19 April 2025, Saturday
KSFE Galaxy Chits Banner 2

അഞ്ച്, എട്ട് ക്ലാസുകളില്‍ ഓള്‍ പാസ് രീതി ഇനിയില്ല; കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

Janayugom Webdesk
ന്യൂഡല്‍ഹി
December 23, 2024 11:25 pm

വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്ന നയം അഞ്ച്, എട്ട് ക്ലാസുകളില്‍ നിന്ന് ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ സ്‌കൂളുകള്‍, സൈനിക് സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന 3,000ത്തിലധികം സ്‌കൂളുകള്‍ക്ക് പുതിയ ഭേദഗതി ബാധകമാകും. 

നിലവില്‍ അഞ്ച്, എട്ട് ക്ലാസ് വിദ്യാര്‍ത്ഥികള്‍ വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതാണ് രീതി. 2019ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് അഞ്ച്, എട്ട് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ പാസും നല്‍കി ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്ന രീതി എടുത്തുകളഞ്ഞത്. പകരം അഞ്ച്, എട്ട് ക്ലാസ് വിദ്യാര്‍ത്ഥികള്‍ ജയിക്കാനാവശ്യമായ മാര്‍ക്ക് നേടുന്നില്ലെങ്കില്‍ തോറ്റതായി രേഖപ്പെടുത്തി വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കും. രണ്ടുമാസത്തിനകം തോറ്റ വിദ്യാര്‍ത്ഥികള്‍ വീണ്ടും വാര്‍ഷിക പരീക്ഷ എഴുതണം. ഇതിലും തോല്‍ക്കുകയാണെങ്കില്‍ ഇവര്‍ക്ക് ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കില്ല.

അവര്‍ വീണ്ടും ആ ക്ലാസില്‍ തന്നെ ഇരിക്കേണ്ടതായി വരും. എന്നിരുന്നാലും, പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ ഒരു കുട്ടിയെയും ഒരു സ്‌കൂളില്‍ നിന്നും പുറത്താക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വാര്‍ഷിക പരീക്ഷയിലും രണ്ടാമത് നടത്തിയ പരീക്ഷയിലും തോറ്റതിനെ തുടര്‍ന്ന് ആ ക്ലാസില്‍ തന്നെ ഇരിക്കേണ്ടി വരുന്ന കുട്ടികള്‍ക്കും കുട്ടികളുടെ മാതാപിതാക്കള്‍ക്കും ക്ലാസ് ടീച്ചര്‍ മാര്‍ഗനിര്‍ദേശം നല്‍കണം. മൂല്യനിര്‍ണയത്തിന്റെ വിവിധ ഘട്ടങ്ങളിലെ പഠന വിടവുകള്‍ തിരിച്ചറിഞ്ഞ് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം ഒരു സംസ്ഥാന വിഷയമായതിനാല്‍, സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.