26 December 2025, Friday

Related news

December 25, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

എഐ കാമറയില്‍ അഴിമതിയില്ല

വി ഡി സതീശന്റെയും ചെന്നിത്തലയുടേയും ഹർജി തള്ളി 
Janayugom Webdesk
കൊച്ചി
August 27, 2025 9:14 pm

എഐ കാമറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. എഐ കാമറ അഴിമതിയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവർ നൽകിയ പൊതുതാല്പര്യ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. ഹർജികൾ വസ്തുതാപരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ആരോപണം തെളിയിക്കുന്നതിൽ ഹർജിക്കാർ പരാജയപ്പെട്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. കരാറിൽ അഴിമതി നേരിട്ട് വ്യക്തമാക്കുന്ന ഒരു തെളിവും ഹർജിക്കാർ നൽകിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കരാർ ഏറ്റെടുത്ത കമ്പനികൾ ഉപകരാർ നൽകിയതും ഈ കമ്പനികളുടെ സാങ്കേതിക മികവിലടക്കം ചോദ്യങ്ങൾ ഉയർത്തിയുമായിരുന്നു ഹർജി.
കോടതി മേൽനോട്ടത്തിൽ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് വി ഡി സതീശൻ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എഐ കാമറ ഉള്‍പ്പെടെ നിയമപരമായ നടപടികളിലൂടെയല്ല കരാറുകളും ഉപകരാറുകളും നൽകിയതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. കെൽട്രോണും എസ്ആർഐടിയും തമ്മിൽ ഉണ്ടാക്കിയ കരാറും മോട്ടർ വാഹന വകുപ്പ് കെൽട്രോണുമായുണ്ടാക്കിയ കരാറും നിയമവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എഐ കാമറ പദ്ധതിയിൽ 132 കോടി രൂപയോളം അഴിമതി നടന്നതായാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. അതേസമയം പദ്ധതിയിൽ 100 കോടിയുടെ അഴിമതിയുണ്ടായി എന്നായിരുന്നു വി ഡി സതീശന്റെ ആരോപണം. അന്വേഷണം പൂർത്തിയാകുന്നതുവരെ കാമറകളുടെ പ്രവർത്തനം നിർത്തി വയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കോടതിയുടെ അനുമതിയോടെ മാത്രമേ കരാറുകാർക്ക് പണം നൽകാവൂ എന്ന് കോടതി ആദ്യം നിര്‍ദേശിച്ചിരുന്നുവെങ്കിലും പിന്നീട് കരാറുകാർക്ക് ഘട്ടം ഘട്ടമായി പണം കൈമാറുന്നതിന് കോടതി അനുമതി നൽകുകയായിരുന്നു. 2023 ൽ സമർപ്പിച്ച ഹർജികളിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. എന്നാൽ സർക്കാർ നിലപാട് അംഗീകാരിച്ച കോടതി ഹർജി തള്ളുകയായിരുന്നു.

മാപ്പ് പറയണമെന്ന് മന്ത്രി പി രാജീവ്
എഐ കാമറയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേയും മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടേയും മുഖത്തേറ്റ അടിയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചതിന് സതീശൻ ജനങ്ങളോട് മാപ്പ് പറയണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇരുനേതാക്കള്‍ക്കുമുള്ള പാഠമാണ് ഹൈക്കോടതി വിധി. പൊതുതാല്പര്യ ഹർജിയെന്ന പേരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച്‌ പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കാനാണ് ഇരുവരും ശ്രമിച്ചത്. ഹർജി നൽകിയവർക്ക് തെളിവിന്റെ കണികപോലും നൽകാനായില്ല. അതാണ് വിധി എതിരായതിന് കാരണം. പൊതുതാൽപര്യ ഹർജികൾ പബ്ലിസിറ്റിക്ക് വേണ്ടി ആകരുതെന്നാണ് കോടതി പറഞ്ഞത്. രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച്‌ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കാനുള്ള സംവിധാനമല്ല പൊതുതാൽപര്യ ഹർജി. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ നടത്തിയ ശ്രമമാണ് ഇതിലൂടെ പൊളിഞ്ഞത്‌. സർക്കാരിന്റെ എല്ലാ പദ്ധതികളെയും എതിർക്കുക എന്ന സമീപനമാണ്‌ ഇതിലൂടെ പ്രതിപക്ഷം സ്വീകരിച്ചത്. കെൽട്രോണിനെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ശ്രമിച്ച സതീശൻ, വിധിക്ക് ശേഷം നടത്തിയ പ്രതികരണം കോടതിയെ സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.