22 February 2026, Sunday

Related news

February 22, 2026
February 21, 2026
February 19, 2026
February 18, 2026
February 18, 2026
February 16, 2026
February 13, 2026
February 12, 2026
February 10, 2026
February 5, 2026

16 വയസ്സിൽ താഴെയുള്ളവർക്ക് മൊബൈൽ ഫോണ്‍ വേണ്ട; നിരോധനമേര്‍പ്പെടുത്താൻ ഒരുങ്ങി കര്‍ണ്ണാടക സർക്കാർ

Janayugom Webdesk
ബംഗളൂരു
February 22, 2026 5:57 pm

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം കർണാടക സർക്കാരിന്റെ പരിഗണനയിൽ. ബംഗളൂരുവിൽ ശനിയാഴ്ച നടന്ന സർവകലാശാലാ വൈസ് ചാൻസലർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. കുട്ടികളിലെ മൊബൈൽ ഫോൺ അഡിക്ഷൻ, ഓൺലൈൻ ഗെയിമിംഗിനോടുള്ള ഭ്രമം, സോഷ്യൽ മീഡിയ എന്നിവ പഠനത്തെയും ശാരീരികക്ഷമതയെയും ദോഷകരമായി ബാധിക്കുന്നതിലുള്ള ആശങ്ക അദ്ദേഹം ചർച്ചയിൽ പങ്കുവെച്ചു. ഈ നീക്കത്തിൽ വൈസ് ചാൻസലർമാരുടെ അഭിപ്രായം ആരാഞ്ഞ മുഖ്യമന്ത്രി, ഇതിന്റെ പ്രായോഗികതയെക്കുറിച്ച് വിശദമായി സംസാരിച്ചു.

എന്നാൽ, നിർദ്ദേശത്തോട് വൈസ് ചാൻസലർമാരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. കോവിഡ് കാലത്തിന് ശേഷം സ്കൂളുകൾ ഗൃഹപാഠങ്ങളും വർക്ക് ഷീറ്റുകളും മൊബൈൽ ആപ്പുകൾ വഴി നൽകുന്നത് പതിവായതിനാൽ പൂർണ്ണമായ നിരോധനം പ്രായോഗികമാകില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി. മൊബൈൽ ഫോണുകൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ സാഹചര്യത്തിൽ, പൂർണ്ണമായി നിരോധിക്കുന്നതിന് പകരം സൈബർ സുരക്ഷ ഉറപ്പാക്കാനും മാതാപിതാക്കളുടെ നിയന്ത്രണം കർശനമാക്കാനും ചില വെബ്‌സൈറ്റുകൾക്ക് മാത്രം നിയന്ത്രണം കൊണ്ടുവരാനും സർക്കാർ ആലോചിക്കണമെന്ന് അവർ നിർദ്ദേശിച്ചു.

ഐടി-ബിടി വകുപ്പ്, സ്കൂൾ വിദ്യാഭ്യാസ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവയുമായി ചേർന്ന് ഈ വിഷയത്തിൽ സർക്കാർ ഒരു ഔദ്യോഗിക ശുപാർശ തയ്യാറാക്കി വരികയാണ്. കുട്ടികളെ മൊബൈലിൽ നിന്ന് മാറ്റി വായനയിലേക്ക് എത്തിക്കാൻ “മൊബൈൽ ബിടി പുസ്തക ഹിടി” (മൊബൈൽ ഉപേക്ഷിക്കൂ, പുസ്തകം കയ്യിലെടുക്കൂ) എന്ന ക്യാമ്പയിൻ കർണാടക സർക്കാർ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആലോചനകൾ നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.