25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 22, 2025
April 22, 2025

പിപിഇ കിറ്റില്‍ വിവാദത്തിനിടമില്ല: മുഖ്യമന്ത്രി

 കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാനാകില്ല 
Janayugom Webdesk
തിരുവനന്തപുരം
January 23, 2025 10:01 pm

കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ വിവാദത്തിനിടമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നയപ്രഖ്യാപന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ വ്യക്തമാക്കി. ലോകമാകെ മുൻപരിചയമില്ലാത്ത ആരോഗ്യ അടിയന്തിരാവസ്ഥയെ നേരിട്ട അസാധാരണ സാഹചര്യമായിരുന്നു കോവിഡ് കാലം. ആരോഗ്യപ്രവർത്തകർ ജീവൻ പണയം വച്ച് ജോലി ചെയ്യേണ്ടിവന്ന ഘട്ടം. അവരുടെ ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിന്റേതാണ്. അടിയന്തര സാഹചര്യത്തിൽ അടിയന്തര സ്വഭാവത്തോടെ തന്നെ ആവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങളും മറ്റും വാങ്ങേണ്ടിവരും. അത് വാങ്ങിയിട്ടുണ്ട്.

പിപിഇ കിറ്റ് കോവിഡ് ചികിത്സയിലും പ്രതിരോധത്തിനും അനിവാര്യമായ ഒന്നാണ്. കോവിഡ് വന്നയുടന്‍ മാസ്ക്, സാനിറ്റൈസർ, പിപിഇ കിറ്റ്, ഓക്സീമീറ്റർ തുടങ്ങിയവയ്ക്ക് അസാധാരണമായ ഡിമാന്റാണ് ഉണ്ടായത്. പലതും കിട്ടാത്ത അവസ്ഥ. ജനങ്ങളാണെങ്കിൽ പരിഭ്രാന്തരാവുകയും വിപണിയിൽ കിട്ടാവുന്നത്രയും മാസ്കുകളും സാനിറ്റെെസറും വാങ്ങിക്കൂട്ടുന്ന സ്ഥിതിയുമുണ്ടായി. ആരോഗ്യ അടിയന്തരാവസ്ഥ എത്രകാലം നിൽക്കുമെന്നോ, കോവിഡ് എന്ന് അവസാനിക്കുമെന്നോ പ്രവചിക്കാൻ കഴിയുമായിരുന്നില്ല. ആ സമയത്ത് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഒരു ഔദ്യോഗിക‑വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി ആവശ്യമായ നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തി അടിയന്തര ആവശ്യത്തിനുള്ള സാധനങ്ങൾ അതിവേഗത്തിൽ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാനല്ല.

പിപിഇ കിറ്റ് വിഷയത്തിൽ സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിട്ടുള്ളതാണ്. ഈ വിഷയം ഈ സഭയിൽ തന്നെ ഒന്നിലേറെ തവണ ഉന്നയിച്ചിട്ടുള്ളതും മറുപടി പറഞ്ഞിട്ടുള്ളതുമാണ്. കിറ്റ് വാങ്ങിയതിൽ 10.23 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായതായി സിഎജി പറയുന്നു എന്നാണ് ഇവിടെ പ്രതിപക്ഷ ആരോപണം. കോവിഡ് കാലവും സാധാരണ കാലവും തമ്മിലുള്ള വ്യത്യാസം വെറും കണക്കുകൾ കണ്ടാൽ മനസിലാവുകയില്ല. കോവിഡ് എന്ന അസാധാരണ കാലഘട്ടത്തിലെ നിരക്കും തീരുമാനങ്ങളും കോവിഡിന് മുമ്പും പിമ്പുമുള്ള കാലഘട്ടത്തിലെ നിരക്കുമായി ഇടകലർത്തി അവ്യക്തത സൃഷ്ടിക്കുകയാണ് ചെയ്തത്.

കോവിഡ് മഹാമാരിക്ക് മുമ്പുള്ള 545 രൂപ എന്ന വിപണിവില താരതമ്യം ചെയ്ത്, കോവിഡ് കൊടുമ്പിരിക്കൊള്ളുമ്പോൾ പല വസ്തുക്കളും ലഭ്യമല്ലാതിരുന്ന സമയത്തോ അല്ലെങ്കിൽ ഗതാഗതം, ഇറക്കുമതി എന്നിവ പ്രയാസകരമായിരുന്ന സമയത്തോ വന്ന വിലവർധന കണക്കിലെടുക്കാതെയാണ് ഈ പരാമർശം വന്നത്. ഇക്കാര്യത്തില്‍ 2023 നവംബറിൽ സർക്കാർ കൊടുത്ത മറുപടിയിൽ കൃത്യമായ വിശദീകരണം നൽകിയിട്ടും വീണ്ടും ഇതേവിഷയം ഓഡിറ്റ് പരാമർശമായി ഉന്നയിച്ചിരിക്കുകയാണ്.

2020 മാര്‍ച്ച് 28ന് 25,000 പിപിഇ കിറ്റിന് ഓർഡർ നൽകി, 50 ശതമാനം അഡ്വാൻസും കൊടുത്തു, ബാക്കി 50 ശതമാനം തുക മുഴുവൻ കിറ്റും വിതരണം ചെയ്ത ശേഷം കൊടുക്കാം എന്ന ഉറപ്പ് കൊടുത്തു. 19 ദിവസം കഴിഞ്ഞിട്ടും വെറും 10,000 എണ്ണം മാത്രം നല്‍കാനേ അവർക്ക് സാധിച്ചുള്ളൂ. നിരവധി ഇ മെയിൽ, ഫോൺ കോളുകൾ വഴി കമ്പനിയെ ബന്ധപ്പെട്ടുവെങ്കിലും അവർക്ക് ബാക്കി 50 ശതമാനം അതേ വിലയ്ക്ക് വിതരണം ചെയ്യാൻ സാധിച്ചില്ല. ഈ ഘട്ടത്തിൽ സർക്കാരിന് പിപിഇ കിറ്റ് കിട്ടിയേ തീരൂ. ഓർഡർ ലഭിച്ച കമ്പനിക്ക് പിപിഇ കിറ്റ് നല്‍കാനുള്ള കഴിവ് ഇല്ലെന്ന് അവരുടെ പ്രവൃത്തിയിൽ നിന്ന് ബോധ്യപ്പെട്ടതിനാലാണ് ആ കമ്പനിയുമായുള്ള പർച്ചേസ് ഉത്തരവ് റദ്ദാക്കിയത്. അവർക്ക് കൊടുത്തതുപോലെ 50ശതമാനം തുക അഡ്വാൻസ് നൽകി മറ്റൊരു കമ്പനിക്ക് 50,000 പിപിഇ കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള ലെറ്റർ ഓഫ് ഇൻഡന്റ് കെഎംഎസ്‌സിഎൽ നൽകി. അപ്പോഴാണ് 2020 ഏപ്രിൽ 15-ാം തീയതി തദ്ദേശീയമായ ഒരു സ്ഥാപനം പിപിഇ കിറ്റ് കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ മുന്നോട്ട് വന്നത്. ഉടന്‍തന്നെ കൂടിയ വിലയ്ക്കുള്ള ഓർഡർ റദ്ദ് ചെയ്ത് 37,000 എണ്ണം കുറഞ്ഞ വിലയ്ക്ക് വാങ്ങി. ഇതാണ് വസ്തുത.

സിഎജി റിപ്പോർട്ട് അന്തിമമല്ല. നിയമസഭയിൽ സമർപ്പിക്കപ്പെട്ട ഈ റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കും. പ്രതിപക്ഷ അംഗം അധ്യക്ഷനായ ആ സമിതിയിൽ എല്ലാ വിവരങ്ങളും അന്നത്തെ സവിശേഷ സാഹചര്യങ്ങളും പരിശോധിക്കപ്പെടട്ടെ. സർക്കാരിന് ഇതിൽ ഒന്നും മറച്ചുവയ്ക്കാനില്ല. എല്ലാ വിവരങ്ങളും സിഎജിക്കും നിയമസഭയ്ക്കും നൽകിയിട്ടുമുണ്ട്, മുഖ്യമന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.