യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറെന്ന് അറിയിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിനിടെയാണ് മുതിർന്ന ഇറാൻ വിദേശകാര്യ ഉദ്യോഗസ്ഥൻ നിലപാട് വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയിരുന്നു.
നിമിഷപ്രിയയുടെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞെന്നും കുടുംബത്തിന് എല്ലാവിധ സഹായവും നൽകുമെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ നേരത്തേ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് റാഷിദ് അൽ അലിമി അനുമതി നൽകിയെന്ന വാർത്ത പുറത്തുവന്ന സാഹചര്യത്തിലാണു കേന്ദ്രത്തിന്റെ ഇടപെടൽ. തലാൽ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനായിലെ ജയിലിൽ 2017 മുതൽ കഴിയുകയാണു പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ.
വധശിക്ഷ ഒരു മാസത്തിനകം നടപ്പാകുമെന്നാണു വിവരം. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വർഷം ഏപ്രിൽ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ 2 തവണ മകളെ ജയിലിൽചെന്നു കാണാൻ സാധിച്ചു. 2015 ൽ സനായിൽ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവർത്തകയുമായി ചേർന്നു തലാലിനെ വധിച്ചെന്ന കേസിൽ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.