20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 26, 2024
October 9, 2024
October 6, 2024
July 9, 2024
June 8, 2024
June 8, 2024
May 22, 2024
March 24, 2024
February 2, 2024
November 11, 2023

സ്വമേധയാ മുൻഗണനാ കാര്‍ഡുകൾ തിരികെ നല്‍കിയവര്‍ക്ക് പിഴയില്ല: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
തിരുവനന്തപുരം
December 13, 2022 10:32 pm

സർക്കാർ നിർദേശ പ്രകാരം 2021 ജൂലൈ 21 മുതൽ 2022 മാർച്ച് 31 വരെ സ്വമേധയാ മുൻഗണനാ റേഷൻ കാർഡുകൾ തിരികെ നല്‍കിയവരിൽ നിന്നും ഒരുകാരണവശാലും പിഴ ഈടാക്കില്ലെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. റേഷൻ കാർഡ് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് നിശ്ചയിച്ച മാനദണ്ഡങ്ങൾ സംബന്ധിച്ച് അപാകതകൾ പരിഹരിച്ച് അർഹരായവരെയെല്ലാം മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഓപ്പറേഷൻ യെല്ലോ പദ്ധതി പ്രകാരം നടന്ന പരിശോധനയിൽ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് അപേക്ഷ നൽകിയവർക്ക് പിഴ ഈടാക്കുന്ന നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുറുക്കോളി മൊയ്തീനും ബിപിഎൽ കാർഡ് മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നജീബ് കാന്തപുരവും അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 

മുൻഗണനാ കാ‍ര്‍ഡിന് അർഹതയുണ്ടെങ്കിലും കേന്ദ്രസർക്കാർ നിശ്ചയിച്ച ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ട നിരവധി പേരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച് മുൻഗണനാ കാർഡിന് അർഹരാണെന്ന് കാണുന്ന പക്ഷം മാനദണ്ഡങ്ങളിൽ ഇളവ് നൽകി മുൻഗണനാ കാർഡുകൾ നൽകുന്നതിന് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 സംസ്ഥാനത്ത് നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് പൊതുവിതരണ സമ്പ്രദായത്തിൽ ബിപിഎൽ, എപിഎൽ വിഭാഗങ്ങൾക്കു പകരമായി മുൻഗണനാ (എഎവൈ, പിഎച്ച്എച്ച്), മുൻഗണനേതര (സബ്സിഡി, നോൺസബ്സിഡി) വിഭാഗങ്ങളാണ് നിലവിലുള്ളത്.
അർഹരായ മുഴുവൻ പേർക്കും മുൻഗണനാ കാർഡ് നല്‍കുക എന്ന കാര്യം തികച്ചും അപ്രായോഗികമായ കാര്യമാണ്. 

കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രകാരം മുൻഗണനാ വിഭാഗത്തിൽ സംസ്ഥാനത്തിന് ഉൾപ്പെടുത്താൻ കഴിയുന്ന ആകെ അംഗങ്ങളുടെ എണ്ണം 1,54,80,040 മാത്രമാണ്. 2011 ലെ സെൻസസ് പ്രകാരമാണ് ഇത് നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മുൻഗണനാ കാർഡുകളുടെ എണ്ണം വർധിപ്പിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രസർക്കാർ നാളിതുവരെ പരിഗണിച്ചിട്ടില്ല. 

പിഴയോ ശിക്ഷയോ കൂടാതെ സറണ്ടർ ചെയ്യാൻ നല്കിയ അവസരം വിനിയോഗിക്കാതെ തുടർന്നും മുൻഗണനാ കാർഡുകൾ മനഃപൂർവം കൈവശം വച്ചിരിക്കുന്നവരെ ലക്ഷ്യമാക്കിയാണ് ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതി ആരംഭിച്ചത്. ഒക്ടോബർ ഒന്നിന് ആരംഭിച്ച പദ്ധതി തുടർന്നു വരുന്നു. ഈ പദ്ധതി പ്രകാരം 7388 കേസുകളിലായി 1,27,59,623 രൂപ സർക്കാരിലേക്ക് പിഴയായി ഈടാക്കിയെന്നും ആക്ഷേപങ്ങളില്‍ അപേക്ഷ നൽകുന്ന പക്ഷം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.

Eng­lish Summary:No penal­ty for vol­un­tary return of pri­or­i­ty cards: Min­is­ter GR Anil
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.