21 December 2024, Saturday
KSFE Galaxy Chits Banner 2

എണ്ണവില ഉടന്‍ കുറയില്ലെന്ന് കേന്ദ്രമന്ത്രി 

Janayugom Webdesk
ന്യൂഡല്‍ഹി
January 4, 2024 9:57 pm
എണ്ണ വില കുറയ്ക്കുന്നത് സംബന്ധിച്ച് രാജ്യത്തെ പ്രധാന എണ്ണ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി.  കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ എണ്ണ ഇറക്കുമതി ചെലവില്‍ 17 ശതമാനത്തോളം കുറവുണ്ടായത് എണ്ണ വില കുറച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് പുരിയുടെ പ്രതികരണം. ലോകത്തെ രണ്ട് മേഖലകള്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ചെങ്കടലിനേയും സ്യുയസ് കനാലിനേയും പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴ് മുതല്‍ 10 ദിവസമായി ഷിപ്പിങ്ങില്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇസ്രയേൽ‑ഹമാസ് സംഘർഷ പശ്ചാത്തലത്തില്‍ ഹമാസ് ചെങ്കടലിലൂടെയുള്ള ചരക്ക് കപ്പലുകൾ ആക്രമിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ധനം താങ്ങാവുന്ന നിരക്കില്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍ കമ്പനികള്‍ എങ്ങനെയാണ് എണ്ണ വില നിശ്ചയിക്കേണ്ടതെന്ന് സര്‍ക്കാരിന് പറയാനാകില്ലെന്നും പുരി പറഞ്ഞു.
ഏപ്രില്‍ 2022 മുതല്‍ രാജ്യത്തെ മൂന്ന് പ്രധാന എണ്ണ കമ്പനികളായ ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോര്‍പ്പറേഷൻ ലിമിറ്റഡ് എന്നിവ എണ്ണ വിലയില്‍  മാറ്റം വരുത്തിയിരുന്നില്ല. ഇതിലൂടെ മൂന്ന് എണ്ണക്കമ്പനികളും ആദ്യ മൂന്ന് പാദത്തിലും ലാഭം നേടി. എന്നാല്‍ പിന്നീടുള്ള കാലയളവില്‍ നഷ്ടം നേരിടുകയായിരുന്നുവെന്ന് കമ്പനികള്‍ പറയുന്നു.
റഷ്യൻ എണ്ണക്ക് പണം നല്‍കുന്നതില്‍ ഇന്ത്യ പ്രതിസന്ധി നേരിടുന്നു എന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഇത് വിതരണത്തെ ബാധിച്ചിട്ടില്ലെന്നും പുരി പറഞ്ഞു. എന്നാല്‍ എണ്ണ വിലയില്‍ റഷ്യ കിഴിവ് അനുവദിച്ചിട്ടില്ലെങ്കില്‍ അവരില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട കാര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷൻ ലിമിറ്റഡും റഷ്യയുടെ റോസ്‌നെഫ്റ്റും തമ്മിലുള്ള എണ്ണ വിതരണത്തില്‍ പ്രശ്നം നേരിടുന്നതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Eng­lish Sum­ma­ry: No Plans to Cut Petrol, Diesel Prices : Hard­eep Singh Puri
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.