26 March 2025, Wednesday
KSFE Galaxy Chits Banner 2

ന്യായാധിപന്മാർ മാത്രമല്ല വീടുകളും വീട്ടുകാരും വിശുദ്ധമാകണം

Janayugom Webdesk
March 24, 2025 5:00 am

രാജ്യത്തെ നീതിപീഠങ്ങളിലെ ചില പുഴുക്കുത്തുകൾക്കുനേരെ വിരൽചൂണ്ടുന്ന സംഭവങ്ങളിൽ ഒന്നാണ് ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയ സംഭവം. ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായി രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്നിശമന സേനയാണ് പണക്കൂമ്പാരം കണ്ടെത്തിയത്. ഞായറാഴ്ച ഡൽഹി ഹൈക്കോടതി നൽകിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് സുപ്രീം കോടതി പുറത്തുവിട്ട ദൃശ്യങ്ങളിൽ കത്തിയനിലയിലും അല്ലാതെയും പണം കാണാനാകുന്നുണ്ട്. 15 കോടിയെന്ന് മാത്രമേ പിടികൂടിയ തുക തിട്ടപ്പെടുത്തുവാനായിട്ടുള്ളു. കത്തിപ്പോയതടക്കം അതിനെക്കാൾ കൂടുതലാകാൻ സാധ്യത തള്ളിക്കളയാനാകില്ല. സംഭവം പുറത്തായ ഉടൻതന്നെ യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്നതിനുള്ള തീരുമാനം കൊളീജിയം യോഗം ചേർന്ന് പ്രഖ്യാപിച്ചിരുന്നു. നോട്ട് കണ്ടെത്തിയത് അന്വേഷിക്കുവാൻ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്ധാവാല, കർണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ എന്നിവരടങ്ങിയ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിട്ടുണ്ട്. ഡൽഹി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ട് സുപ്രീം കോടതി പരസ്യപ്പെടുത്തുകയും ചെയ്തു. ന്യായാധിപന്മാരുടെ അഴിമതിയും അവർക്കെതിരെയുള്ള മറ്റ് ആരോപണങ്ങളും പുതിയ കാര്യമല്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ രഞ്ജൻ ഗോഗോയിക്കെതിരെ ലൈംഗികാരോപണമുയർന്ന സംഭവമുണ്ടായി. അലഹബാദ് ഹെെക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് അടുത്ത കാലത്ത് നടത്തിയ വിദ്വേഷ പ്രസംഗവും വലിയ വിവാദമായിരുന്നതാണ്. എന്നാൽ ഫലപ്രദമായ നടപടികളുണ്ടായില്ല. യശ്വന്ത് വർമ്മയെക്കുറിച്ചുള്ള പുതിയ ആരോപണം ന്യായാധിപന്മാരെക്കുറിച്ചുയരുന്ന പരാതികളിലെ അന്വേഷണം, തുടർനടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച പുനരാലോചനയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. 

ന്യായാധിപന്മാർക്കെതിരായ പരാതികൾ ആഭ്യന്തര നടപടിക്രമങ്ങളിലൂടെ കൈകാര്യം ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, പക്ഷപാതിത്വം, കഴിവില്ലായ്മ, ലൈംഗികാരോപണങ്ങൾ എന്നിങ്ങനെ വിഷയങ്ങളിൽ പരാതികൾ ഉയരാറുണ്ട്. എന്നാൽ എല്ലാത്തിലും ആഭ്യന്തര സംവിധാനത്തിലൂടെയുള്ള തീർപ്പുകല്പിക്കലാണ് നടക്കുന്നത്. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് 2018ലെ കണക്ക് പ്രകാരം 13 പരാതികൾ അന്വേഷിച്ചുവെങ്കിലും 10എണ്ണവും തള്ളുകയായിരുന്നുവെന്നാണ് പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ചിന്റെ റിപ്പോർട്ടിലുള്ളത്. 2017 ജനുവരി ഒന്ന് മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ കേന്ദ്രീകൃത പൊതുപരാതി പരിഹാര, നിരീക്ഷണ സംവിധാനത്തിലേക്ക് ജുഡീഷ്യറിയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള 1,631 പരാതികളാണ് ലഭിച്ചത്. ഇതെല്ലാം സുപ്രീം കോടതി, ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് അയച്ചുവെന്ന് 2022 മാർച്ചിൽ ലോക്‌സഭയിൽ നൽകിയ മറുപടിയിൽ പറയുന്നുണ്ട്. പക്ഷേ ഇതിന്റെ തുടർനടപടികൾ എന്തായെന്ന് ആർക്കുമറിയില്ല. അതിനുള്ള പ്രധാന കാരണം ആരോപണങ്ങളോ പരാതികളോ ഉന്നയിക്കപ്പെടുന്ന ന്യായാധിപന്മാരെ സംരക്ഷിക്കുന്ന വിധികൾ പല കോടതികളിൽ നിന്നുമുണ്ടായെന്നുള്ളതാണ്. 1999ൽ നടപ്പിലായ ആഭ്യന്തര സംവിധാനം തന്നെ സംശയാസ്പദമാണെന്നിരിക്കെ, 2003ലെ ഒരു വിധിന്യായം ഉദ്ധരിച്ച്, ഈ സംവിധാനത്തിന് കീഴിലുള്ള അന്വേഷണ റിപ്പോർട്ടുകൾ രഹസ്യമാണെന്ന് സുപ്രീം കോടതി വിധിച്ചു. പരാതി ലഭിച്ചാൽ ന്യായാധിപന്മാർ തന്നെ അന്വേഷിക്കുകയും തുടർനടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഈ രീതി പലപ്പോഴും പരസ്പര സഹായസംഘം പ്രവർത്തനം പോലെയാകുന്നുവെന്ന സംശയമുണ്ടാകുന്നുണ്ട്. നടപടിക്രമങ്ങൾ രഹസ്യമായിരിക്കണമെന്ന വിധികളിലൂടെ ഇക്കാര്യങ്ങൾ പുറത്തുവരുന്ന സാഹചര്യം തടയപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെ അന്വേഷണ തല്പരരായ മാധ്യമപ്രവർത്തകരുടെ കഠിന ശ്രമഫലമായി പുറത്തുവരുന്ന ചില വാർത്തകളല്ലാതെ ന്യായാധിപന്മാർക്കെതിരായ പരാതികളെക്കുറിച്ചുള്ള നടപടിക്രമങ്ങൾ അജ്ഞാതമായി നിലകൊള്ളുന്നു. 

യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിൽ നിന്ന് ലഭ്യമായ അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്വമേധയാ തീരുമാനിച്ചതനുസരിച്ച് വൈബ്സെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം തന്നെ രൂപീകരിച്ചിരിക്കുന്ന മൂന്നംഗ ജുഡീഷ്യൽ സമിതിയുടെ തുടർനടപടികൾ പുറത്തുവരണമെന്നില്ല. ഈ സാഹചര്യത്തിൽ സീസറുടെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണമെന്ന തത്വം ഇന്ത്യയിലെ നീതിന്യായ സംവിധാനങ്ങൾക്കും ബാധകമാക്കണം. അതിനായി ന്യായാധിപന്മാർ മാത്രമല്ല അവരുടെ വീടും വീട്ടുകാരുമെല്ലാം വിശുദ്ധരായിരിക്കണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. അതിനനുസൃതമായ നടപടികൾ നമ്മുടെ കോടതികളിൽ നിന്നുണ്ടാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.