3 December 2024, Tuesday
KSFE Galaxy Chits Banner 2

നേന്ത്രവാഴയ്ക്ക് രണ്ടു നനയുടെ കുറവുണ്ട്!

ദേവിക
വാതിൽപ്പഴുതിലൂടെ
August 23, 2021 5:23 am

പണ്ടുകാലത്തെയും ഇന്നത്തെയും കല്യാണസദ്യകളെക്കുറിച്ച് ഓണനാളില്‍ ഒന്നോര്‍ത്തുപോയി. അന്നാണെങ്കില്‍ നളപാചകവിദഗ്ധര്‍ ഒരുക്കുന്ന കെങ്കേമന്‍ സദ്യകളായിരുന്നു. ഇന്നാണെങ്കിലോ കാറ്ററിങ് വിദഗ്ധര്‍ വിളമ്പുന്ന ഇന്‍സ്റ്റന്റ് സദ്യകള്‍. പ്ലാസ്റ്റിക് തൂശനിലയില്‍ വിളമ്പുന്ന ചോറുണ്ണുന്ന ചെറുതരക്കാരി പെണ്ണുങ്ങളെ ഒന്നു കാണണം. താലിബാന്‍ ഭീകരര്‍ തോക്കുചൂണ്ടി ഭക്ഷണം കഴിപ്പിക്കുന്നതുപോലുള്ള പടുതി. തള്ളവിരലും ചൂണ്ടുവിരലും നടുവിരലും പിണച്ചുചേര്‍ത്ത് അതിനുള്ളില്‍ മൂന്നു വറ്റെടുത്ത് വായ്ക്കുള്ളിലേക്ക് തിരുകുമ്പോള്‍ ലിപ്സ്റ്റിക്കുപോലും മാഞ്ഞുപോകാത്ത കരുതല്‍. സദ്യയുണ്ണുന്നത് ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്നപോലെ. സദ്യ കഴിഞ്ഞ് കൈകഴുകുന്നതുവരെ അവര്‍ക്ക് ആകെയൊരു വിമ്മിട്ടം. ജയില്‍മോചനം കിട്ടിയ മട്ടില്‍ സദ്യാലയത്തില്‍ നിന്നൊരു പാച്ചിലാണ്!

പണ്ടൊക്കെ ഇങ്ങനെയായിരുന്നോ. പാചകശിരോമണികള്‍ കാലേകൂട്ടി പെണ്‍വീട്ടുകാരോടു തിരക്കും, മണവാളന്‍ എവിടെ നിന്നാണെന്ന്. ചില പ്രദേശങ്ങളില്‍ എവിടെ നിന്നെങ്കിലുമാണെങ്കില്‍ അഞ്ചു ചെമ്പ് അരിയുടെ ചോറ് അധികം കരുതാനാണ്. കാരണം ചെക്കന്‍ വീട്ടുകാരുടെ സംഘത്തില്‍ ബകന്മാരും തീറ്റപ്പണ്ടാരത്തികളുമായിരിക്കും. ഇന്നത്തെപ്പോലെ കുഞ്ഞന്‍ പാത്രങ്ങളില്‍ സ്റ്റീല്‍ തവികൊണ്ടും സ്പൂണ്‍ കൊണ്ടുമല്ല വിളമ്പല്‍. മുളനാരുകളിലുണ്ടാക്കിയ വലിയ അരിവട്ടികളിലാണ് ചോറു വിളമ്പുന്നത്. ഒരു വട്ടിയില്‍ ഒരു പറ അരിയുടെ ചോറുണ്ടാകും. നാലുപേര്‍ക്ക് വിളമ്പുമ്പോള്‍ ചോറുവട്ടി ശൂന്യം. പരിപ്പും പര്‍പ്പടവും നെയ്യും പിന്നീട് സാമ്പാറും പുളിശ്ശേരിയും രസവും മോരും കാളനും ഓലനുമൊക്കെയായി ഒരു സെവന്‍ കോഴ്സ് അഫയറാകും വിളമ്പല്‍. ഇടയ്ക്കിടെ അടപ്രഥമന്‍, നേന്ത്രപ്പഴപ്രഥമന്‍, ചേനപ്രഥമന്‍, ചക്കപ്രഥമന്‍ എന്നിത്യാദി കൂടിയായി. മൂന്നു വിരല്‍ കൊണ്ടല്ല അന്നു സദ്യയൂണ്. കറികളുമായി കുഴച്ച് ഭൂഗോള പരുവത്തിലാക്കിയ ചോറുണ്ടകള്‍ വായ്ക്കുള്ളിലേക്ക് കൃത്യമായി ഒരേറാണ്. ചവയ്ക്കലും അരയ്ക്കലുമൊന്നുമില്ല, ചോറുഗോളം നേരെ ആമാശയത്തിലേക്ക്. സദ്യകഴിഞ്ഞാല്‍ നാലുംകൂട്ടി മുറുക്കി സദ്യയുടെ വര്‍ണനയായി കല്യാണം ഉണ്ണികാര്‍ന്നോന്മാരും കാര്‍ന്നോത്തികളും. എങ്കിലും ഇക്കൂട്ടത്തില്‍ ചില ദോഷൈകദൃക്കുകളും സാധാരണം. എന്തെങ്കിലും ഒരു കുറ്റം പറഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ല. രുചിയോടെ ഒരു ഒന്നൊന്നര പറ വിഭവങ്ങള്‍ അകത്താക്കി ഒരു നിരൂപകന്‍ ഏമ്പക്കം വിട്ടുകൊണ്ടു പറയും, ‘നേന്ത്രപ്പഴം പ്രഥമന്‍ അത്രയ്ക്കങ്ങോട്ടു ശരിയായില്ല. നേന്ത്രവാഴയ്ക്ക് രണ്ടു നനയുടെ കുറവുണ്ട്!’

ഈ പഴംപ്രഥമന്‍ നിരൂപകനെയോര്‍ത്തപ്പോള്‍ ഈ വംശം കുറ്റിയറ്റുപോയില്ലെന്നുറപ്പായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനിലുടെ പഴയ കാര്‍ന്നോരുടെ പുനര്‍ജനി. മഹാമാരിയുടെ ഈ കെട്ട കാലത്ത് സര്‍ക്കാര്‍ മലയാളികള്‍ക്കാകമാനം ഓണസമ്മാനമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. ഈ കിറ്റില്‍ നിന്നുള്ള വിഭവങ്ങള്‍ കൊണ്ട് ഓണസദ്യയൊരുക്കുന്നതിനിടെ പഴയ കാര്‍ന്നോരെപ്പോലെ സതീശന്‍ പുരപ്പുറത്തു കയറി നിന്ന് വിളിച്ചു കൂവി; കിറ്റില്‍ ഭക്ഷ്യവിഭവങ്ങളില്ല. നിറയെ അഴിമതിയാണ്. രണ്ട് ഏലയ്ക്ക തെല്ലുമണം കുറവ്, ഏലത്തോട്ടങ്ങളിലെ രണ്ടു നനയുടെ കുറവാണ് രണ്ട് ഏലയ്ക്കാകളില്‍. ചാനലുകളും ഏറ്റുപാടിയപ്പോള്‍ സതീശന് ആവേശം കയറി. ‘രണ്ടേലയ്ക്കാ പാഴായി, ഇടതു സര്‍ക്കാര്‍ രാജി വയ്ക്കുക!’ എന്നായി മുദ്രാവാക്യം. കിറ്റുവാങ്ങി ഓണമുണ്ടവര്‍ പരസ്പരം നോക്കി കണ്ണുതള്ളി. വികെഎന്‍ പറഞ്ഞ പോലെ ജനം ചിരിച്ചു മണ്ണുകപ്പി. മണ്ണു തൂകിക്കളഞ്ഞിട്ട് അവര്‍ ഓണമുണ്ടു. ചിലര്‍ പറഞ്ഞു, ഇത്തരം കുമ്മാട്ടി സതീശന്മാരില്ലെങ്കില്‍ പിന്നെ ഓണത്തിനെന്തു ചന്തം!

ഗോമൂത്രത്തിനോ മനുഷ്യമൂത്രത്തിനോ കൊറോണാ വൈറസിനെ കൊല്ലാന്‍ ശക്തികൂടുതല്‍? മോഡിയും അമിത് ഷായും ഉള്ളിസുരയും കേന്ദ്രമുരളിയും പറയും ഗോമൂത്രത്തിനെന്ന്, ഗോമൂത്രവും ചാണകവും സമാസമം കലര്‍ത്തി സേവിച്ചാല്‍ ബഹുവിശേഷമെന്നും അവര്‍ പറയും. അതിനെക്കാള്‍ വീര്യം കൂടിയ മരുന്ന് ബിജെപി ഭരിക്കുന്ന അസമിലെ ഗുവാഹത്തിയില്‍ പൂരിയും നാരങ്ങാവെള്ളവും വില്ക്കുന്ന ഒരു ചെറുപ്പക്കാരൻ‍ കണ്ടുപിടിച്ചിരിക്കുന്നു. ഈ വാക്സിന്റെ നിര്‍മ്മാണ രഹസ്യം ചോര്‍ന്നാല്‍‍ സര്‍വവും ചോര്‍ന്നു. മഞ്ഞനിറത്തിലുള്ള ഒരു മഗ് എടുക്കുക, മഗ് ടി-ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിക്കുക, നേരേ അതിനുള്ളില്‍ മൂത്രമൊഴിക്കുക, മൂത്രം നാരങ്ങാവെള്ളം തയാറാക്കാനുള്ള വെള്ളത്തിലേക്കൊഴിക്കുക, അല്പം മൂത്രം തറയിലേക്ക് ഒഴിക്കുക, മൂത്രം വെള്ളവുമായി ചേരുംപടി ചേരണമല്ലോ. ആ വെള്ളത്തില്‍ നാരങ്ങാനീരൊഴിച്ചു കലക്കി ഉപ്പോ പഞ്ചസാരയോ ചേര്‍ത്ത് പൂരിയോടൊപ്പം വിളമ്പുക. ഓണസദ്യയെക്കാള്‍ കേമമായ അസമിസ് സദ്യ. മൂത്രബോഞ്ചിയും പൂരിയും കഴിക്കുന്നവരെ കണ്ടാല്‍ കൊറോണ വൈറസ് പമ്പകടക്കും. എന്തു ചെയ്യാന്‍! ഏതോ വിരുതന്‍ മൊബൈലിലൂടെ ഈ വാക്സിന്‍ നിര്‍മ്മാണം പകര്‍ത്തി സമൂഹമാധ്യമങ്ങളിലിട്ടു. യുവശാസ്ത്രജ്ഞന്‍ അകത്തുമായി. യുവശാസ്ത്രജ്ഞര്‍ക്കും ഇന്ത്യയില്‍ രക്ഷയില്ലാതായി. ചാണക‑ഗോമൂത്ര വാക്സിന്റെ കുത്തകതകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നു മോഡിയും.

പ്രബുദ്ധകേരളമെന്നു പറഞ്ഞ് നാം ബലംപിടിക്കുന്നതിനും മസില്‍ പെരുക്കിക്കാട്ടുന്നതിനും അതിരില്ല, പഴയ നന്മകള്‍ തിരികെ കൊണ്ടുവരാന്‍ നാം നവോത്ഥാനമതിലുകളും തീര്‍ക്കും. എന്നാല്‍ മനുവാദത്തിന്റെ കോഴിപ്പൂടകള്‍ ഇപ്പോഴും പ്രബുദ്ധ കേരളത്തിന്റെ തലയില്‍ തൂവലുകളായാലോ. കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ഒരു പ്രഖ്യാപനമങ്ങു നടത്തി. ശബരിമലയിലെയും മാളികപ്പുറത്തേയും മേല്‍ശാന്തിമാരായി മലയാള ബ്രാഹ്മണരേ പാടുള്ളൂവെന്ന്. മറ്റെല്ലാം അവര്‍ണര്‍. അവര്‍ണ പൂജാരിമാരെ നിയമിക്കുന്ന ഇടതുസര്‍ക്കാരിന്റെ കാലത്താണ് ഈ വിലക്കെന്ന് ഓര്‍ക്കുക. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ സ്ത്രീകളെയും പൂജാരിമാരാക്കുന്ന സ്റ്റാലിന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെയാണ് മലയാളി ബ്രാഹ്മണര്‍ക്കല്ലാത്തവര്‍ക്ക് അയിത്തം കല്പിക്കുന്ന ലജ്ജാകരമായ ഈ ഉത്തരവ്. മലയാള ബ്രാഹ്മണരേ ശബരിമലയില്‍ പൂജാരിമാരാകാന്‍ പാടുള്ളൂ എന്ന് വാസുവിന് ഉപദേശിച്ചു കൊടുത്തത് ശബരിമല തന്ത്രിമാരുടെ കുടുംബമായ മലയാളി ബ്രാഹ്മണരുടെ താഴ്‌മണ്‍ തന്ത്രിമാരും. അവരിലെ ഇപ്പോഴത്തെ കാരണവരായ തന്ത്രി കണ്ഠരര് മോഹനരെ ഓര്‍മ്മയില്ലേ. പണ്ട് കൊച്ചിയിലെ ഒരു വേശ്യാലയത്തില്‍ നഗ്നനാക്കി നിര്‍ത്തി ആക്രമിക്കപ്പെട്ട് കൊള്ള ചെയ്യപ്പെട്ടയാള്‍, ഇതേ തുടര്‍ന്ന് നിയമിതനായ ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിഷനു മുന്നില്‍ ഹാജരായ മോഹനര്. ജസ്റ്റിസ് പരിപൂര്‍ണന്‍ അന്ന് തന്ത്രി മോഹനരോടു ചേദിച്ചു; ഗണപതിയുടെ നക്ഷത്രമേതാണെന്ന്. അറിയില്ലെന്ന് മോഹനര്. വേശ്യാലയക്കേസില്‍ നക്ഷത്രമെണ്ണുന്ന തന്ത്രിക്കറിയുമോ ഗണപതിഭഗവാന്റെ നാളും ഗ്രഹനിലയും. ആ പണ്ഡിതരാണ് വാസുവിനെ ഉപദേശിച്ചത്.

കുറഞ്ഞ പക്ഷം ചരിത്രമെങ്കിലും അദ്ദേഹം ഈ പ്രഖ്യാപനം നടത്തുന്നതിനു മുമ്പ് വായിച്ചു നോക്കണമായിരുന്നു. ആലപ്പുഴ മുഹമ്മയിലെ ചിരപ്പന്‍ചിറ തറവാട്ടിലാണ് അയ്യപ്പന്‍ ആയോധനവിദ്യ അഭ്യസിച്ചത്. അഭ്യാസ പരിശീലനത്തിനിടെ അയ്യപ്പന്‍ തറവാട്ടുകാരണവരായ ചിരപ്പന്‍ചിറ പണിക്കരുടെ മകള്‍ സുഭദ്ര എന്ന പൂങ്കുടിയുമായി അനുരാഗത്തിലായി. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ഇതു പറയുന്നുണ്ട്. പക്ഷേ ബ്രഹ്മചാരിയായ അയ്യപ്പന്‍ ശബരിമലയിലെത്തി പൊന്നമ്പലവാസനായി. ചീരപ്പന്‍ചിറ പണിക്കരുടെ മകള്‍ പൂങ്കുടി നേരെ ശബരിമലയില്‍ത്തന്നെയെത്തി മാളികപ്പുറത്തമ്മയുമായി. ചീരപ്പന്‍ചിറ കുടുംബം ഈഴവരുടെ തറവാടെന്നറിഞ്ഞിട്ടും പൂങ്കുടിയെ പ്രണയിച്ച അയ്യപ്പനു ജാതിയില്ലെന്നിരിക്കേ ദേവസ്വം ബോര്‍ഡിനെന്തേ ഈ മലയാള ബ്രാഹ്മണ പ്രേമം? അവിടെയും കഥ തീരുന്നില്ല. മറ്റൊരു കഥ കൂടിയുണ്ട്. കഥയല്ല, ചരിത്രം. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൂജയ്ക്ക് പൂക്കള്‍ കൊണ്ടുവരുന്നത് കന്യാകുമാരി ജില്ലയിലെ തോവാളയില്‍ നിന്നുമാണ്. പൂകൃഷി നടത്തുന്നതും പൂമാല കെട്ടുന്നതുമെല്ലാം അധഃകൃതരായ പൂപ്പണ്ടാരങ്ങള്‍. ഈ ചാതുര്‍വര്‍ണ്യാചാരം ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഒരു രാജകല്പനയിലൂടെ പൂപ്പണ്ടാരങ്ങളെ സവര്‍ണരായി പ്രഖ്യാപിച്ചു. അനന്തപത്മനാഭനു ചാര്‍ത്താനുള്ള പുഷ്പങ്ങളുടെ അയിത്തവും തീര്‍ന്നു. എന്നിട്ടും നമുക്കെന്തേ ഈ ജനായത്ത ഭരണത്തിലും മനുസ്മൃതിയുടെ കരിന്തൊങ്ങലുകള്‍…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.