18 December 2025, Thursday

Related news

December 16, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 6, 2025
December 3, 2025
December 2, 2025
December 2, 2025
December 2, 2025

ഫണ്ട് അനുവദിച്ചില്ല, അധ്യാപകരില്ല; സമഗ്ര ശിക്ഷാ അഭിയാന്‍ പരാജയം

ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യം കാണില്ല
Janayugom Webdesk
ന്യൂഡല്‍ഹി
April 13, 2025 10:13 pm

രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും പ്രീനഴ്സറി മുതല്‍ 12-ാം ക്ലാസ് വരെ സമഗ്രമായ വിദ്യാഭ്യാസം നല്‍കുന്നതിനും 2018 മേയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സമഗ്ര ശിക്ഷാ അഭിയാന്‍ (എസ്എസ്എ) ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ അവതാളത്തിലാണെന്ന് കണക്കുകള്‍. ഈ സ്ഥിതി തുടര്‍ന്നാല്‍ 2030ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ 100 ശതമാനം പ്രവേശനം എന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം പൂര്‍ത്തിയാകില്ലെന്ന് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഫണ്ട് വിനിയോഗം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ വിവേചനമുണ്ടെന്ന് കഴിഞ്ഞമാസം 26ന് രാജ്യസഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ 9,82,662 അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. 18,797 സ്കൂളുകളില്‍ കുടിവെള്ള സൗകര്യമില്ല, 31, 841 സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ശുചിമുറിയില്ല. 57.2 ശതമാനം സ്കൂളുകളിലെ കമ്പ്യൂട്ടറുകളുള്ളൂ. 46 ശതമാനം സ്കൂളുകളില്‍ ഇന്റര്‍നെറ്റ് സൗകര്യമില്ല. ഭൂരിപക്ഷം സ്കൂളുകളിലും വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം, ക്ലാസ് മുറികളുടെ എണ്ണം, കുടിവെള്ളം, ശുചിമുറികള്‍, കളിസ്ഥലം എന്നീ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് (ഡിഎസ്ഇഎല്‍) 2025–26ലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2025–26 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍, സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിനുള്ള ബജറ്റ് വിഹിതം 7.6 ശതമാനം വര്‍ധിപ്പിച്ച് 78,572 കോടിയാക്കി. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചത് 20,941 കോടി മാത്രമാണ്. അതായത് അനുവദിച്ച തുകയുടെ 55.8 ശതമാനം മാത്രം. 

കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങളിലേക്കും അവിടെ നിന്ന് ജില്ലകളിലേക്കും ഫണ്ട് വിതരണം ചെയ്യുന്നതിലെ താമസമാണ് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഫണ്ട് വിനിയോഗം മെച്ചപ്പെടുത്താന്‍ മൂന്ന് വര്‍ഷത്തേക്ക് റോളിങ് ഫണ്ടിങ് നല്‍കുന്ന സംവിധാനം സ്വീകരിക്കാമെന്ന് പ്രാഥമിക സാക്ഷരതയ്ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സെന്‍ട്രല്‍ സ്ക്വയര്‍ ഫൗണ്ടേഷന്‍ ഉപദേഷ്ടാവ് ഡോ. ജയശ്രീ ഓസ പറഞ്ഞു. ഇതിലൂടെ നവീകരണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമുള്ള പണം മൂന്ന് വര്‍ഷം സംസ്ഥാനത്തിന്റെ പക്കലുണ്ടെന്ന് ഉറപ്പാക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടി. നാല് വര്‍ഷത്തിനിടെ രാജ്യത്തെ ജനസംഖ്യ വര്‍ധിച്ചെങ്കിലും സ്കൂളുകളുടെ എണ്ണം 14,000ത്തിലധികം കുറഞ്ഞു. ചെറിയ സ്കൂളുകള്‍ പൂട്ടുകയോ, മറ്റുള്ളവയുമായി ലയിപ്പിക്കുകയോ ആയിരുന്നുവെന്ന് റൈറ്റ് ടു എജ്യുക്കേഷന്‍ ഫോറം ദേശീയ സെക്രട്ടേറിയറ്റ് കോഓര്‍ഡിനേറ്റര്‍ മിത്ര രഞ്ജന്‍ പറഞ്ഞു. ഭരണം എളുപ്പമാക്കാനും വിഭവങ്ങള്‍ പങ്കിടുന്നതിനും അഞ്ച്-10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ചെറിയ സ്കൂളുകളെ ലയിപ്പിച്ചപ്പോള്‍ നിരവധി ചെറിയ സ്കൂളുകള്‍ക്ക് താഴ് വീണു. ആദിവാസി മേഖല, വിദൂര ഗ്രാമങ്ങളിലുള്ളവര്‍, യാത്രാബുദ്ധിമുട്ടുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെ ഇത് സാരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. 

18,797 സ്കൂളുകളില്‍ കുടിവെള്ള സൗകര്യമില്ല. പല പ്രദേശങ്ങളിലും ഭൂഗര്‍ഭജലത്തില്‍ ആര്‍സെനിക്, ഫ്ലൂറൈഡ്, മെര്‍ക്കുറി, മറ്റ് ഘനലോഹങ്ങള്‍ എന്നിവയുടെ ഉയര്‍ന്ന തോതിലുള്ള മലിനീകരണം കാരണം കടിക്കാന്‍ അനുയോജ്യമല്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. സുരക്ഷിതമല്ലാത്ത സ്രോതസുകളില്‍ നിന്ന് ലഭിക്കുന്ന സംസ്കരിക്കാത്ത വെള്ളം കുടിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും എത്രയും വേഗം ശുദ്ധജലം ലഭ്യമാക്കുന്നതിന് ജലശക്തി മന്ത്രാലയ ഇടപെടല്‍ ആവശ്യപ്പെടുമെന്നും കമ്മിറ്റി വ്യക്തമാക്കി. ഏകദേശം 3.6 ശതമാനം പ്രൈമറി, 2.2 ശതമാനം അപ്പര്‍ പ്രൈമറി, 2.3 ശതമാനം സെക്കന്‍ഡറി, 2.2 ശതമാനം ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക് ശുചിമുറിയില്ല. 31,800ലധികം സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ശുചിമുറികളില്ല. ഇവര്‍ കൊഴിഞ്ഞുപോകുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണിതെന്നും കാണക്കാക്കുന്നു.
മൊത്തം പ്രവേശന അനുപാതം (ജിഇആര്‍) വര്‍ഷന്തോറും കുറയുന്നു. 2022–23നെ അപേക്ഷിച്ച് എസ‍്സി-എസ്‌ടി, ഒബിസി വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിലെ ഇടിവ് 3.35 ശതമാനമാണ്. പ്രവേശനത്തിലെ ആകെ കുറവ് 1.49 ശതമാനവും. 16.23 ലക്ഷം എസ്‍സി വിദ്യാര്‍ത്ഥികളും 5.14 ലക്ഷം എസ‍്ടി വിദ്യാര്‍ത്ഥികളും 38.53 ലക്ഷം ഒബിസി വിദ്യാര്‍ത്ഥികളും കുറഞ്ഞു. പെണ്‍കുട്ടികളുടെ പ്രവേശനത്തില്‍ 29.61 ലക്ഷം കുറവുണ്ടായി (2.55 ശതമാനം). സാമ്പത്തിക പ്രയാസം കാരണം മാതാപിതാക്കള്‍ പെണ്‍കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളിലും ആണ്‍കുട്ടികളെ സ്വകാര്യ സ്കൂളുകളിലും ചേര്‍ക്കുന്നെന്നും കമ്മിറ്റി വിലയിരുത്തി.

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.