24 November 2024, Sunday
KSFE Galaxy Chits Banner 2

കൈനകരി തങ്കരാജ് അന്തരിച്ചു

Janayugom Webdesk
കൊല്ലം
April 3, 2022 8:41 pm

പ്രശസ്ത നാടക-ചലച്ചിത്ര നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസായിരുന്നു. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയായ ‘കൈനഗിരി‘യിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് കേരളപുരത്തെ വീട്ടുവളപ്പില്‍ നടക്കും.
പന്ത്രണ്ടാം വയസിലാണ് തങ്കരാജ് ആദ്യമായി വേദിയില്‍ കയറുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബാലസംഘം അവതരിപ്പിച്ച ‘മതിലുകള്‍ ഇടിയുന്നു’ എന്ന നാടകത്തില്‍ ബാലന്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി. പിന്നീട് കമ്മ്യൂണിസ്റ്റ് സഹയാത്രികനായി. എട്ട് വര്‍ഷം അമച്വര്‍ നാടകവേദിയിലെ സജീവസാന്നിദ്ധ്യമായിരുന്നു. ഇരുപതാം വയസില്‍ നൂറനാട് ‘ശില്‍പ്പശാല’യിലൂടെ ഓച്ചിറ ശങ്കരന്‍കുട്ടി, അടൂര്‍ പങ്കജം, മാവേലിക്കര പൊന്നമ്മ എന്നിവരോടൊപ്പം അരങ്ങിലെത്തി. തുടര്‍ന്ന് നാടകപ്രവര്‍ത്തനം ആലപ്പുഴയിലേയ്ക്ക് മാറ്റി. ചങ്ങനാശേരി ഗീഥയില്‍ അഞ്ച് വര്‍ഷം. 1980 വരെ അടൂര്‍ ജയ തിയേറ്റേഴ്സ്, കായംകുളം പീപ്പിള്‍സ് തിയേറ്റേഴ്സ്, ആലപ്പി തിയേറ്റേഴ്സ് എന്നിവയില്‍ പ്രധാന നടനായി. 82 മുതല്‍ 85 വരെ നാല് വര്‍ഷം കെപിഎസിയിലുണ്ടായിരുന്നു.
വൈക്കം വിശ്വന്‍ പ്രസിഡന്റായും കൈനകരി തങ്കരാജ് ജനറല്‍ സെക്രട്ടറിയായും 1979ല്‍ കേരളത്തില്‍ നാടകപ്രവര്‍ത്തക യൂണിയന്‍ രൂപംകൊണ്ടു. യൂണിയന്‍ ഉണ്ടാക്കിയതിന്റെ പേരില്‍ നാടകസമിതികള്‍ തങ്കരാജിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തി. ഒടുവില്‍ വസ്തു വിറ്റുകിട്ടിയ പണവുമായി മദ്രാസിലേയ്ക്ക് വണ്ടി കയറി. ‘അച്ചാരം അമ്മിണി’ ഉള്‍പ്പെടെയുള്ള ഏഴോളം സിനിമകളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ഇതിനിടയിലാണ് എസ്എല്‍ പുരം സദാനന്ദന്‍ കെപിഎസിയിലെത്തുന്നത്. ‘സിംഹം ഉറങ്ങുന്ന കാട്’ എന്ന നാടകം കെപിഎസിക്കുവേണ്ടി എഴുതി. അതില്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ എന്നൊരു കഥാപാത്രമുണ്ട്. എസ്എല്‍ പുരത്തിന് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളു. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കൈനകരിയെ കിട്ടണം. കെപിഎസിക്കാര്‍ മദ്രാസിലെത്തി ആവശ്യം പറഞ്ഞു. നാടകത്തെ എന്നും നെഞ്ചേറ്റിയ ആ കലാകാരന്‍ കെപിഎസി എന്ന് കേട്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. സിനിമ വലിച്ചെറിഞ്ഞ് അവരോടൊപ്പം പോന്നു. ‘കയ്യും തലയും പുറത്തിടരുത്’, ‘വിഷസര്‍പ്പത്തിന് വിളക്ക് വയ്ക്കരുത്’ എന്നീ നാടകങ്ങളിലും തങ്കരാജിന് പ്രധാന വേഷമായിരുന്നു.
ദേശീയ നാടക മത്സരത്തില്‍ നല്ല നടന്‍ ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍. 60 വര്‍ഷം നീണ്ട കലാ സപര്യയില്‍ പതിനായിരത്തിലധികം നാടകസ്റ്റേജുകള്‍, 25 സിനിമകള്‍, 20 സീരിയലുകള്‍. മലയാള സിനിമയിലെ എക്കാലത്തെയും അരാജകവാദി ജോണ്‍ എബ്രഹാമിന്റെ നിഴലായിരുന്നു കൈനകരി ഏറെനാള്‍. ജോണ്‍ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍’ എടുക്കുമ്പോള്‍ കൈനകരി സഹസംവിധായകനായിരുന്നു.
പ്രശസ്ത നാടകപ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. ‘അണ്ണന്‍ തമ്പി’, ‘ഈ മ യൗ’, ‘ആമേന്‍’, ‘ഹോം’ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധനേടിയതാണ്. ഭാര്യ: രാധാമണി. മക്കള്‍: കവിത, നികേഷ്, കൊച്ചുമോള്‍. മരുമക്കള്‍: അനിരുദ്ധന്‍, സിന്ധു, ചന്ദ്രന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.