില്‍ ജര്‍മ്മനിയുടെ മാക്‌സി ക്ലോറ്റ്‌സറിനെയാണ് സരീന്‍ പരാജയപ്പെടുത്തിയത്. 5–0 എന്ന സ്കോറിനാണ് രണ്ടുതവണ ലോക ചാമ്പ്യനായ സരീന്റെ മുന്നേറ്റം. നാളെ നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചൈനയുടെ വു യുവിനെയാണ് സരീന്‍ നേരിടുന്നത്. ബോക്സിങ്ങില്‍ ഇന്ത്യന്‍ ഇതിഹാസതാരമായ മേരി കോമിന് ശേഷം രാജ്യം മെഡല്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചിരിക്കുന്നത് നിഖാത് സരിനില്‍ ആണ്. 2022, 2023 ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഫ്ലൈ വെയ്റ്റ് വിഭാഗത്തില്‍ തുടര്‍ച്ചയായി സ്വര്‍ണമണിഞ്ഞതോടെ ഏറ്റവും കുറഞ്ഞത് വെള്ളി മെഡല്‍ എങ്കിലും സരീന്‍ രാജ്യത്തേയ്ക്ക് എത്തിക്കുമെന്നാണ് കായിക പ്രേമികള്‍ ഉറച്ച് വിശ്വസിക്കുന്നത്. ഇന്ത്യയില്‍ പട്യാലയിലും തുടര്‍ന്ന് ജര്‍മ്മനിയിലും കഠിന പരിശീലനം നടത്തി കഴിവുകള്‍ തേച്ച് മിനുക്കി രണ്ടും കല്പിച്ചാണ് സരീന്‍ പാരിസില്‍ വിമാനം ഇറങ്ങിയിരിക്കുന്നത്.
2011ല്‍ ബോക്‌സിങ് റിങ്ങില്‍ അത്ഭതങ്ങള്‍ കാട്ടി തുടങ്ങിയ നിഖാത് സരിനിലെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞത് പിതാവാണ്. തെലങ്കാനയിലെ നിസാമബാദില്‍ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ച നിഖാതിന് ബോക്സിങ് സ്വപ്‌നം കാണാന്‍ പോലും സാധിക്കുമായിരുന്നില്ല. ബോക്സര്‍ കൂടിയായ അച്ഛന്‍ മൊഹമ്മദ് ജമീല്‍ അഹ്‌മദ് മകളില്‍ ഒരു ബോക്‌സര്‍ ഉണ്ടെന്ന് വൈകിയാണ് അറിയുന്നത്. സമൂഹത്തില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുമെന്ന് അറിയാമായിരുന്നിട്ടും മകളുടെ ആഗ്രഹത്തിന് പിതാവ് വഴങ്ങുകയായിരുന്നു. ഇന്ന് വിമര്‍ശിക്കുന്നവരെ ആരാധകരാക്കുവാന്‍ റിങ്ങില്‍ വിജയങ്ങള്‍ നേടിയാല്‍ മാത്രം മതി എന്നാണ് പിതാവ് നല്‍കിയ ഉപദേശം. നിസാമാബാദ് നഗരത്തിന്റെ അംബാസിഡര്‍ പദവിയിലാണ് ഇന്ന് ഈ 28കാരി. തന്റെ 15-ാമത്തെ വയസില്‍ തുര്‍ക്കിയില്‍ നടന്ന യൂത്ത് ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എതിരാളിയെ ഇടിച്ചു നിലത്തിട്ട് തുടങ്ങിയ നിഖാതിന്റെ യാത്ര പാരിസ് വരെ എത്തി നില്‍ക്കുകയാണ്.
2022ല്‍ ഫ്ലൈ വെയ്റ്റ് വിഭാഗത്തില്‍ ലോക ബോക്സിങ് കിരീടം ഇടിച്ചെടുത്ത നിഖാത് ആ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിത എന്ന സ്ഥാനമാണ് സ്വന്തമാക്കിയത്. മേരി കോമിന് ശേഷം വിദേശത്ത് ഈ നേട്ടത്തിലെത്തുന്ന ആദ്യ വനിത എന്ന റെക്കോഡും സരീന്റെ പേരിലാണ്. 2023ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും നിഖാത് സ്വര്‍ണം ഇടിച്ചെടുത്തതോടെ പാരിസ് ഒളിമ്പിക്സ് റിങ്ങില്‍ ഒരു സ്വര്‍ണം ഇന്ത്യ ഉറപ്പിക്കുന്നുണ്ട്. ടോക്യോ ഒളിമ്പിക്സില്‍ വലിയ നേട്ടമൊന്നും ഉണ്ടാക്കാനാകാതെ ഇന്ത്യന്‍ ബോക്സിങ് സംഘത്തിന് മടങ്ങേണ്ടി വന്നിരുന്നു. എന്നാല അന്ന് മുതല്‍ ഇന്നുവരെ പാരിസ് ഒളിമ്പിക്സിനുള്ള ഒരുക്കം തുടങ്ങിയെന്ന് നിഖാത് സരീന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിനായി പാരിസില്‍ ഒരു സ്വര്‍ണമെഡല്‍ നേടുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യമങ്ങളില്‍ കുറിച്ച സരീന്‍ പ്രാഥമിക കടമ്പയാണ് കടന്നിരിക്കുന്നത്. കാത്തിരിക്കുന്നത് വലിയ എതിരാളികളാണ്. എങ്കിലും സുവര്‍ണ പ്രതീക്ഷയില്‍ നിഖാത് സരീന്‍ മുന്നോട്ട് പോകുമ്പോള്‍ ശുഭ വാര്‍ത്തകേള്‍ക്കാന്‍ ഒരു രാജ്യം കാത്ത് നില്‍ക്കുകയാണ്.
English Summary: Nikhat Zareen started his journey to golden glow
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.