27 January 2026, Tuesday

Related news

January 27, 2026
January 27, 2026
January 27, 2026
January 27, 2026
January 25, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 20, 2026

ആസിഡ് ആക്രമണക്കേസുകളിൽ പ്രതികളോട് വിട്ടുവീഴ്ച വേണ്ട; സുപ്രീം കോടതി

Janayugom Webdesk
ന്യൂഡൽഹി
January 27, 2026 8:26 pm

ആസിഡ് ആക്രമണക്കേസുകളിൽ അതിശക്തമായ നിലപാടുമായി സുപ്രീം കോടതി. ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുന്ന പ്രതികളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും തിരുത്തൽ പ്രക്രിയയേക്കാൾ കഠിനമായ ശിക്ഷാ നടപടികൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകാൻ പ്രതിക്ക് പണമില്ലെങ്കിൽ, അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്ത് ആ തുക ഇരകൾക്ക് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. “പ്രതികൾക്ക് വേദനിക്കുന്ന തരത്തിലുള്ള നടപടികൾ ഉണ്ടായാൽ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങൾ അവസാനിക്കൂ. കോടതിയും പൊലീസും നിയമസംവിധാനവും ഈ വിഷയത്തിൽ അതീവ കർക്കശമായി പെരുമാറണം,” ബെഞ്ച് വ്യക്തമാക്കി. ആസിഡ് ആക്രമണം സ്ത്രീധന പീഡന മരണങ്ങളേക്കാൾ കുറഞ്ഞ ഗൗരവമുള്ള ഒന്നല്ലെന്നും ഇതിനായി പുതിയ നിയമനിർമ്മാണത്തെക്കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ആസിഡ് ആക്രമണത്തിന് ഇരയായ ഷഹീൻ മാലിക് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആസിഡ് അകത്തുചെന്ന് ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ പരിക്കേറ്റവരെയും വികലാംഗരുടെ പട്ടികയിൽ ഉൾപ്പെടുത്തി അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. 25 ശസ്ത്രക്രിയകൾക്ക് താൻ വിധേയയായെന്നും തന്റെ സ്വത്വം തന്നെ നഷ്ടപ്പെട്ടുവെന്നും ഷഹീൻ കോടതിയിൽ പറഞ്ഞു. ആസിഡ് ആക്രമണക്കേസുകളുടെ വർഷം തിരിച്ചുള്ള കണക്കുകൾ, കുറ്റപത്രം സമർപ്പിച്ചവ, വിചാരണ പൂർത്തിയായവ, നിലവിൽ കോടതികളിലുള്ള കേസുകൾ എന്നിവയുടെ വിശദവിവരങ്ങൾ നൽകാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ഉത്തരവിട്ടു. കൂടാതെ, ഇരകളുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ, വിവാഹ പദവി, ചികിത്സാ ചെലവുകൾ, പുനരധിവാസ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടും നാല് ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.