8 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 3, 2024
May 17, 2024
May 17, 2024
March 18, 2024
March 16, 2024
March 5, 2024
February 28, 2024
November 11, 2023
November 10, 2023

സുപ്രീം കോടതി പറഞ്ഞിട്ടും സർക്കാരുകൾ നടപടിയെടുത്തില്ല ; കുടിയേറ്റ തൊഴിലാളികൾക്ക് റേഷനില്ല

Janayugom Webdesk
ന്യൂഡൽഹി
January 20, 2022 9:18 pm

ഏഴ് മാസം മുമ്പ് കോടതി നിർദേശിച്ചിട്ടും ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ഗുരുതരമായ ഭക്ഷണ, ഉപജീവന പ്രതിസന്ധികൾ നേരിടുന്നു. ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന നിലയിൽ കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ സാധനങ്ങൾ ലഭ്യമാക്കണമെന്ന കോടതി നിർദേശം കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ ഇതുവരെ നടപ്പാക്കിയില്ല. 

പകർച്ചവ്യാധികൾക്കിടയിലും സർക്കാരുകളുടെ ഈ അനാസ്ഥ പരിശോധിക്കണമെന്ന അപേക്ഷ സുപ്രീം കോടതി പരിഗണനക്കെടുത്തു. വിവരാവകാശ പ്രവർത്തകരായ ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, ജഗ്‍ദീപ് എസ് ചോക്കർ എന്നിവർ സമർപ്പിച്ച സംയുക്ത ഹർജിയുടെ മുൻഗണനാ ലിസ്റ്റിങ്ങിനായി അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ അപേക്ഷ ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഹിമ കോലി എന്നിവരാണ് പരിഗണിച്ചത്.
കഴിഞ്ഞ വർഷം ജൂൺ 21 നാണ് കുടിയേറ്റക്കാരുടെ ദുരവസ്ഥയിൽ ആശ്വാസം നൽകാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും പരമോന്നത കോടതി നിർദേശം നൽകിയത്. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജൂലായ് 31നകം നടപ്പാക്കണമെന്ന് കോടതി പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പും ഇക്കാലയളവിൽ തന്നെ പൂർത്തിയാക്കണം. കോവിഡ് പ്രതിസന്ധി പൂർണമായി ഒഴിയുന്നത് വരെ സമൂഹ അടുക്കള വഴി ഭക്ഷണം വിതരണം ചെയ്യണമെന്നും സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിരുന്നു. കുടിയേറ്റ തൊഴിലാളികൾ എവിടെയാണോ താമസിക്കുന്നത് അവിടെ ഭക്ഷ്യധാന്യം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. നിർദേശങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർശനമായി പാലിക്കണമെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന് കോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു നിർദേശം. 

കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ആറിന നിർദേശങ്ങളാണ് സുപ്രീം കോടതി മുന്നോട്ടുവച്ചത്. കുടിയേറ്റ തൊഴിലാളികളുടെ വിവരശേഖരണത്തിനായി രൂപം നൽകിയ ദേശീയ പോർട്ടലിൽ ജൂലൈ 31നകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ട് എന്ന് കേന്ദ്രസർക്കാർ ഉറപ്പാക്കണം. സംസ്ഥാന സർക്കാരുകൾ ഇതിനായി പ്രത്യേക പദ്ധതി തയാറാക്കണം. ഭക്ഷ്യധാന്യത്തിന്റെ ലഭ്യത കുറവ് കണ്ടെത്തിയാൽ ക്വാട്ട വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
രാജ്യത്ത് വീണ്ടും വർധിച്ചുവരുന്ന കോവിഡ് കേസുകൾ വിവിധ സംസ്ഥാനങ്ങൾ അഭിമുഖീകരിക്കുമ്പോൾ, രാജ്യത്തെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ ജീവിതവും ഉപജീവനമാർഗവും ഉൾപ്പെടുന്ന ഒരു വിഷയത്തിൽ കോടതിയുടെ നിർദേശങ്ങൾ പാലിക്കാത്തത് കൂടുതൽ ആശങ്കാജനകമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കോടതി അനുവദിച്ച ആശ്വാസങ്ങൾ പകർച്ചവ്യാധിയുടെ പ്രത്യേക പശ്ചാത്തലത്തിലായിരുന്നു, അഭൂതപൂർവമായ ബുദ്ധിമുട്ടുകളുടെ സമയത്ത് സാമ്പത്തികമായി ദുർബലരായ ആളുകൾക്ക് അടിസ്ഥാന ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. അതിനാൽ കോടതിയുടെ നിർദേശങ്ങൾ പാലിക്കുന്നത് നിരീക്ഷിക്കേണ്ടത് പ്രധാനമാണ്-അപേക്ഷയിൽ പറഞ്ഞു.
eng­lish summary;No ration for migrant workers
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.