19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 15, 2024
September 25, 2024
September 21, 2024
September 18, 2024
September 17, 2024
September 17, 2024
September 16, 2024
July 25, 2024
July 24, 2024
July 22, 2024

നിപ: ഡാറ്റാ ശേഖരണത്തിലും വിശകലനത്തിലും പിഴവുണ്ടാകുന്നതായി ലോകാരോഗ്യ സംഘടന

പ്രദീപ് ചന്ദ്രന്‍
കൊല്ലം
September 15, 2023 10:37 pm

കേരളത്തില്‍ നാലാം തവണയും നിപ രോഗബാധ ഭീതിയുണര്‍ത്തവേ ഇതുസംബന്ധിച്ച ഡാറ്റാ ശേഖരിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും പിഴവ് ആവര്‍ത്തിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന പഠനറിപ്പോര്‍ട്ട്. അതേസമയം കേരളത്തിന്റെ ആരോഗ്യമേഖലയുടെ ശക്തമായ ഇടപെടല്‍ മൂലമാണ് രോഗബാധ പെട്ടെന്ന് നിയന്ത്രിക്കാനായതെന്നും റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളും ബന്ധപ്പെട്ട ഏജന്‍സികളും സ്വകാര്യ ആരോഗ്യമേഖലയും രോഗ നിയന്ത്രണത്തില്‍ സജീവമായ പങ്കുവഹിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
2018 മേയ് 19ന് കോഴിക്കോട് ആദ്യമായി കേരളത്തില്‍ രോഗബാധയുണ്ടാവുകയും 17 പേര്‍ മരിക്കുകയും ചെയ്തതോടെ ഇത് സംബന്ധിച്ച് വിശദമായ അവലോകനം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഡബ്ല്യുഎച്ച്ഒയുടെ തെക്കുകിഴക്കന്‍ ഏഷ്യ ഘടകത്തോട് ആവശ്യപ്പെട്ടിരുന്നു. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, രോഗവ്യാപനവും നിരീക്ഷണവും, ഇടപെടലിന്റെ ഫലമായി രോഗസംക്രമണത്തിലുണ്ടാകുന്ന കുറവ് എന്നീ മൂന്ന് ഘടകങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ വിദഗ്ധരടങ്ങുന്ന സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലോകാരോഗ്യസംഘടനയുടെ സാങ്കേതിക സഹകരണത്തോടെയായിരുന്നു പഠനം.

ഫീല്‍ഡ് വിഭാഗം പ്രവര്‍ത്തകരുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ കുറവും ഡാറ്റാ വിശകലനം ചെയ്യുന്നതില്‍ വരുന്ന പാളിച്ചയും മരണസംഖ്യ കൂടാന്‍ കാരണമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഫലപ്രദമായ ചികിത്സ തക്കസമയത്ത് നല്‍കുന്നതിലുണ്ടായ പാളിച്ചയും രോഗതീവ്രത കൂട്ടാന്‍ ഇടയാക്കി. രോഗലക്ഷണങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരിലും സമൂഹത്തിലും എത്തിക്കാനുള്ള ബോധവല്‍ക്കരണത്തിന്റെ കുറവും കാര്യങ്ങള്‍ വഷളാക്കി. 

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് വവ്വാലുകളില്‍ നിന്ന് അപകടകാരികളായ വൈറസുകള്‍ പുറത്തുവരുന്നത്. ഇക്കാലയളവില്‍ ഇത് സംബന്ധിച്ച പരിശോധനകള്‍ തുലോം പരിമിതമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിൽ ഉണ്ടെന്ന് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ ആദ്യമായി നിപ രോഗബാധ സ്ഥിരീകരിച്ചത് പശ്ചിമ ബംഗാളിലാണെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് വൈറസിന്റെ അളവ് കൂടുതലെന്ന് കേന്ദ്ര ആരോഗ്യ ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള എൻഐവിയിലെ മാക്സിമം കണ്ടെയിൻമെന്റ് ലബോറട്ടറിയിലെ പരീക്ഷണങ്ങളിൽ നിന്ന് തെളിഞ്ഞു.

കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നിവിടങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വവ്വാലുകളിൽ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് നിപ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ തുടർച്ചയായ നിരീക്ഷണത്തിന്റെ ആവശ്യകത കണ്ടറിഞ്ഞാണ് ഇന്ത്യയൊട്ടാകെ സർവേ നടത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിക്ക് നിർദേശം നൽകിയത്.

Eng­lish Sum­ma­ry: Nipah: WHO says errors in data col­lec­tion and analysis

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.