
നിരവധി തവണ അവസരം നല്‍കിയിട്ടും അപകടത്തില്‍ പരിക്ക് പറ്റിയ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസ് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. തളിപ്പറമ്പ അഡീ. സെഷന്‍സ് ജഡ്ജി കെ എന്‍ പ്രശാന്താണ് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത്. കെ എന്‍ പ്രശാന്ത് തന്നെയാണ് തളിപ്പറമ്പ് എം എ സി ടി കോടതിയുടെ ചുമതലയും വഹിക്കുന്നത്.
മാന്ധംകുണ്ടിലെ കെ ഷൈജയുടെ പരാതിയിലാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. 2021 സപ്തംബര്‍ 16ന് ഷൈജ സഞ്ചരിച്ച കെ എസ് ആര്‍ സി ബസ് ദേശീയപാതയില്‍ കുറ്റിക്കോലില്‍ വച്ച് നിര്‍ത്തിയിട്ട ലോറിക്ക് ഇടിക്കുകയായിരുന്നു. ഷൈജയടക്കം 12 പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു.
ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്ന ഷൈജക്ക് 24 ശതമാനം അംഗവൈകല്യം സംഭവിച്ചിരുന്നു. ഷൈജ തളിപ്പറമ്പ എം എ സി ടി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ 2025 ജൂലായ് 17ന് 12,96,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി കെ എസ് ആര്‍ ടി സി അധികാരികള്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് പാലിക്കാന്‍ കെ എസ് ആര്‍ ടി സി തയ്യാറായില്ല. ഓരോ തവണയും കേസ് പരിഗണിക്കുമ്പോള്‍ കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി ഇതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 2021 നവംബര്‍ 24 മുതലുള്ള എട്ട് ശതമാനം പലിശയടക്കം നിലവില്‍ തുക 18,19,019 രൂപയായി വര്‍ധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കെ എസ് ആര്‍ ടി സിയുടെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള പയ്യന്നൂരില്‍ നിന്ന് രാത്രി എട്ട് മണിക്ക് ബംഗ്‌ളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കെ.എല്‍ 15 എ 2365 നമ്പര്‍ ബസ് ജപ്തി ചെയ്ത് ലേലം ചെയ്ത് തന്റെ തുക വസൂലാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. വിനോദ് രാഘവന്‍ മുഖേന ഷൈജ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പണം അടക്കാന്‍ തയ്യാറാകാതെ ബസ് സര്‍വീസ് തന്നെ നിര്‍ത്തിവെക്കാനാണ് കെ എസ് ആര്‍ ടി സി തയ്യാറായത്. ഇതിലും കോടതി നീരസം പ്രകടിപ്പിച്ചു. ബസ് ജപ്തി ചെയ്ത് ലേലത്തിന് വെച്ച് തുക ഈടാക്കാന്‍ ഷൈജക്ക് ഇന്നലെ കോടതി അനുവാദം നല്‍കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.