9 December 2025, Tuesday

Related news

December 9, 2025
December 9, 2025
December 7, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 4, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം : കോണ്‍ഗ്രസില്‍ സതീശവിരുദ്ധ ക്യാമ്പ് സജീവമാകുന്നു

Janayugom Webdesk
തിരുവനന്തപുരം
June 25, 2025 11:35 am

നിലമ്പൂര്‍ ഉപതെര‍ഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചെങ്കിലും കോണ്‍ഗ്രസില്‍ ഇതു വലിയ വിവാദത്തിന് വഴിയായിരിക്കുന്നു. പി വി അന്‍വര്‍ പിടിച്ച ഇരുപതിനായിരത്തില്‍പ്പരം വോട്ടിനെ ചൊല്ലിയുള്ള തര്‍ക്കവും ഉയരുകയാണ്. കോണ്‍ഗ്രസ് ഭൂരിപക്ഷ‑ന്യൂനപക്ഷ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിച്ചതിന്റെ പരിണിതഫലമാണ് നിലമ്പൂരിലെ വിജയം . ഇതു കോണ്‍ഗ്രസിലെ മതേതര നിലപാടുള്ള പ്രവര്‍ത്തകരില്‍ വന്‍ പ്രതിഷേധവും ശക്തമാണ്. പലജില്ലകളിലും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പാര്‍ട്ടി വിടുന്ന സാഹചര്യവും ഉണ്ടായി. ഉപതെരഞെടുപ്പില്‍ ഭരണവിരുദ്ധവികാരം ഉണ്ടാകുമെന്ന് അന്‍വറും, യുഡിഎഫും പറഞ്ഞിരിന്നെങ്കിലും വോട്ടിംങില്‍ അതുഒട്ടും കണ്ടില്ല. വര്‍ഗ്ഗീയതയെ പരസ്യമായി കൂട്ടു പിടിച്ചിട്ടും സ്ഥാനാര്‍ത്ഥിക്ക് ഭൂരിപക്ഷം കുറഞ്ഞിരിക്കുകയാണ്. 

പി വി അൻവർ, യു ഡിഎഫിനൊപ്പം ഉറച്ചു നിന്ന് സർക്കാരിനെതിരെ ഉണ്ടായില്ലാ വെടി പൊട്ടിക്കുകയായിരുന്നു. വ്യക്തമായ തെളുവുകള്‍ ഇല്ലാതെ വായില്‍ തോന്നതു പറയുകയല്ലാതെ അന്‍വറിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സര്‍ക്കാരിനെതിരെ അന്‍വര്‍ നടത്തിയ വ്യക്തതയില്ലാത്ത ആരോപണങ്ങള്‍ക്ക് യുഡിഎഫ് പിന്തുണ നല്‍കുകയായിരുന്ന. എന്നാൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിതിനു ശേഷം അന്‍വറിനെ യുഡിഎഫ് പരിഗണിച്ചില്ല. പി വി അൻവറിനെ യു ഡി എഫിൽ അസോസിയേറ്റ് അം​ഗമാക്കാമെന്നുള്ള ഉറപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കം അൻവറി​ന്റെ സ്ഥാനാർത്ഥിത്വത്തില്‍ എത്തി.

അൻവറിനെ ഒഴിവാക്കരുതെന്നും അത് കോൺ​ഗ്രസിന് ലഭിക്കാവുന്ന ജയത്തി​ന്റെ തിളക്കം കുറയ്ക്കുമെന്നും ഒരു വിഭാഗം കോൺ​ഗ്രസ്, ലീ​ഗ് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരയെയാണ് വിരല്‍ ചൂണ്ടുന്നത്. യു ഡി എഫിൽ നിന്ന് അൻവറിന് വോട്ട് കിട്ടാൻ സാധ്യതയുള്ള ഏകപ്രദേശം വഴിക്കടവ് പഞ്ചായത്താണ്. ലീ​ഗി​ന്റെ കോട്ടയാണെങ്കിലും അവിടെ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലെന്ന പോലെ ഈ തെരഞ്ഞെടുപ്പിലും അൻവർ മോശമല്ലാത്ത വോട്ട് നേടി. അൻവറിന് അവിടെയുള്ള വ്യക്തിപരമായ ബന്ധമായിരുന്നു അതിന് അടിസ്ഥാനം. അതുപക്ഷേ, ആര്യാടൻ ഷൗക്കത്തിന് അവിടെ ഭൂരിപക്ഷം നേടുന്നതിന് തടസ്സമായില്ലെന്ന് ലീ​ഗ് നേതാക്കൾ പറയുന്നു.അൻവർ പിടിച്ചത്, 19,946 വോട്ട് ആണ്. അൻവർ യു ഡി എഫിനൊപ്പം നിന്നിരുന്നുവെങ്കിൽ ഇപ്പോൾ ലഭിച്ചതിനേക്കാൾ 17,000 മുതൽ 19,000 വോട്ട് വരെ കൂടുതൽ ഭൂരിപക്ഷം യു ഡി എഫിന് ലഭിക്കുമായിരുന്നു എന്നും ആര്യാടൻ മുഹമ്മദ് നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്തിന് വിജയിക്കാനുമായിരുന്നുവെന്നും സതീശന്‍ വിരുദ്ധ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

കോൺ​ഗ്രസ് കേരളത്തിൽ 100 സീറ്റ് നേടി അധികാരത്തിലെത്തിയ 2001 ലാണ് നിലമ്പൂരിൽ ആര്യാടൻ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയത്. 21,620 വോട്ട്. ഇടതുപക്ഷം 2006 ൽ വലിയ തരം​ഗത്തിൽ ജയിച്ചപ്പോഴും ആര്യാടൻ മുഹമ്മദി​ന്റെ ഭൂരിപക്ഷം 18,000 ആയിരുന്നു. മണ്ഡലത്തി​ന്റെ ഭൂമിശാസ്ത്രം മാറിയിട്ടും 2011ലും അദ്ദേഹത്തിന് അയ്യായിരത്തിലേറെ ഭൂരിപക്ഷം നേടാനായി. ഇതെല്ലാം മറികടന്നുള്ള വിജയത്തിളക്കം ഷൗക്കത്തിനും യു ഡി എഫിനും കിട്ടുമായിരന്നു, അൻവർ കൂടെയുണ്ടായിരുന്നുവെങ്കിൽ എന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ടാണ് കെ പി സി സി പ്രസിഡ​ന്റ് സണ്ണിജോസഫ് അൻവറിന് മുന്നിൽ വാതിലുകൾ അടഞ്ഞിട്ടില്ല എന്ന് വ്യക്തമായി പറഞ്ഞത്. അതായത് അൻവറി​ന്റെ കാര്യത്തിൽ സതീശൻ സ്വീകരിച്ച കടുംപിടുത്തം തെറ്റായിപ്പോയി എന്ന് തന്നെയാണ് കോൺ​ഗ്രസ്, ലീ​ഗ് നേതാക്കൾക്കുള്ള അഭിപ്രായം. 

അൻവർ പിടിച്ച വോട്ടുകൾ സതീശ​ന്റെ നിലപാട് തെറ്റായിരുന്നുവെന്നു തന്നെയാണ് വ്യക്തമാക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.പ്രതിപക്ഷ നേതാവ് നടത്തിയ നീക്കങ്ങളുണ്ടാക്കിയ പ്രതിസന്ധികളും പ്രശ്നങ്ങളുമൊക്കെ പരിഹരിച്ചത് കെപിസിസി പ്രസിഡ​ന്റും, യുഡിഎഫ് കൺവീനറുമാണെന്നു പാര്‍ട്ടിയില്‍ അഭിപ്രായം ശക്മാണ്.ഇതിലേറ്റവും വലിയ ഘടകമായി പ്രവർത്തിച്ചത് ലീ​ഗ് പ്രവർത്തകരും നേതാക്കളുമാണ്. അവർ താഴെത്തട്ടിൽ വളരെയധികം പണിയെടുത്തു. 

ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി ബന്ധവും അതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനകളും അത് മുസ്ലിം സമുദായത്തിൽ സൃഷ്ടിച്ച പ്രശ്നങ്ങളും മാറ്റാൻ ലീ​ഗ് അണികൾ നടത്തിയ പ്രവർത്തനമാണ് ഷൗക്കത്തിനെ വിജയിപ്പിച്ചത്. ലീഗിനെ പോലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിയില്‍ സംസാരം ഉയുരുന്നു.അൻവറിനെ യുഡിഎഫിനൊപ്പം കൂട്ടാന്‍ താനും പി കെ കുഞ്ഞാലിക്കുട്ടിയും അവസാനം വരെ ശ്രമിച്ചിരുന്നതായും ചെന്നിത്തലയുടെ വെളിപ്പെടുത്തലും സതീശനെതിരെ നേതാക്കള്‍ രംഗത്തു വരാന്‍ സാധ്യത ഏറുന്നു. ഇതിനായി താന്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തിയിന്നതായും ചെന്നിത്തല പറയുന്നു. എന്നാല്‍ ശ്രമം നടക്കാതെ പോയി എന്നും അദ്ദേഹം വ്യക്തമാക്കി.

ഈ തെരഞ്ഞെടുപ്പ് ജയം സ്വന്തമാക്കാനാണ് സതീശൻ ആദ്യം മുതൽ നടത്തിയ ശ്രമങ്ങളെന്ന ആരോപണം കോൺ​ഗ്രസിനുള്ളിൽ തന്നെ പുകയുന്നുണ്ട്. ഇതുകൊണ്ടാണ് ചെന്നിത്തല തെരഞ്ഞെടുപ്പ് ജയവും പരാജയവും ഒരു വ്യക്തിയുടേതല്ല എന്ന് വ്യക്തമാക്കിയത്. കെപിസിസി പ്രസിഡന്റ് സണ്ണിജോസഫും ഇക്കാര്യം മറ്റൊരു രീതിയിലും പറഞ്ഞത്. സതീശനിസം എന്നൊന്നില്ല എന്ന് കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടതും നിലമ്പൂരിലെ ക്രെഡിറ്റ് ഒരാൾ കൊണ്ടുപോകുന്നത് അനുവദിക്കാൻ പറ്റില്ലെന്ന നിലപാടിൽ നിന്നാണ്.

തൃക്കാക്കര, പുതുപള്ളി, പാലക്കാട് സിറ്റിങ് സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പുകളിൽ കൈവരിച്ച വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാല്‍ നിലമ്പുിരിലുണ്ടായ വിജയം കോണ്‍ഗ്രസില്‍ വന്‍ തര്‍ക്കത്തിനാണ് വഴിതെളിഞ്ഞിരിക്കുന്നത്.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പ്രചാരണവും തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കലും ഒടുവില്‍ ഫല പ്രഖ്യാപനം കഴിയുമ്പോൾ കാണുന്നത് കോണ്‍ഗ്രസിലും യുഡിഎഫിലും സതീശനുണ്ടായിരുന്ന ഏകപക്ഷീയ മേല്‍ക്കെയില്‍ മാറ്റം വന്നു എന്നതാണ്.

എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിജയം ’ ടീം യുഡിഎഫി‘ന്റേത് എന്ന് സതീശന്റെ വാക്കുകൾ അതിന്റെ വ്യക്തമായ സൂചനയാണ്. തൃക്കാക്കരയും പുതുപള്ളിയും പാലക്കാടുമല്ല നിലമ്പൂര്‍ എന്ന് കൂടി കാട്ടി വിജയത്തിന്റെ ചുക്കാന്‍ തങ്ങൾക്കാണെന്ന് തെളിയിച്ച് മുസ്‌ലീം ലീഗും ശക്തികാട്ടി. വാക്കുകള്‍ സതീശന്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ശ്രദ്ധവേണമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും, ലീഗ് നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. അന്‍വര്‍ വിഷയത്തിലും പരേതനായ മുന്‍ കോണ്‍ഗ്രസ് നേതാവും കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥിയുമായിരുന്ന വിവി പ്രകാശിന്റെ വീട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദര്‍ശിക്കുന്നതുമായി ബന്ധപെട്ടും നടത്തിയ സതീശന്റ പ്രതികരണവും വിവാദമായികൊണ്ടിരിക്കുകയാണ് 

സതീശന്റെ അനാവശ്യ പിടിവാശിയും, എടുത്തു ചാട്ടവും മുസ്‌ലീം ലീഗ് പോലെ സുപ്രധാന ഘടകക്ഷിയുടെ നേതാക്കളുടെ മധ്യസ്ഥ ശ്രമങ്ങളെ തള്ളിയതും സതീശന് പ്രതികൂലമായി മാറി.സതീശന്‍ അനുകൂലികളായ യുവ നേതാക്കളുടെ റീല്‍ രാഷ്ട്രീയത്തിന് എതിരെ ഗ്രൂപ്പ് ഭേദമന്യേ നേതാക്കള്‍ പ്രതികരിച്ചിരിക്കുകയാണ്.വരും ദിവസങ്ങളിലെ കെപിസിസി പുനഃസംഘടനയിലും തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നതാകും നിലമ്പൂര്‍ വിജയവും കോണ്‍ഗ്രസിനകത്തെ സമവാക്യങ്ങളിലെ മാറ്റവും.നിലമ്പൂരില്‍ അന്‍വറിന് ലഭിച്ച 19690 വോട്ട് എന്നത് വരും ദിവസങ്ങളില്‍ യുഡിഎഫില്‍ ചര്‍ച്ചയാവുമെന്നത് ഉറപ്പാണ്, അത് സതീശന് ഇഷ്ടമായാലും ഇല്ലെങ്കിലും.

കോണ്‍ഗ്രസിനോട് വിലപേശിയ അന്‍വറല്ല നിലമ്പൂർ ഫലം വന്ന ശേഷം ഉള്ളതെന്ന് യുഡിഎഫ് തിരിച്ചറിയുന്നു. സതീശന്റയും ഒപ്പം നില്‍ക്കുന്ന വിഭാഗത്തിന്റെയും ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ കോൺഗ്രസിലും യു ഡി എഫിലും നടന്ന വിജയകരമായ വിപ്ലവം കൂടിയായിരുന്നു നിലമ്പൂര്‍ തെരഞ്ഞെടുപ്പിനിടയിൽ സംഭവിച്ചത്. ഈ പരിസമാപ്തിയിലാണ് സതീശനിസം എന്നൊന്നില്ല എന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഫല പ്രഖ്യാപന ശേഷം അന്‍വറിന്റെ അധ്യായത്തില്‍ വാതില്‍ അടഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രമേശും അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വണ്ണം പ്രഖ്യാപിച്ചതും. വിഡി സതീശന്റ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്ക് തടയിടുന്നതായി മാറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.