
തെരഞ്ഞെടുപ്പുകൾ അടുത്തതോടെ ജനങ്ങളോട് പറയാന്‍ വിഷയമില്ലാതെ വീണ്ടും ശബരിമലയിൽ കൈവച്ച് യുഡിഎഫും ബിജെപിയും. ബിജെപിയെ കടത്തിവെട്ടിയാണ് കോൺഗ്രസ് ശബരിമല തെരഞ്ഞെടുപ്പ് ആയുധമാക്കാൻ നീക്കം നടത്തുന്നത്. ഇതോടെ ശബരിമലയെ കോൺഗ്രസ് ഹൈജാക്ക് ചെയ്തെന്ന് ബിജെപി സംസ്ഥാന ഓൺലൈൻ ഭാരവാഹി യോഗങ്ങളിൽ വിമർശനമുയർന്നു. മുമ്പ് ശബരിമല യുവതീ പ്രവേശന വിധി വിഷയമാക്കി ബിജെപി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും വർഗീയത പടർത്തുന്നതിൽ യുഡിഎഫ് ഒരുപടി മുമ്പിൽ നിൽക്കുകയായിരുന്നു.
സമാനമായ സ്ഥിതിയാണ് ഇപ്പോഴുമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. അന്നും ബിജെപി സമരം ചെയ്തെങ്കിലും നേട്ടമുണ്ടാക്കിയത് കോൺഗ്രസാണ്. ഇത്തവണയും ഇരുകൂട്ടരും സമരം ചെയ്യുന്നുണ്ട്. ഇതിലൂടെ ഹിന്ദു വോട്ടർമാരിലേക്ക് കോൺഗ്രസ് കയറിച്ചെല്ലുന്നുണ്ടെന്നാണ് ബി ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ ഓൺലൈൻ യോഗത്തിൽ വിമര്‍ശിച്ചത്. കെപിസിസി പുനഃസംഘടന ഉൾപ്പെടെ കോൺഗ്രസിൽ വലിയ തോതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യമാണിത്. അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തുകയും ചെയ്തു. സമാനമായ അവസ്ഥ തന്നെയാണ് ബിജെപിയിലുമുള്ളത്. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിന് പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിട്ടില്ല. ഇടതു സർക്കാറിന്റെ ഭരണ നേട്ടങ്ങൾക്കുമുമ്പിൽ ഒന്നും പറയാനില്ലാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് പരസ്പരം മത്സരിച്ച് ശബരിമലയിൽ കയറിപ്പിടിക്കാനുള്ള ശ്രമം. 2018ലെ ശബരിമല സമരത്തിൽ ബിജെപിക്ക് ശക്തരായ നേതാക്കളെ അവതരിപ്പിക്കാൻ പറ്റിയിരുന്നു. എന്നാൽ ഇത്തവണ നേതൃത്വം അതിലും പരാജയപ്പെട്ടുവെന്നാണ് വിമർശനം. സംസ്ഥാന നേതൃത്വത്തിന് സമരങ്ങളിൽ താല്പര്യമില്ലെന്ന പ്രചരണവും ശക്തമാണ്.
ഇതിനെ പ്രതിരോധിക്കുന്ന രീതിയിലേക്ക് ഉയർന്നുവരാൻ നേതൃത്വത്തിനും സാധിച്ചിട്ടില്ലെന്നാണ് യോഗങ്ങളിലെ അമര്‍ഷം. ശബരിമല സമരത്തിന്റെ കടിഞ്ഞാൺ കോൺഗ്രസ് ഏറ്റെടുത്തപ്പോൾ കെ മുരളീധരനും ഷാഫി പറമ്പിലും വിശ്വാസ സംരക്ഷണത്തിനെത്തി. പേരാമ്പ്രയിൽ ഷാഫിക്ക് മർദനമേറ്റത് അയ്യപ്പന് വേണ്ടിയുള്ള സമരത്തിലാണെന്ന വ്യാഖ്യാനം സൃഷ്ടിക്കാൻ കോൺഗ്രസിന് സാധിച്ചുവെന്നാണ് ബിജെപിയിലെ ഒരു വിഭാഗം പറയുന്നത്. എന്നാല്‍ അയ്യപ്പനുവേണ്ടി വാവർ ഇറങ്ങി എന്ന ശക്തമായ പ്രചരമാണ് കോൺഗ്രസ് നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാൻ സാധിച്ചില്ലെങ്കിൽ ഹിന്ദു വോട്ടിൽ ശക്തമായ വിള്ളൽ വീഴുമെന്നാണ് ബിജെപിക്കുള്ളിലെ ഭയം. ഇതോടെ സെക്രട്ടേറിയേറ്റ് വളയൽ ഉൾപ്പെടെയുള്ള സമരങ്ങളിലേക്ക് കടക്കാനാണ് ബിജെപി നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.