5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 1, 2024
October 30, 2024
October 30, 2024
October 29, 2024
October 28, 2024
October 27, 2024
October 27, 2024
October 23, 2024
October 23, 2024
October 22, 2024

രണ്ടു സാമ്പത്തിക കുറ്റകൃത്യങ്ങള്‍

Janayugom Webdesk
June 19, 2023 5:00 am

നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിനുശേഷം നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടന എത്രത്തോളം അരാജകത്വവും കെടുകാര്യസ്ഥതയും നിറഞ്ഞതാണെന്ന് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. 2016 നവംബറിലെ നോട്ടു നിരോധനവും 2017 ജൂലൈ ഒന്നുമുതല്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതി പരിഷ്കരണവും അതിന്റെ ഉത്തമോദാഹരണങ്ങളായിരുന്നു. ആ രണ്ടു നടപടികളുടെയും പ്രത്യാഘാതം ഇന്നും പൗരസമൂഹവും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ലോകത്തെ സമ്പന്നശക്തിയായി ഇന്ത്യ മാറുന്നുവെന്ന സ്വയം മേനിനടിക്കല്‍ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതിനിടയിലാണ് സമ്പദ്ഘടനയില്‍ നിന്ന് കാണാതെ പോയ 88,000 കോടി രൂപയെ കുറിച്ചും ബാങ്കുകളില്‍ നിന്ന് നഷ്ടമായ 12 ലക്ഷം കോടി രൂപയെ കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിലെ വിനിമയത്തിനായി അച്ചടിച്ച 500 രൂപ നോട്ടുകള്‍ കാണാതായതിലൂടെയാണ് 88,000 കോടി രൂപ നഷ്ടമായത്. രാജ്യത്തെ വിനിമയത്തിനായി തോന്നിയതുപോലെ നോട്ടുകള്‍ അച്ചടിക്കുന്നത്, റിസര്‍വ് ബാങ്കിനായാല്‍ പോലും അനുവദനീയമല്ല. ചരക്കുകളുടെയും സേവനങ്ങളുടെയും ഉല്പാദനം, വില്പന എന്നിവയ്ക്കാവശ്യമായ നോട്ടുകളാണ് ഓരോ ഘട്ടത്തിലും അച്ചടിക്കുന്നതിന് സാധിക്കുക. അതുതന്നെ വരവ്, ചെലവ്, ഇറക്കുമതി, കയറ്റുമതി, കരുതല്‍ധനം എന്നിവയുടെ അനുപാതം പരിഗണിച്ചു മാത്രമേ പാടുള്ളൂ എന്ന് വ്യവസ്ഥകളുണ്ട്. കൂടുതല്‍ നോട്ടുകള്‍ അച്ചടിക്കുന്നതിന് അനുവദിക്കാത്തത് രാജ്യത്ത് പണപ്പെരുപ്പത്തിനും രൂപയുടെ മൂല്യശോഷണത്തിനും കാരണമാകുമെന്നതുകൊണ്ടുകൂടിയാണ്. അങ്ങനെ വളരെ കരുതലോടെ മാത്രം ചെയ്യേണ്ടതാണ് നോട്ടുകളുടെ അച്ചടിയും വിതരണവും.

അച്ചടിച്ച് പുറത്തിറക്കുന്ന നോട്ടുകള്‍ ഏതെല്ലാം മേഖലകളിലേക്കാണ് വിനിയോഗിക്കപ്പെടുന്നത് എന്നതിനും വ്യക്തമായ മാനദണ്ഡങ്ങളും കണക്കുകളുമുണ്ടായിരിക്കണം. ഇങ്ങനെ കര്‍ശനമായ നിയന്ത്രണങ്ങളും നിയതമായ വ്യവസ്ഥകളും നിലനില്‍ക്കുമ്പോഴാണ് അച്ചടിച്ച നോട്ടുകള്‍ കാണാതായി എന്ന ഗുരുതരമായ വീഴ്ച സംഭവിച്ച വിവരം പുറത്തുവന്നിരിക്കുന്നത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷമുള്ള രണ്ടാം വര്‍ഷം അതായത് 2015–2016 സാമ്പത്തിക വര്‍ഷത്തിലാണ് ഭീമമായ തുക കാണാതായത് എന്നാണ് വിവരാവകാശ നിയമപ്രകാരം വ്യക്തമായിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ പ്രസുകളിലായി 500 രൂപയുടെ 88.11 കോടി നോട്ടുകള്‍ അച്ചടിച്ചുവെന്നും അതില്‍ 72.60 കോടി നോട്ടുകള്‍ മാത്രമേ റിസര്‍വ് ബാങ്കിലെത്തിയുള്ളൂ എന്നുമാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. അവശേഷിക്കുന്ന 17.61 കോടി നോട്ടുകള്‍ അതായത് മൂല്യം കണക്കാക്കിയാല്‍ 88,032.50 കോടി രൂപയാണ് അപ്രത്യക്ഷമായിരിക്കുന്നത്. ബംഗളൂരുവിലെ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ ലിമിറ്റഡ്, നാസികിലെ കറൻസി നോട്ട് പ്രസ്, ദേവാസിലെ ബാങ്ക് നോട്ട് പ്രസ് എന്നീ സര്‍ക്കാര്‍ പ്രസുകളിലായാണ് നോട്ടുകള്‍ അച്ചടിക്കുന്നത്. ഇവയാണ് റിസര്‍വ് ബാങ്കിലേക്ക് നല്‍കുന്നത്. ഈ മൂന്ന് പ്രസുകളില്‍ അച്ചടിച്ച നോട്ടുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന് ലഭിച്ചില്ലെന്നത് ഗുരുതരമായ സംഭവമാണ്. ഇതോടൊപ്പമാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നമ്മുടെ ബാങ്കുകള്‍ വന്‍കിടക്കാരുടെ കിട്ടാക്കടം എഴുതിത്തള്ളിയ വകയില്‍ 12.10 ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തിയെന്ന വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: കേന്ദ്രത്തിന്റേത് ശത്രുരാജ്യത്തോടുള്ള സമീപനം


ദ വയര്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് കേന്ദ്ര ധനവകുപ്പ് സഹമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് 2013–14നും 2022 ഡിസംബര്‍ 31 നുമിടയില്‍ ഇത്രയും തുക നഷ്ടമായി എന്ന് അറിയിച്ചത്. അതേസമയം ഇത്രയധികം തുക നമ്മുടെ ബാങ്കുകളെ വഞ്ചിച്ച് കൈക്കലാക്കിയവര്‍ക്കെതിരെ എന്തെങ്കിലും നടപടിക്ക് കേന്ദ്രം സന്നദ്ധമാകുന്നുമില്ല. ഈ രണ്ടു സംഖ്യകളും ചേര്‍ന്നാണ് ഒമ്പതു വര്‍ഷത്തിനിടയില്‍ രാജ്യത്തിനു നഷ്ടമായത് 12.98 ലക്ഷം കോടി രൂപയാണെന്ന കണക്കിലെത്തിച്ചേരുന്നത്. ഇത് കേവലം കൈപ്പിഴയോ വീഴ്ചയോ ആയി കാണേണ്ടതല്ല. 2015 മുതല്‍ 2017 വരെയുള്ള കാലത്താണ് അച്ചടിച്ച 500 രൂപ നോട്ടുകള്‍ കാണാതായിരിക്കുന്നത്. വളരെ ഗൗരവത്തോടെ കാണേണ്ട കാലയളവാണിത്. ഇതിനിടയിലാണ് നോട്ടു നിരോധനം നടപ്പിലാക്കിയത്. കേന്ദ്ര‑സംസ്ഥാന സമ്പദ് വ്യവസ്ഥകളും ജനങ്ങള്‍ ആകെയും ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴാണിത്. എന്നുമാത്രമല്ല വാര്‍ത്ത പുറത്തുവിടുന്നതിന് മുമ്പ് ആര്‍ബിഐയുടെ പ്രതികരണം ആവര്‍ത്തിച്ച് തേടിയെങ്കിലും നല്‍കിയില്ല. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ നല്‍കിയ മറുപടിയാകട്ടെ സംശയം വര്‍ധിപ്പിക്കുന്നതുമായി. ആര്‍ബിഐക്ക് അച്ചടിച്ച് ലഭിച്ച നോട്ടുകളെല്ലാം കണക്കില്‍ വന്നിട്ടുണ്ടെന്നാണ് വിശദീകരണം. അച്ചടിക്കാനേല്പിച്ച നോട്ടുകളും ലഭിച്ച നോട്ടുകളും തമ്മിലുള്ള പൊരുത്തക്കേടുകളെ കുറിച്ച് മൗനം പാലിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ദുരൂഹത ബലപ്പെടുകയാണ്. ഇന്ത്യയുടെ ധനസ്ഥിതിയെ പാടെ തകര്‍ത്തതിന്റെ കാരണങ്ങളില്‍ ഭീമമായ ഈ തുക അപ്രത്യക്ഷമാകലിനെയും പരിഗണിക്കണം. പണപ്പെരുപ്പവും വിലക്കയറ്റവും പോലുള്ള ദുരിതങ്ങളുടെ ആഴം കൂടാന്‍ ഈ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇടയാക്കിയിട്ടുണ്ട്. ഇതെല്ലാം അഭിമുഖീകരിക്കുമ്പോഴും നിസംഗതയോടെയും ഒട്ടും മനഃപ്രയാസമില്ലാതെയും ഇപ്പോഴും സാമ്പത്തിക മുന്നേറ്റം അവകാശപ്പെടുന്ന, തുഗ്ലക് നയങ്ങളെ ന്യായീകരിക്കുന്ന കേന്ദ്ര സര്‍ക്കാരും അതിന്റെ രാഷ്ട്രീയ നേതൃത്വവും ഈ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.