19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 24, 2024
September 24, 2024
September 15, 2024
September 15, 2024
September 14, 2024
September 14, 2024
September 14, 2024
September 13, 2024
September 12, 2024

ഓണത്തിന് നാടെങ്ങും പൂക്കാലം

കെ കെ ജയേഷ് 
കോഴിക്കോട്
August 22, 2023 9:55 pm

പാടങ്ങളും പറമ്പുകളുമെല്ലാം കുറഞ്ഞതോടെ നാട്ടിൽ നിന്ന് പൂക്കളും അപ്രത്യക്ഷമായി. പൂക്കൂടയും പൂവൊലി പാട്ടും ഇല്ലാതായി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പൂക്കളുമായി പൂക്കളമൊരുക്കിയിരുന്ന സംസ്ഥാനത്ത് ഇത്തവണ കാര്യങ്ങൾ മാറുകയാണ്. കൃഷി വകുപ്പിന്റേയും തദ്ദേശ ഭരണസ്ഥാപനങ്ങളുടേയും സജീവമായ ഇടപെടലിലൂടെ നാടെങ്ങും ഇത്തവണ പൂക്കൃഷി വ്യാപിച്ചു. കഴിഞ്ഞ വർഷങ്ങളിൽ പലയിടത്തും തുടങ്ങിയ സംസ്ഥാനത്തെ പൂക്കൃഷി ഈ ഓണക്കാലത്ത് കൂടുതൽ സജീവമാണ്.

കുടുംബശ്രീയും വിവിധ ജനകീയ കൂട്ടായ്മകളുമെല്ലാമാണ് സ്വന്തം കൃഷിയിടത്തിലെ പൂക്കളുമായി ഓണക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. ഓരോ പ്രദേശത്തും ജമന്തിയും മുല്ലയും ചെണ്ടുമല്ലിയും വാടാമല്ലിയുമെല്ലാം പൂത്തു നിൽക്കുന്ന കാഴ്ച ഈ ഓണക്കാലത്തെ കൂടുതൽ സുന്ദരമാക്കുന്നു. ജൂണിൽ ആരംഭിച്ച കൃഷിയാണ് ഇപ്പോൾ വിളവെടുത്ത് തുടങ്ങിയിരിക്കുന്നത്. തൊഴിലുറപ്പിനും മറ്റു ജോലികൾക്കും പോകുന്നവരെല്ലാം രാവിലെ തന്നെ പൂപ്പാടത്തെത്തും. വളമിടലും നനയുമെല്ലാം കഴിഞ്ഞ് പോകുന്ന ഇവരെല്ലാം വൈകീട്ട് വീണ്ടും തോട്ടത്തിലേക്ക് തന്നെയെത്തും. ഇരുട്ടും വരെ പിന്നെ ഇവിടെയൊണെന്ന് കുടുംബശ്രീ അംഗങ്ങൾ വ്യക്തമാക്കുന്നു. അനുകൂലമായ കാലാവസ്ഥ നല്ല വിള ലഭിക്കാൻ കാരണമായി.

പച്ചക്കറി കൃഷിയിലെന്നപോലെ പൂക്കൃഷിയ്ക്കും എല്ലാ സഹായവുമായി കൃഷി വകുപ്പ് ഒപ്പം നിന്നു. ഓണത്തിന് വിളവെടുപ്പ് നടത്താൻ കഴിയുന്ന രീതിയിൽ നേരത്തെ തന്നെ കൃഷി ഭവനുകളിലൂടെ വിത്തുകളുമെത്തി. കുടുംബശ്രീ നേതൃത്വത്തിൽ സംസ്ഥാനത്ത് ഏക്കർ കണക്കിന് സ്ഥലത്താണ് ഇത്തവണ കൃഷിയിറക്കിയിട്ടുള്ളത്. ഇതിൽ 88 ഏക്കറിൽ ജമന്തി കൃഷി ചെയ്ത പാലക്കാട് ജില്ലയാണ് മുന്നിൽ. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും വ്യാപകമായി കൃഷിയുണ്ട്.
കോഴിക്കോട് പയ്യോളി ഇരിങ്ങൽ കൊളാവിപ്പാലത്തെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ എട്ടര ഏക്കർ വിസ്തൃതിയുള്ള ഹോളോബ്രിക്സ് യൂണിറ്റിൽ ഒന്നരയേക്കറോളം സ്ഥലത്താണ് ചെണ്ടുമല്ലി കൃഷിയുള്ളത്. കഴിഞ്ഞ വർഷം 40 സെന്റ് സ്ഥലത്തായിരുന്നു കൃഷി. ഇത് വിജയമായതോടെയാണ് കൃഷി വ്യാപിപ്പിക്കാൻ തൊഴിലാളികൾ തീരുമാനിച്ചത്. 5500 ചെണ്ടുമല്ലി തൈകളാണ് നട്ടത്. ഇതിന് ഒരു ലക്ഷത്തോളം രൂപ ചെലവായി. ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് വാടാമല്ലിയും കൃഷി ചെയ്തിട്ടുണ്ടെന്ന് ജീവനക്കാരനായ ഷിബിൻ പറയുന്നു.

കഴിഞ്ഞ വർഷം വിപണി വിലയേക്കാൾ വിലക്കുറവിലായിരുന്നു പൂക്കൾ വിൽപ്പന നടത്തിയത്. ആളുകൾ നേരിട്ടെത്തി പൂക്കൾ വാങ്ങാൻ തുടങ്ങിയതോടെ കൃഷി ലാഭമായി. വൈസ് ചെയർമാൻ അനന്തൻ വി കെ, റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ കെ പി കെ ചോയി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. ഇവിടെ പച്ചക്കറി, വാഴ, കൈതച്ചക്ക, പപ്പായ കൃഷികളും തൊഴിലാളികൾ നടത്തുന്നുണ്ട്. കഴിഞ്ഞ തവണ അഞ്ഞൂറ് തൈകൾ വെച്ച് തുടങ്ങിയ കൃഷി വിജയമായതോടെയാണ് ഇത്തവണ വിപുലമായി കൃഷി ചെയ്യാൻ മലപ്പുറത്തെ വള്ളിക്കുന്ന് പഞ്ചായത്ത് തീരുമാനിച്ചത്. പൂപ്പൊലി എന്ന പേരിലുള്ള പദ്ധതിക്കായി അമ്പതിനായിരം തൈകൾ എത്തിച്ചു. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇവിടെ കൃഷി.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.