23 December 2024, Monday
KSFE Galaxy Chits Banner 2

ചേരശാസനങ്ങളിലെ ഓണം

Janayugom Webdesk
എം സി വസിഷ്ഠ്
September 4, 2022 7:11 am

കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തെക്കുറിച്ചുള്ള ആദ്യത്തെ സാഹിത്യപരമായ പരാമർശം കാണുന്നത് മധുര കാഞ്ചി എന്ന സംഘസാഹിത്യകൃതിയിലാണ്. ഇതിനുശേഷം ഓണത്തെക്കുറിച്ചുള്ള ആധികാരികമായ പരാമർശങ്ങൾ കാണുന്നത് രണ്ടാം ചേരരാജാക്കന്മാരുമായി ബന്ധപ്പെട്ട ശാസനങ്ങളിലാണ് (എഡി 800‑1124). ചേരശാസനങ്ങളിൽ ഭൂരിപക്ഷവും ക്ഷേത്രഭരണവുമായി ബന്ധപ്പെട്ടതാണ് (എഡി 849‑ലെ തരിസാപ്പള്ളി ശാസനം, എഡി 1000‑ലെ ജൂതശാസനം എന്നിവയാണ് ചേരശാസനങ്ങളിൽ മതേതര സ്വഭാവമുള്ളവ). ക്ഷേത്രത്തിലെ ഒരു ഉത്സവമെന്ന നിലയിലാണ് ചേരശാസനങ്ങളിൽ ഓണം പരാമർശിക്കപ്പെടുന്നത്. ഓണത്തെക്കുറിച്ചുള്ള ആദ്യത്തെ ലിഖിതപരമായ പരാമർശം കാണുന്നത് തിരുവാറ്റുവായ ചെപ്പേടി(എഡി 861)ലാണ്. രണ്ടാമത്തെ ചേരപെരുമാളായ (രാജാവ്) സ്ഥാണുരവി കുലശേഖരന്റെ (എഡി 844–883) പതിനേഴാമത്തെ ഭരണവർഷമായ എഡി 861‑ൽ പുറത്തിറക്കപ്പെട്ട ഈ ശാസനം വട്ടെഴുത്ത് ലിപിയിലുള്ളതാണ്. കോട്ടയം ജില്ലയിലെ വാഴപ്പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്ന വിഷ്ണുക്ഷേത്രമാണ് തിരുവാറ്റുവായ ക്ഷേത്രം. ഈ ക്ഷേത്രത്തിന് പുഞ്ചപ്പടക്കാലത്ത് ചേന്നൻ ചങ്കരൻ എന്ന വ്യക്തി ദാനം ചെയ്ത ഭൂമിയിലെ നെല്ലുകൊണ്ട് ഓണം ഊട്ട് നടത്തണമെന്ന് ശാസനത്തില്‍ പറയുന്നു. ഭൂമിയിലെ നെല്ലുകൊണ്ട് ബ്രാഹ്മണർക്കുള്ള ഊട്ടും നടത്തണമെന്നും ശാസനം പറയുന്നു. 

ഓണത്തെക്കുറിച്ചുള്ള മറ്റൊരു പരാമർശം കാണുന്നത് തിരുവല്ല ശാസന(എഡി 12-ാം നൂറ്റാണ്ട്)ത്തിലാണ്. 630 ഓളം വരികളുള്ള തിരുവല്ല ശാസനം കേരളത്തിലെ ഏറ്റവും വലിയ ശാസനമാണ്. ഈ ശാസനത്തിന്റെ 403 മുതൽ 438 വരെയും, 621-ാമത്തെ വരിയിലുമാണ് ഓണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ കാണുന്നത്. തിരുവല്ല ശാസനത്തിന്റെ 411-ാം വരിയിലെ പരാമർശപ്രകാരം നെല്ല് വിളയുന്ന മുഞ്ഞ നാട്ടിലെ (മുഞ്ഞ നാട് എവിടെയാണെന്ന് വ്യക്തമല്ല. കുട്ടനാട്ടിലാണെന്ന് പൊതുവെ കരുതപ്പെടുന്നു. ) ഭൂമി, ആവണിഓണത്തിന്റെ അഥവാ തിരുവോണത്തിന്റെ ചിലവ് നടത്താനായി നീക്കിവെച്ചിരിക്കുന്നു. ഓണവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളാണ് 405 മുതൽ 408-ാം വരിവരെ പരാമർശിക്കപ്പെടുന്നത്. തിരുവല്ല ശാസനത്തിന്റെ 621-ാം വരിയിൽ തിരുവോണക്കണം എന്നൊരു പരാമർശം കാണുന്നു. തിരുവോണാഘോഷത്തിനായി ക്ഷേത്രം നീക്കിവെച്ച ഭൂമിയുടെ ഉത്തരവാദിത്വമുള്ള ബ്രാഹ്മണ ഊരാളരുടെ സമിതിയാണ് തിരുവോണക്കണം എന്ന പദംകൊണ്ട് വ്യാഖ്യാനിക്കപ്പെടുന്നത്.
ഓണത്തെക്കുറിച്ചുള്ള മറ്റൊരു പരാമർശമുള്ളത് ചേരരാജാവായ ഭാസ്കര രവിയുടെ (എഡി 962‑1021) തൃക്കാ ക്കര ശാസനത്തിലാണ്((എഡി 1004). ഭാസ്കര രവിയുടെ 42-ാമത്തെ ഭരണവർഷമായ എഡി 1004 ലാണ് തൃക്കാക്കര ശാസനത്തിന്റെ കാലം. ഒൻപതാമത്തെ തൃക്കാക്കര ക്ഷേത്ര രേഖയിലാണ് ഓണത്തെക്കുറിച്ചുള്ള പരാമർശം കാണുന്നത്. തൃക്കാക്കര ദേവന് പൂരാടം മുതൽ തിരുവോണം വരെയുള്ള മൂന്നു ദിവസങ്ങളിൽ അനുഷ്ഠിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ശാസനം പരാമർശിക്കുന്നത്. ഈ ദിവസങ്ങളിൽ ബ്രാഹ്മണർക്കും വൈഷ്ണവർക്കും ക്ഷേത്രത്തിൽ സൗജന്യമായ ഊട്ട് അഥവാ ഭക്ഷണം ഉണ്ടായിരുന്നുവെന്നും ശാസനം സൂചിപ്പിക്കുന്നു.
താഴേക്കാട് രേഖ രാജസിംഹൻ എന്ന ചേരരാജാവിന്റെ മൂന്നാം ഭരണവർഷവുമായി (എഡി 1024) ബന്ധപ്പെട്ട താഴേക്കാട് രേഖ (എഡി 1024)യിലും ഓണത്തെപ്പറ്റിയുള്ള പരാമര്‍ശമുണ്ട്. ഈ രേഖ ഇരിങ്ങാലക്കുടക്കടുത്തുള്ള താഴേക്കാട് പള്ളിപ്പറമ്പിലുള്ള ഒരു സോപാനക്കല്ലിൽ നിന്നാണ് കണ്ടെത്തിയത്. താഴേക്കാട് രേഖയുടെ 22-ാം വരിയിൽ ഓണനെല്ല് എന്ന പദം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഓണനെല്ലിനോടൊപ്പം പടയണി എന്ന പദവും പരാമർശിക്കപ്പെടുന്നു.
വാമനന്റെ ജന്മദിനാഘോഷമെന്ന നിലയിലാണ് ചേരകാലഘട്ടത്തിൽ ഓണം ക്ഷേത്രങ്ങളിൽ ആഘോഷിക്കപ്പെട്ടത്. വാമനന്റെ ജന്മദിനാഘോഷം പിന്നീട് മഹാബലിയുടെ ഉത്സവമായി മാറി. ഈ മാറ്റത്തെക്കുറിച്ചുള്ള കൂടുതൽ ചർച്ചകളും പഠനങ്ങളും ആവശ്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.