സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലെയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. ഹിബാകുഷ എന്നും സംഘടന അറിയപ്പെടുന്നു.
ഹിരോഷിമയിലും നാഗസാക്കിയിലും ആണവ ആക്രമണം നടന്ന് 11 വർഷത്തിനുശേഷം 1956ലാണ് സംഘടന രൂപംകൊണ്ടത്. ജപ്പാനിലെ ആണവാക്രമണ അതിജീവിതരുടെ ഏക രാജ്യാന്തര സംഘടന കൂടിയാണിത്. സംഘടനയുടെ ഔദ്യോഗിക നേതൃത്വത്തിലുള്ളവരും അംഗങ്ങളുമെല്ലാം അതിജീവിതരാണ്. 2016 വരെയുള്ള കണക്കുകള്‍ പ്രകാരം 1.74 ലക്ഷം അതിജീവിതര്‍ ജപ്പാനിലുണ്ട്.
ലോകമെമ്പാടും ആണവായുധങ്ങള്‍ക്കെതിരെ വ്യാപകമായ എതിര്‍പ്പ് സൃഷ്ടിക്കാനും ഏകീകരിക്കാനും സംഘടന വലിയ പങ്കുവഹിച്ചതായി നൊബേല്‍ കമ്മിറ്റി വിലയിരുത്തി. രാജ്യങ്ങള്‍ ആയുധശേഖരം നവീകരിക്കുകയും പുതിയ ഭീഷണികള്‍ ഉയര്‍ന്നു വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ആണവ നിരോധനം എന്നത് സമ്മര്‍ദത്തിലാണെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
ഇറാൻ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്കായിരുന്നു സമാധാനത്തിനുള്ള കഴിഞ്ഞവർഷത്തെ നൊബേൽ പുരസ്‌കാരം. ഇറാനിലെ സ്തീകളെ അടിച്ചമർത്തുന്നതിനെതിരായും എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പോരാട്ടത്തെ വിലമതിച്ചായിരുന്നു പുരസ്കാരം.
ഈ വർഷത്തെ സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്കാരമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. 14നാണ് പ്രഖ്യാപനം. സാഹിത്യ, വൈദ്യശാസ്ത്ര, ഭൗതികശാസ്ത്ര, രസതന്ത്ര നൊബേലുകൾ കഴിഞ്ഞദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.