22 September 2024, Sunday
KSFE Galaxy Chits Banner 2

കാല്‍കഴുകിച്ചൂട്ട് ഇനിയില്ല, പകരം സമാരാധന; ചടങ്ങ് വിവാദമാക്കേണ്ടതില്ലെന്ന് തന്ത്രി

Janayugom Webdesk
കൊച്ചി
February 12, 2022 7:06 pm

കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാൽകഴുകിച്ച് ഊട്ട് ഇനി മുതൽ സമാരാധന എന്ന പേരിൽ നടത്തും. തന്ത്രി സമാജം പ്രതിനിധികളും ബോർഡ് അംഗങ്ങളും നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. കാൽകഴുകിച്ച് ഊട്ട് വിവാദമായ പശ്ചാത്തലത്തിലാണ് പരിഷ്കരണം. ചടങ്ങിൽ വിവാദമാക്കേണ്ട ഒന്നുമില്ലെന്നും തന്ത്രി സ്ഥാനീയർ ക്ഷേത്ര പൂജാരിമാരുടെ കാൽകഴുകി പൂജിക്കുന്ന ചടങ്ങാണിതെന്നും യോഗത്തിൽ പങ്കെടുത്ത തന്ത്രിസമാജം ഭാരവാഹികൾ വിശദീകരിച്ചു.

പൂജാസമയത്ത് ഉള്ള പൂജാർഹരെ ദേവസമന്മാരായി സങ്കൽപിച്ച് പൂജിക്കുകയും തന്ത്രി തീർത്ഥജലം കാലിൽ ഒഴിച്ച് കൊടുക്കുകയും കാലിൽ വെച്ച പുറ്റുമണ്ണ് സ്വയം കഴുകിക്കളഞ്ഞ് ശുദ്ധിവരുത്തുകയും ചെയ്യും. ദേവസങ്കൽപത്തിൽ തന്ത്രി തന്നെ പൂജിച്ച് നിവേദ്യത്തിന്റെ ഒരു ഭാഗം വിളമ്പി നൽകുകയും ദ്രവ്യതാല വസ്ത്രങ്ങൾ കൊടുത്ത് നമസ്കരിക്കുകയും ചെയ്യുന്നതാണ് ചടങ്ങ്. ക്ഷേത്രപൂജയ്ക്ക് അർഹരായ എല്ലാവരും ചടങ്ങിൽ പങ്കെടുക്കാൻ അർഹരാണ്.

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലും കൊടുങ്ങല്ലൂർ ശിവകൃഷ്ണപുരം ക്ഷേത്രത്തിലും ചടങ്ങ് നടത്തുന്നത് വിവാദമായതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട കാറളം വെള്ളാനി ഞാലിക്കുളം മഹാദേവ ക്ഷേത്രത്തിലും കാൽക്കഴുകിച്ചൂട്ട് വിവാദമുയർന്നിരുന്നു. ആരാധനാ ക്രമങ്ങളിലോ ചടങ്ങുകളിലോ മാറ്റംവരുത്തുന്നതിന് തന്ത്രിമാർക്കാണ് അധികാരമെന്നും ഈ സാഹചര്യത്തിലാണ് തന്ത്രിമാരുടെ യോഗം വിളിച്ചുചേർത്തതെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ നന്ദകുമാർ പറഞ്ഞു.

സമാജം സംസ്ഥാന പ്രസിഡന്റ് വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട്, ഭാരവാഹികളായ എ എ ഭട്ടതിരിപ്പാട്, പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരിപ്പാട്, എളവള്ളി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, ബോർഡ് പ്രസിഡന്റ് കെ നന്ദകുമാർ, അംഗം എം ജി നാരായണൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത. കാലത്തിന് നിരക്കാത്ത ചില ക്ഷേത്രചടങ്ങുകൾ പരിഷ്കരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അഞ്ച് ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെയും യോഗം സർക്കാർ വിളിക്കുന്നുണ്ട്. ചില വഴിപാടുകളും പൂജാ വിധികളും കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ എല്ലാ ദേവസ്വം ബോർഡുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

അതിനിടെ കാല്‍കഴുകിച്ചൂട്ട് എന്ന ആചാരത്തിനെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് കോടതി 25ന് പരിഗണിക്കും.

Eng­lish Sum­ma­ry: No more foot-wash­ing, instead of con­se­cra­tion; Time­ly change in offerings

You may also like thsi video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.