23 December 2024, Monday
KSFE Galaxy Chits Banner 2

കാര്‍ഷിക മേഖലയില്‍ ജീവനറ്റ പദ്ധതികള്‍

പ്രത്യേക ലേഖകന്‍
April 6, 2022 7:00 am

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ചെറിയ ഉള്ളി ഉല്പാദിപ്പിക്കുന്ന കര്‍ഷകര്‍ കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ വിറ്റഴിക്കുന്നുവെന്ന വാര്‍ത്ത എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത് കഴി‍ഞ്ഞ ദിവസമാണ്. കുറഞ്ഞ വിളവും കൂടിയ ഉല്പാദന ചെലവുമാണ് കര്‍ഷകരെ ഈ നഷ്ടക്കച്ചവടത്തിന് പ്രേരിപ്പിച്ചത്. കഠിനാധ്വാനത്തിന്റെ ഫലം അനുഭവിക്കാന്‍ കഴിയാതിരുന്ന കര്‍ഷകരുടെ പ്രതിഷേധം ജില്ലാ ഭരണകൂടത്തെ അറിയിക്കുക എന്ന ലക്ഷ്യംകൂടി ഈ നഷ്ടക്കച്ചവടത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ കോയമ്പത്തൂര്‍ കളക്ടറേറ്റ് ഓഫീസിന് പുറത്താണ് തങ്ങള്‍ ഉല്പാദിപ്പിച്ച ചെറിയ ഉള്ളിയുടെ വില്പന നടത്തിയത്. രാജ്യത്തിന്റെ വിവിധങ്ങളായ ഭാഗങ്ങളില്‍ സമാനമായ ചെറുതും വലുതുമായ രോഷപ്രകടനങ്ങളും പ്രതിഷേധങ്ങളും കര്‍ഷകരില്‍ നിന്നുണ്ട്. ആരെയും ഒന്നുമറിയിക്കാതെ സ്വയം ജീവനൊടുക്കുന്ന കര്‍ഷകര്‍ വേറെയും. അര ലക്ഷത്തിലേറെ കര്‍ഷകരാണ് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തതെന്ന് പാര്‍ലമെന്റ് രേഖകള്‍ പറയുന്നു. ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ വ്യാപകമായ ആത്മഹത്യകൾ, കടബാധ്യത, പരിഹരിക്കാനാകാത്ത ദാരിദ്ര്യം, പോഷകാഹാരക്കുറവ് എന്നിവ വര്‍ധിച്ചുവെന്ന പഠനം വന്നതും ഈയടുത്താണ്. പരിഹാരമാര്‍ഗം കര്‍ഷകരുടെ വരുമാനവളര്‍ച്ച മാത്രമാണ്. കര്‍ഷക സമരഘട്ടത്തില്‍ കേന്ദ്രഭരണകൂടം നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനമായിരുന്നു 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന പദ്ധതി. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ നേരിട്ട് പ്രഖ്യാപിച്ച ഈ പദ്ധതി അതിദയനീയമായി പരാജയപ്പെട്ടുവെന്നത് തുറന്ന സത്യമാണ്. പ്രഖ്യാപനത്തിനുശേഷം ഇങ്ങോട്ട് നിരവധി തടസങ്ങളായിരുന്നു പദ്ധതിക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായതും യുക്തിരഹിതവുമായ നയങ്ങള്‍ തന്നെയായിരുന്നു, ആ തടസങ്ങളില്‍ ഏറ്റവും പ്രധാനമായത്. ഇക്കാര്യങ്ങള്‍ അടിവരയിട്ട് പറയുന്നതാണ് പാര്‍ലമെന്റ് ഉപസമിതികളുടെ പഠനങ്ങള്‍. ഉള്ളിക്ക് ഒരു രൂപ വാങ്ങി വില്പന നടത്തേണ്ടിവന്ന സാഹചര്യം നേരത്തെ വിവരിച്ചതുപോലെ, തക്കാളി കിലോയ്ക്ക് മൂന്നു രൂപയ്ക്കും ഇഞ്ചി കിലോയ്ക്ക് അഞ്ച് രൂപയ്ക്കും വിൽക്കുന്ന അവസ്ഥയിലേക്ക് കര്‍ഷകരെത്തി. വിളവെടുപ്പ് കൂലി വില്പന വിലയേക്കാൾ വളരെ കൂടുതലായതിനാൽ പലരും വിളയിടത്തില്‍ത്തന്നെ അവ നശിപ്പിക്കുന്ന കാഴ്ചയും ഇന്ത്യക്ക് കാണേണ്ടിവന്നു. ഉല്പന്നങ്ങൾ പറിക്കാതെ ഉപേക്ഷിച്ചുമടങ്ങിയ നിരവധി കര്‍ഷകരുമുണ്ട്. കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്കരണം എന്നിവയുടെ ഡിമാൻഡ് ചർച്ചയ്ക്ക് ശേഷം ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടില്‍ തന്നെ ഈ ദുഃഖകരമായ അവസ്ഥ വിവരിക്കുന്നുവെന്നതാണ് അത്ഭുതം. എന്നിട്ടും കേന്ദ്ര സര്‍ക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ കര്‍ഷകരുടെ വരുമാന വര്‍ധനവിനായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് അമ്പരപ്പിക്കുന്നു. ഉല്പാദന ചെലവേറിയതും വില കുറച്ച് വില്പനയ്ക്ക് വയ്ക്കേണ്ടിവരികയും ചെയ്ത ഇത്തരം ഉല്പന്നങ്ങള്‍ രാജ്യത്തെ പൗരന്മാരുടെ ദൈനംദിന ആവശ്യമായതിനാൽ, വൻതോതിൽ ഇവ ഉല്പാദിപ്പിക്കുന്ന ഗ്രാമങ്ങൾ കണ്ടെത്തി കേന്ദ്ര മന്ത്രാലയം ഉടൻ കോൾഡ് ചെയിൻ സ്ഥാപിക്കണമെന്ന് പാര്‍ലമെന്റ് സമിതി ആവശ്യപ്പെട്ടതായാണ് രേഖകള്‍ പറയുന്നത്. എന്നാൽ സര്‍ക്കാര്‍ നടപടികളുടെ ഗൂഢലക്ഷ്യം മൂലം വരുമാനത്തിന്റെ യഥാര്‍ത്ഥ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. വളരെ ദയനീയമായ വിലയ്ക്ക് വിൽക്കാന്‍ അവിടെയും അവര്‍ നിര്‍ബന്ധിപ്പിക്കപ്പെടുകയാണ്. തുച്ഛമായ വിലയ്ക്ക് ഉല്പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നവര്‍ കമ്പോളത്തിലേക്ക് വന്‍ വിലയ്ക്ക് മറിക്കുകയാണ്. കാർഷിക ഉല്പന്നങ്ങളുടെ വിളവെടുപ്പും വിളവെടുപ്പിന് ശേഷമുള്ള നഷ്ടവും ദേശീയ തലത്തിൽ 92,651 കോടി രൂപയാണെന്നാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഔദ്യോഗിക കണക്ക്.


ഇതുകൂടി വായിക്കാം; കാര്‍ഷിക മേഖല: തുടരുന്ന അസ്വാസ്ഥ്യങ്ങള്‍


ഇന്ത്യയിൽ കാർഷികോല്പന്നങ്ങൾ വൻതോതില്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഭക്ഷ്യ വിലക്കയറ്റവും ഭക്ഷ്യസുരക്ഷാ പ്രശ്നവും പൗരന്റെ ആവശ്യത്തിനും ആരോഗ്യകരവുമായ രീതിയില്‍ ലഭിക്കുന്നില്ലെന്നാണ് പാര്‍ലമെന്റ് സമിതികളുടെ നിരീക്ഷണം. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും പോഷകാഹാരക്കുറവുള്ളവരാണെന്ന ലുധിയാനയിലെ സിഐപിഎച്ച്ഇടി നടത്തിയ പഠനം ഇതോട് ചേര്‍ത്ത് വായിക്കണം. മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കാത്തത്, നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഭക്ഷണ ശീലങ്ങളിലേക്ക് ഇന്ത്യന്‍ ജനതയെ കൊണ്ടെത്തിച്ചുവെന്നാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഭക്ഷ്യ സംസ്കരണ വ്യവസായ മേഖല ശരാശരി 11.18 ശതമാനം വാർഷിക വളർച്ചാ നിരക്കിലെത്തുകയും രാജ്യത്തെ രജിസ്റ്റർ ചെയ്ത എല്ലാ ഫാക്ടറികളിലും 12.38 ശതമാനം തൊഴിൽ നൽകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കാര്‍ഷിക മേഖലയ്ക്ക് അനുവദിച്ച തുക 2019–20 മുതൽ കഴിഞ്ഞ മൂന്ന് വർഷമായി ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം ചെലവഴിച്ചിട്ടില്ലെന്നതാണ് വസ്തുത. നൂറ് ശതമാനം വിനിയോഗത്തിനും പ്രശ്നങ്ങൾ/വെല്ലുവിളികൾ പരിശോധിക്കുന്നതിനും മന്ത്രാലയം അതിന്റെ പ്രവർത്തന പദ്ധതി മുൻകൂട്ടി തയാറാക്കണമെന്ന് പാര്‍ലമെന്റ് സമിതികള്‍ ശുപാർശ ചെയ്തിരിക്കുകയാണിപ്പോള്‍. ആവശ്യമായ നിർദേശങ്ങൾ പാര്‍ലമെന്റ് സമിതിയുടേതടക്കം വിവിധ കോണുകളില്‍ നിന്ന് ലഭിക്കുന്നത് വർഷം തോറും ആവർത്തിക്കുകയാണ്. എന്നാല്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ഒരു നിശബ്ദ കാഴ്ചക്കാരായി തുടരുകയാണ്. ഇക്കാര്യവും സമിതി നിരീക്ഷിച്ചതായി റിപ്പോര്‍ട്ടുകളിലുണ്ട്. ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തുന്നില്ല. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും അതിന്റെ പദ്ധതികൾ നടപ്പിലാക്കാൻ എപ്പോഴും സജ്ജരാകണം. കർമ്മ പദ്ധതികള്‍ തയാറാക്കണം. ഇപ്പോള്‍ പാര്‍ലമെന്റ് സമിതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് ഈ വിധമാണ്. എല്ലാ പ്രദേശങ്ങളും വികസിപ്പിച്ചാൽ മാത്രമേ കർഷകന്റെ വരുമാനം ഇരട്ടിയാക്കാനാവൂ എന്നാണ് സമിതി ഇക്കാര്യത്തില്‍ വിലയിരുത്തിക്കാണുന്നത്. എന്നാല്‍ പ്രാദേശികമായി എല്ലാം ചെയ്യണം നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തം മൂടിവയ്ക്കുന്നതിന് കൂടിയാണെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. 2008 മുതൽ നടത്തിവരുന്ന മെഗാ ഫുഡ് പാർക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പരിപാടികളിലൊന്നാണ്. ആരംഭിച്ചതിന് ശേഷം 41 മെഗാ ഫുഡ് പാർക്കുകൾ മാത്രമേ അനുവദിച്ചിട്ടുള്ളു. ഇതിൽ 22 എണ്ണം മാത്രമാണ് പ്രവർത്തനക്ഷമമായിട്ടുള്ളതെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. 2017ൽ ആരംഭിച്ച അഗ്രോ പ്രോസസിങ് ക്ലസ്റ്ററുകളുടെ അടിസ്ഥാന സൗകര്യ വികസനം സമിതി പ്രത്യേകം പരാമർശിക്കുന്നുണ്ട്. 68 പദ്ധതികൾക്ക് കേന്ദ്രം അംഗീകാരം നൽകിയെങ്കിലും ഇതുവരെ 12 എണ്ണം മാത്രമേ പൂർത്തീകരിച്ചിട്ടുള്ളൂ. ഇത് മന്ത്രാലയത്തിന്റെ ആസൂത്രണ അപാകതയും മെല്ലെപ്പോക്കുമാണെന്നാണ് സമിതി റിപ്പോര്‍ട്ട്. ഇതില്‍ അതൃപ്തി രേഖപ്പെടുത്തുന്നതായും റിപ്പോര്‍ട്ടില്‍ കുറിക്കുന്നു. പദ്ധതി ആരംഭിച്ച് 14 വർഷം പിന്നിട്ടിട്ടും അനുബന്ധമായി കാര്‍ഷിക സംസ്കരണ ക്ലസ്റ്ററുകൾ നൽകാനുള്ള കേന്ദ്രത്തിന്റെ തീരുമാനമുണ്ടായിട്ടും അതിനുള്ള പ്രതികരണം മന്ത്രാലയത്തില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാര്‍ ഈ പദ്ധതികളെ വെള്ളാനയാക്കി മാറ്റിയെന്നാണ് നിരീക്ഷണം. ഈവിധം നിരവധി പദ്ധതികള്‍ വേണ്ടത്ര വിനിയോഗമില്ലായ്മ കൊണ്ടും പലതും നിര്‍മ്മാണ മന്ദഗതിയാലും ഉഴലുന്നതായാണ് സമിതികള്‍ ചൂണ്ടിക്കാട്ടുന്നത്. അനുവദിച്ച ഫണ്ടിന്റെ പൂർണമായ വിനിയോഗവും പ്രവൃത്തി പൂര്‍ത്തിയാക്കാനുള്ള സമയക്രമവും മന്ത്രാലയങ്ങള്‍ പാലിക്കുന്നില്ലെന്നതാണ് കണ്ടെത്തലുകള്‍. ഇത്തരം ഗൗരവമായ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്കും പരിശോധനങ്ങള്‍ക്കും വിധേയമാക്കുന്നില്ലെന്നതാണ് കേന്ദ്രഭരണകൂടത്തിന്റെ രാഷ്ട്രീയവും കര്‍ഷക വിരുദ്ധ കാഴ്ചപ്പാടും.

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.