12 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 11, 2024
December 10, 2024
October 21, 2024
October 3, 2024
September 9, 2024
March 12, 2024
November 30, 2023
November 20, 2023
September 8, 2023

മസ്ജിദുകളിലെ സർവേ പാടില്ല; പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി

 നിലവിലുള്ളവയില്‍ തുടര്‍ നടപടികള്‍ വേണ്ട
 കേന്ദ്ര സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണം
Janayugom Webdesk
ന്യൂഡല്‍ഹി
December 12, 2024 10:28 pm

മസ്ജിദുകളിലെ സർവേകൾ അടക്കമുള്ള നടപടികൾ വിലക്കി സുപ്രീം കോടതി. ആരാധനാലയ സര്‍വേ ആവശ്യപ്പെട്ടുള്ള പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്നും കീഴ്‌ക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കി. 1991ലെ ആരാധനാലയ നിയമത്തിനെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ പ്രത്യേക ബെഞ്ചിന്റെ ഉത്തരവ്. 

മധ്യകാലഘട്ടത്തിൽ നിര്‍മ്മിക്കപ്പെട്ട പള്ളികളുടെയും ദർഗകളുടെയും ഉടമസ്ഥാവകാശം ഉന്നയിച്ച് രാജ്യത്ത് പല കോടതികളിലും ഹർജികൾ ഫയൽ ചെയ്യുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. 10 മുസ്ലിം ആരാധനാലയങ്ങള്‍ക്ക് മേല്‍ അവകാശം ഉന്നയിച്ച് ഹിന്ദുത്വ സംഘടനകള്‍ സമര്‍പ്പിച്ച 18 ഹർജികൾ വിവിധ കോടതികൾക്ക് മുമ്പിലുണ്ട്. ഈ ഹര്‍ജികളിലെല്ലാം തുടർനടപടികള്‍ തടഞ്ഞു. സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ ഇടക്കാല ഉത്തരവുകളോ അന്തിമ വിധിയോ നൽകരുതെന്ന് ജസ്റ്റിസുമാരായ പി വി സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരും അംഗങ്ങളായ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. 

സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15ന് ആരാധനാലയങ്ങളുടെ സ്വഭാവം എന്തായിരുന്നോ, ആ സ്ഥിതി തുടരണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് 1991ലെ ആരാധനാലയ നിയമം. നിയമത്തിന്റെ സാധുത നിലനിൽക്കുന്നിടത്തോളം ഇത്തരം ഹർജികളിൽ നടപടി സാധ്യമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടനാ ബെഞ്ച് അയോധ്യാ വിധിയിൽ നിയമത്തിന്റെ സാധുത സ്ഥിരീകരിച്ചിട്ടുണ്ടെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. അതേസമയം ഹിന്ദു സംഘടനകള്‍ക്കായി ഹാജരായ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു. ആരാധനാലയവുമായി ബന്ധപ്പെട്ടല്ല സര്‍വേകള്‍ നടത്തുന്നതെന്നും ഇതുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിയമം ചോദ്യംചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തില്‍ സര്‍വേ നടപടികള്‍ തുടരാന്‍ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

ആരാധനാലയ നിയമത്തിന്റെ രണ്ട്, മൂന്ന്, നാല് വകുപ്പുകള്‍ ചോദ്യം ചെയ്ത് ബിജെപി നേതാക്കളായ സുബ്രഹ്മണ്യന്‍ സ്വാമി, അശ്വനികുമാർ ഉപാധ്യായ ഉൾപ്പെടെ നൽകിയ ആറ് ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.