26 June 2024, Wednesday
KSFE Galaxy Chits

Related news

June 21, 2024
May 29, 2024
May 20, 2024
May 7, 2024
May 5, 2024
April 30, 2024
April 30, 2024
April 29, 2024
April 28, 2024
April 27, 2024

ഉത്തരേന്ത്യ വെന്തുരുകുന്നു

ഡല്‍ഹിയില്‍ രാജ്യചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില 
Janayugom Webdesk
ന്യൂഡല്‍ഹി
May 29, 2024 10:12 pm

കൊടുംചൂടില്‍ ഉത്തരേന്ത്യ വെന്തുരുകുന്നു. രാജ്യചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി ഡല്‍ഹി. മുംഗേ‌ഷ‌്പുര്‍ കാലാവസ്ഥാ നിലയത്തിലാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 02:30ന് 52.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയത്. മറ്റുചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും താപനില 50 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനിലെ ഫലോദിയില്‍ 51 ഡിഗ്രി സെല്‍ഷ്യസാണ് ബുധനാഴ്ച രേഖപ്പെടുത്തിയ താപനില. ഹരിയാനയിലെ സിര്‍സയില്‍ 50.3 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. അതേസമയം അറബിക്കടലില്‍ നിന്നുള്ള തണുത്ത കാറ്റിനെത്തുടര്‍ന്ന് തെക്കന്‍ രാജസ്ഥാനിലെ ബാര്‍മര്‍, ജോധ്പുര്‍, ഉദയ‌്പൂര്‍, സിരോഹി, ജലോര്‍ എന്നിവിടങ്ങളില്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ ഉഷ്ണതരംഗം കുറയുന്നതിന്റെ സൂചനയാണിതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം നിറഞ്ഞ കാറ്റ് എത്തുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ ഉത്തര്‍പ്രദേശിലെ ഉയര്‍ന്ന താപനിലയില്‍ ക്രമാനുഗതമായ കുറവുണ്ടാകും. താപനില ഉയരുന്നതിനനുസരിച്ച് ഡല്‍ഹിയിലെ വൈദ്യുത ഉപഭോഗവും സര്‍വകാല റെക്കോഡിലെത്തിയിട്ടുണ്ട്. 8302 മെഗാവാട്ട് ആണ് ഡല്‍ഹിയിലെ വൈദ്യുത ഉപഭോഗമെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. കടുത്ത ചൂടിനെ തുടർന്ന് ഹരിയാന സർക്കാർ സ്കൂളുകളുടെ വേനലവധി നേരത്തെയാക്കി. അതേസമയം ഡല്‍ഹിയില്‍ 52.3 ഡിഗ്രി ചൂട് രേഖപ്പെടുത്തിയെന്നത് അമ്പരിപ്പിക്കുന്നതാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഭൗമശാസ്ത്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഡാറ്റയുടെ കൃത്യത പരിശോധിക്കാൻ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. സെൻസറിലെ പിശക് മൂലമോ പ്രാദേശിക ഘടകങ്ങൾ മൂലമോ ഇത്തരത്തില്‍ കൂടുതല്‍ താപനില രേഖപ്പെടുത്തിയേക്കാമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു. 

അതിനിടെ ഡല്‍ഹിയില്‍ വേനലിനൊപ്പം ജലക്ഷാമവും രൂക്ഷമായി. ജലം പാഴാക്കുന്നവരില്‍ നിന്നും 2000 രൂപ പിഴ ഈടാക്കുമെന്ന് മന്ത്രി അതിഷി മര്‍ലേന അറിയിച്ചു. ജലം പാഴാക്കുന്നത് നിരീക്ഷിക്കാന്‍ 200 ഉദ്യോഗസ്ഥ സംഘങ്ങളെ രൂപീകരിക്കാനും ജലവിതരണ ബോര്‍ഡ് സിഇഒ അന്‍പരസുവിന് മന്ത്രി നിര്‍ദേശം നല്‍കി. ശുദ്ധജലം ഉപയോഗിച്ച് വാഹനം കഴുകരുതെന്നും, ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള ജലം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും മന്ത്രി പറഞ്ഞു. അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ പിഴ ചുമത്തും. ഹരിയാന സര്‍ക്കാര്‍ ഡല്‍ഹിക്ക് ഈ മാസത്തെ ജല വിഹിതം നല്‍കിയില്ലെന്ന് കഴിഞ്ഞ ദിവസം അതിഷി ആരോപിച്ചിരുന്നു. 

Eng­lish Summary:North India is burning

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.