24 November 2024, Sunday
KSFE Galaxy Chits Banner 2

ഞാൻ കണ്ട തെയ്യങ്ങൾ

സുറാബ്
August 18, 2024 3:01 am

മിത്തുകളുടെ നാട്ടുകാഴ്ചകളെയാണ് തെയ്യം എന്നു പറയപ്പെടുന്നത്. അങ്ങനെയെങ്കിൽ ഞാൻ കണ്ട ഏറ്റവും വലിയ തെയ്യം അയൽപക്കത്തെ കുഞ്ഞാലിക്കയാണ്. ശരിക്കും ഒരു മാപ്ലത്തെയ്യമെന്നു പറയാം. കർക്കിടകത്തിന്റെ ആരംഭത്തിൽ ആടിവേടൻ എന്നറിയപ്പെടുന്ന കുഞ്ഞിതെയ്യം പച്ചപ്പിന്റെ വരമ്പു ചവിട്ടി ചുവപ്പിന്റെ വേഷത്തിൽ ചെണ്ട കൊട്ടി വരുന്നു. കുട്ടിക്കാലത്തിലെ അത്ഭുതക്കാഴ്ച. എല്ലാ തെയ്യങ്ങൾക്കും ചുവപ്പാണ്. ചെഞ്ചോരയുടെ നിറം. ചെറിയ കുട്ടികളാണ് ആടിവേടം കെട്ടുന്നത്. കർക്കിടകത്തിന്റെ കണ്ണേറും മാരിക്കുരിപ്പും പൈദാഹങ്ങളും അകറ്റി കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിലനിർത്തിപ്പോരുന്ന ഐതിഹ്യം. ആടിവേടനിൽനിന്ന് കുട്ടിച്ചാത്തനിലേക്കെത്തുമ്പോൾ നിലവിളികൾ ഉയരുന്നു. ചുറ്റും ചിലങ്കകൾ. പേടിയുടെയും ഉൽക്കൺഠയുടെയും മണികിലുക്കങ്ങൾ. ആടിയുറഞ്ഞ് മനുഷ്യ മനസുകളെ ഉണർത്തുന്ന അലർച്ചകൾ. തീചാമുണ്ഡി തുള്ളുമ്പോൾ ചുറ്റും തീപ്പൊരികൾ. അത് മണ്ണിലേക്ക് ആഴ്ന്ന് വിത്തുകളെ മുളപ്പിക്കുന്നു. മനുഷ്യൻ ആഗോള പ്രതിഭാസമാണ്. എല്ലാ മനുഷ്യരിലുമുണ്ട് ഓരോരോ തെയ്യങ്ങൾ, കുറത്തി മുതൽ കുചേലൻവരെ. വേഷങ്ങൾ പലവിധമാണ്.
കവിതയും സംഗീതവും നടനവും തെയ്യത്തിലുണ്ട്. വടക്കൻ മണ്ണിൽ വേരുറച്ച ആദിരൂപങ്ങൾ. അത് നേർച്ചയാണ്. വാക്കാണ്, പ്രതിഷേധമാണ്, പ്രതീക്ഷയാണ്, ആഗ്രഹങ്ങളും അനുഭൂതിയുമാണ്. തെയ്യത്തിന്റെ അലങ്കാരം ചമയങ്ങളാണ്. മുഖത്തെഴുത്ത്, മെയ്യെഴുത്ത്, അണിയാഭരണങ്ങൾ, ഉടയാടകൾ. 

വേറെയുമുണ്ട് തെയ്യങ്ങൾ. വിഷ്ണുമൂർത്തി, കുട്ടിച്ചാത്തൻ, ഗുളികൻ, പണിയൻ, കതിവനൂർ വീരൻ, മുച്ചിലോട്ട് ഭഗവതി. നൃത്തം ചെയ്യുന്ന ദേവതാ സങ്കൽപ്പങ്ങൾ. അദ്വൈതപ്പൊരുളുകൾ. നേരിന്റെയും നെറികേടിന്റെയും മുഖത്ത് ചൂട്ട് കുത്തുന്നതാണ് പൊട്ടൻ തെയ്യത്തിന്റെ പൊലിമ. കെട്ടകാലത്തിന്റെ പഴംപോരുളിലേക്ക് തിമിർത്താടുന്ന ഫലിതം. ഓരോ കീർത്തനങ്ങളിലും കീഴാളജന്മം പുനരാവിഷ്കരിക്കുന്നു.
“പുല്യാടിച്ചി.…” ഇതാ, വേറൊരു തെയ്യം നാട്ടിൻപുറത്തിന്റെ മണ്ണിൽ വേരിളക്കുന്നു. ഇതൊരു പതിവു കാഴ്ചയാണ്. എല്ലാ സന്ധ്യയ്ക്കും ഉറഞ്ഞു തുള്ളുന്നു കണ്ണൻതെയ്യം. ഒരിക്കലും തെയ്യം കെട്ടാത്ത ഒറ്റക്കോലമാണ് കണ്ണൻ. കുഞ്ഞിപ്പെണ്ണിന്റെ പുരയിൽനിന്ന് റാക്ക് കുടിച്ചാൽ കണ്ണന് ഒട്ടും കണ്ണു കാണില്ല. പിന്നെ ഉറഞ്ഞു തുള്ളുന്ന തെയ്യമായി. തോറ്റം പാട്ടിനെ തോൽപ്പിക്കുന്ന കീർത്തനങ്ങളായിരിക്കും. “പുല്യാടിച്ചി…” പുല്യാടിച്ചി കണ്ണന്റെ ഓളാണ്. പകൽ മുഴുവനും കണ്ണന് ഏറെ പ്രിയപ്പെട്ടവൾ. സന്ധ്യയായാൽ, കുഞ്ഞിപ്പെണ്ണ് ഗ്ലാസിൽ ഒഴിച്ചു കൊടുക്കും. അതുകഴിഞ്ഞ് ആട്ടം തുടങ്ങിയാൽ കണ്ണന് തന്റെ പ്രിയപ്പെട്ടവൾ പുല്യാടിച്ചിയാണ്. തൊട്ടത് കുറ്റം. വെച്ചത് കുറ്റം. പകലന്തി പണിയെടുത്ത്, കിട്ടുന്ന കാശിനു കള്ളും കുടിച്ച്, കലം എറിഞ്ഞുടച്ച്, വെള്ളം കോരുന്ന തൊട്ടി വലിച്ചെറിഞ്ഞു നാടൻ പാട്ടുപോലെ പഴയ സിംഹം കിണറ്റിലേക്ക് എത്തി നോക്കും. അലറും. അതോടെ പുല്യാടിച്ചി ഒരു മൂലയിലേക്ക് ഒതുങ്ങും. കുട്ടികൾ ഭയന്നു വിറക്കും. ചിമ്മിനി വിളക്ക് താനേ കെടും. പിന്നെ അവരായി, അവരുടെ കൂരിരുട്ടായി. തെയ്യമായി. നാട്ടുകാർക്ക് ഇതിലൊന്നും പങ്കില്ല. കണ്ണൻതെയ്യത്തിന്റെ സ്ഥിരം തെയ്യംകെട്ട് ആരും ശ്രദ്ധിക്കാറുമില്ല. 

ഇതിൽനിന്നൊക്കെ വ്യത്യസ്തമാണ് കുഞ്ഞാലിക്കയുടെ മാപ്ലത്തെയ്യം. വീട്ടിൽ ഭയങ്കര അച്ചടക്ക ബോധമാണ്. പാട്ടു പാടും. ദിവസം ഒരുകെട്ട് സാധുബീഡി വലിക്കും. സന്ധ്യയാകുമ്പോൾ പുഴക്കരയിൽ പോകും. തലേന്നിറക്കിവെച്ച ചെമ്പല്ലികൂട് പൊക്കും. നല്ല മീനൊക്കെ ആര് ചോദിച്ചാലും കൊടുക്കും. പൈസ വാങ്ങില്ല. ഒടുവിൽ വീട്ടിലേക്ക് വരുമ്പോൾ തന്റെ പച്ച അരപ്പട്ടയിൽനിന്ന് ചില്ലറയെടുത്ത് ചീഞ്ഞ മത്തിയും വാങ്ങി വരും. തീർന്നില്ല. അങ്ങാടിയിൽ ചുമടിറക്കുന്ന വേലപ്പന് നടുവേദന വന്നു കിടപ്പിലായാൽ മുന്നുംപിന്നും നോക്കാതെ ചുമട് മുഴുവനുമിറക്കി അതിന്റെ കൂലി വേലപ്പന്റെ വീട്ടിൽ എത്തിക്കും. കരയുന്നവരോട് എന്നും ദയയാണ്. മറിച്ച് ചതിക്കാൻ വരുന്നവരെ ഒറ്റയടിക്ക് മലർത്തിയടിക്കും. തേങ്ങ പല്ലുകൊണ്ട് പൊതിക്കും. സൈക്കിൾ യജ്ഞക്കാരൻ വീണു കാലൊടിഞ്ഞാൽ ആ സൈക്കിൾ വാങ്ങി പുതിയൊരഭ്യാസം കാണിക്കും. നാടിനുവേണ്ടി ഒളിവിൽ കഴിയുന്നവരെ സഹായിക്കും. പുറമെ പച്ചയാണെങ്കിലും ഉള്ളുനിറയെ ചോപ്പാണ്. അങ്ങനെ നാട്ടിൽ, നാട്ടുകാർക്കൊക്കെ കുഞ്ഞാലിക്ക പുതിയൊരു അവതാരമായി. പച്ചയും ചോപ്പും ചേർന്ന ബത്തക്ക തെയ്യമായി.
നാട്ടിൽ എത്രയെത്ര തെയ്യങ്ങൾ. എത്രയെത്ര വേഷങ്ങൾ. മനുഷ്യൻ നേർച്ച നേരുമ്പോൾ തെയ്യത്തിലൂടെ ചെകുത്താൻ ഇറങ്ങിപ്പോകുന്നു. യാത്രയിലുടനീളം മുത്തപ്പൻ തെയ്യങ്ങളാണ്. തൊട്ടടുത്ത ജാനുവേട്ടിയുടെ വീട്ടിൽ ആണ്ടിൽ കെട്ടിയാടുന്നത് വെള്ളാട്ടം തെയ്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.