7 December 2025, Sunday

Related news

November 4, 2025
November 3, 2025
August 15, 2025
August 11, 2025
July 25, 2025
June 25, 2025
June 18, 2025
June 16, 2025
May 19, 2025
April 24, 2025

ഇനി കേരളത്തിന്റെ ‘നിധി’; ഐസിയുവില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും

Janayugom Webdesk
കൊച്ചി
April 9, 2025 10:09 pm

ഝാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെൺ കുഞ്ഞ് പൂർണ ആരോഗ്യവതി. എറണാകുളം ജനറൽ ആശുപത്രിയിൽ ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം നാളെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും.
ആശുപത്രി സൂപ്രണ്ടിന്റെ അഭ്യർത്ഥന മാനിച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് കുഞ്ഞിന് ‘നിധി’ എന്ന് പേരിട്ടു. ഓരോ കുഞ്ഞും അമൂല്യ സമ്പത്താണ്, ഈ മകളും. അതുകൊണ്ടുതന്നെയാണ് ‘നിധി’ എന്ന പേരിട്ടതെന്ന് മന്ത്രി പറഞ്ഞു, കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ഝാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികൾ, പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനിൽ വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായത്. തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. 

ഒരു കിലോയിൽ താഴെ മാത്രം ഭാരമുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ അവർ സ്വകാര്യ ആശുപത്രിയിലെ എൻഐസിയുവിലേയ്ക്ക് മാറ്റി. പിന്നീട് അച്ഛനേയും അമ്മയേയും കാണാതെയായി. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി വീണാ ജോർജ് കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാൻ നിർദേശം നൽകി. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കി. കുഞ്ഞിന്റെ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിൽ ചെലവായ തുക ആരോഗ്യ വകുപ്പ് ഡയറക്ടർ നിശ്ചയിക്കുന്ന പ്രകാരം വനിത ശിശുവികസന വകുപ്പിന്റെ ബാലനിധിയിലൂടെ അനുവദിക്കാനും തീരുമാനിച്ചു. 

എറണാകുളം ജനറൽ ആശുപത്രിയിലെ സ്പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റിലെ എല്ലാവരുടേയും പൊന്നോമനയാണ് ‘നിധി’ ഇന്ന്. ഇവിടെ എത്തിക്കുമ്പോൾ 950 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. ഒരാഴ്ചയോളം കുഞ്ഞിന് ഓക്സിജൻ നൽകിയിരുന്നു. അനീമിയ ഉണ്ടായിരുന്നതിനാൽ രണ്ട് പ്രാവശ്യം രക്തം നൽകി. ആശുപത്രിയിലെ മിൽക്ക് ബാങ്കിൽ നിന്നും കുഞ്ഞിനാവശ്യമായ മുലപ്പാൽ നൽകുന്നുണ്ട്. 

പൂർണ ആരോഗ്യവതിയായ കുഞ്ഞിനിപ്പോൾ മൾട്ടി വിറ്റാമിനും അയൺ ഡ്രോപ്സും മാത്രമാണ് നൽകുന്നത്. ഇപ്പോൾ കുഞ്ഞിന് 37 ആഴ്ച പ്രായവും രണ്ടര കിലോ തൂക്കവുമണ്ട്. സാധാരണ കുട്ടികളെ പോലെ പാൽ കുടിക്കാൻ കഴിയുന്ന അവസ്ഥയിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിർഷായുടെ ഏകോപനത്തിൽ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വിനീത, സ്പെഷ്യൽ ഓഫിസര്‍ ഡോ. വിജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരടങ്ങിയ ടീം എന്നിവരാണ് കുഞ്ഞിനെ ചികിത്സിച്ചത്. ബന്ധുക്കളാരും ഇല്ലാത്തതിനാൽ കുഞ്ഞിന്റെ പ്രത്യേക പരിചരണം നടത്തിയത് ന്യൂബോൺ കെയറിലെ നഴ്‌സുമാരാണ്. വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരുടെ പിന്തുണയുമുണ്ടായിരുന്നു. കുഞ്ഞിന് മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കിയ എറണാകുളം ജനറൽ ആശുപത്രിയിലെ സംഘത്തെ മന്ത്രി അഭിനന്ദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.