‘എല്ലാവരും ഹോം വർക്കെടുക്കൂ… ’ സുജാത ടീച്ചർ പറഞ്ഞപാടെ കുട്ടികളെല്ലാം അമ്മയെക്കുറിച്ചെഴുതിയ കുറിപ്പുകളും കൊണ്ട് ടീച്ചർക്കടുത്തേക്ക് നടന്നു. അമ്മയുടെ സ്നേഹവും ത്യാഗവുമെല്ലാം നിറയുന്ന എഴുത്തുകൾ.
‘എല്ലാവരും സ്വന്തമായി എഴുതിയതാണോ. . ? ’ — ടീച്ചറുടെ ചോദ്യത്തിന് ഒന്നിച്ചുള്ള തലയാട്ടൽ.
‘ആരാ എഴുതാതെ വന്നത്… ’
സുജാത ടീച്ചർ തറപ്പിച്ച് ചോദിച്ചപ്പോൾ ആദ്യം പ്രതികരണമൊന്നും ഉണ്ടായില്ല. പിന്നെ മടിച്ചുമടിച്ചുകൊണ്ട് സാറ പതിയെ എഴുന്നേറ്റു.
‘എന്താ സാറാ എഴുതാഞ്ഞത്… ? ’
തലതാഴ്ത്തി നിന്ന സാറ ടീച്ചറെ അഭിമുഖീകരിക്കാനാവാതെ പകച്ചു. പിന്നെ കൈയ്യിലിരുന്ന കടലാസ് ടീച്ചർക്ക് നേരെ നീട്ടി.
‘അമ്മയ്ക്ക് ഇന്നലെ തീരെ വയ്യാണ്ടായി ടീച്ചർ.… എഴുതാൻ തുടങ്ങിയപ്പോഴാണ് അമ്മ വേദന കൊണ്ട് കരഞ്ഞത്. . പിന്നെയൊന്നും… ’
മഷി ഒലിച്ചിറങ്ങിയ കടലാസിൽ മുഴുമിപ്പിക്കാത്ത വാചകങ്ങൾ. സാറയുടെ കണ്ണു നിറഞ്ഞിരുന്നു. അവളുടെ അമ്മ ക്യാൻസർ ബാധിച്ച് കുറേ നാളുകളായി ചികിത്സയിലാണ്. അമ്മയ്ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തിട്ടാണ് അവൾ സ്കൂളിലേക്ക് വരാറുള്ളതെന്ന് ടീച്ചർക്കറിയാം. സുജാത ടീച്ചർ അവളുടെ ചുമലിൽ കൈവെച്ചു.
‘സാരമില്ല സാറാ… സമയം ഉള്ളപ്പോൾ എഴുതിയാൽ മതി… ’
ക്ലാസ് വിട്ട് പുറത്തേക്കിറങ്ങുമ്പോൾ മീര അടുത്തേക്ക് വന്നു.
‘സാറയ്ക്ക് എഴുതാൻ ബുദ്ധിമുട്ടാണെങ്കിൽ എന്നോട് പറഞ്ഞാൽ പോരായിരുന്നോ. . ഇപ്പോൾ എഴുതി കഷ്ടപ്പെടുകയൊന്നും വേണ്ട. . ഞാനിന്നലെ മമ്മിയോട് എഴുതിത്തരാൻ പറഞ്ഞതാ. . അപ്പം മമ്മിയ്ക്ക് വലിയ തിരക്ക്. . പിന്നെ ഞാൻ തന്നെയങ്ങ് ഉണ്ടാക്കി… എന്താ വേണ്ടതെന്ന് പറഞ്ഞാൽ പോരെ… ചാറ്റ് ജിപിടി ഉള്ളപ്പോൾ നമ്മളെന്തിന് ടെൻഷനടിക്കണം’
മീര പൊട്ടിച്ചിരിക്കെ അവളുടെ ബാഗിൽ നിന്ന് മൊബൈൽ ശബ്ദിച്ചു. ‘മൈ ഗോഡ്. . ഫോൺ സൈലന്റ് ആക്കാൻ മറന്നു. . ’
ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി അവൾ ഫോൺ കയ്യിലെടുത്തു.
’ ഹലോ മമ്മീ… ഞാനിവിടെ സ്കൂളിലാ ഉള്ളത്. ഇറങ്ങാൻ നോക്കുന്നു. . ’
ഫോൺ കട്ട് ചെയ്ത് മീര സാറയെ നോക്കി.
‘മമ്മിയാ വിളിച്ചത്. . ഇന്നെന്തോ തിരക്കുണ്ട്. . കുറച്ച് കഴിഞ്ഞേ വരുള്ളുവെന്ന്. . ഞാനും മേരിയും മാളിലേക്ക് പോവുകയാണ്. . സാറ വരുന്നോ… ’
അവൾ ഇല്ലെന്ന് തലയാട്ടി. പിന്നെ ബാഗുമെടുത്ത് സ്കൂൾ ഗേറ്റ് കടന്ന് വീട്ടിലേക്ക് നടന്നു. സാറ നടന്നുപോകുന്നത് മുറിയിലിരുന്ന് സുജാത ടീച്ചർ കണ്ടു. അവപ്പോൾ കുട്ടികളുടെ കുറിപ്പുകളിലൂടെ കണ്ണോടിക്കുകയായിരുന്നു. മനോഹരമായ ഭാഷയിൽ അമ്മയെക്കുറിച്ചെഴുതിയ കുറിപ്പുകൾ. എന്താണ് യാഥാർത്ഥ്യം. . ആരാണ് സത്യം. . അവരാകെ ആശയക്കുഴപ്പത്തിലായിരുന്നു. ഈ വിദ്യാലയവും കുട്ടികളുമെല്ലാം തന്റെ വെറും തോന്നൽ മാത്രമാണോ. താൻ തന്നെയും യാഥാർത്ഥ്യമാണോ എന്നറിയാതെ അവർ കുറിപ്പുകൾക്ക് മുമ്പിലിരുന്നു.
സന്ധ്യകഴിഞ്ഞപ്പോൾ സാറ മലവും മൂത്രവും ഒലിച്ചിറങ്ങിയ അമ്മയുടെ വസ്ത്രങ്ങൾ അലക്കി. കഞ്ഞി അടുപ്പത്ത് വേവുമ്പോൾ അവൾ അമ്മയെക്കുറിച്ച് എഴുതാൻ തുടങ്ങി. കഞ്ഞി സ്പൂണിൽ വായിലേക്ക് വെച്ചു കൊടുക്കുമ്പോൾ അവളെഴുതിയത് അമ്മയെ വായിച്ച് കേൾപ്പിച്ചു.
‘നന്നായിട്ടുണ്ട് മോളേ. . ’ അമ്മ വിറയാർന്ന സ്വരത്തിൽ പറഞ്ഞു.
പക്ഷെ സാറയ്ക്ക് തൃപ്തി വന്നില്ല. വേദന ഒലിച്ചിറങ്ങുന്ന തന്റെ ഭാഷയ്ക്ക് യന്ത്രഭാഷയുടെ ഭംഗിയില്ലെന്ന് അവൾക്ക് മനസ്സിലായി. കണ്ണീരിൽ കുതിർന്ന എഴുത്ത് അനാവശ്യമെന്ന് ഉറപ്പിച്ച അവൾ എഴുതിയതെല്ലാം കീറി നുറുക്കി അടുപ്പിലേക്കിട്ടശേഷം മീരയെ വിളിച്ചു.
‘മീരാ. . നാളേക്ക് എനിക്കും അമ്മയെക്കുറിച്ച് എഴുതിത്തരുമോ. . നീയെഴുതിയത് പോലെ’
മാളിലെ ശബ്ദ കോലാഹലങ്ങൾക്കിടയിൽ ’ അതിനെന്താ സാറാ. . ഞാനെഴുതിത്തരാം. . ’ എന്ന മീരയുടെ വാക്കുകൾ കേട്ടു. ആശ്വാസത്തോടെ സാറ അമ്മയെ ചേർത്തുപിടിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.