
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാമത്തെ നൂറുദിന കര്‍മ്മപരിപാടി ആരംഭിക്കുന്നു. നാളെ മുതല്‍ 15,896.03 കോടിയുടെ പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 1284 പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി 4,33,644 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സംസ്ഥാന പുരോഗതിക്ക് ഗതിവേഗം കൂട്ടുന്ന അനേകം പദ്ധതികളാണ് യാഥാർത്ഥ്യമാകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലൈഫ് പദ്ധതിയില്‍ 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂർത്തീകരണം നൂറുദിന പരിപാടിയിൽ ലക്ഷ്യമിടുന്നു. പുനർഗേഹം പദ്ധതിയില്‍ മുട്ടത്തറയിൽ 400 വീടുകളുടെ ശിലാസ്ഥാപനത്തോടുകൂടിയാണ് സംസ്ഥാനതല ഉദ്ഘാടനം നടത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനർഗേഹം പദ്ധതി പ്രകാരം വിവിധ ജില്ലകളിൽ ആയിരത്തോളം ഭവനങ്ങളുടെ താക്കോൽദാനവും നൂറുദിനങ്ങളിൽ നടത്തും. പച്ചക്കറി ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് അത്യുല്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉല്പാദനവും വിതരണവും നൂറുദിനത്തില്‍ ആരംഭിക്കും.
വ്യവസായ വകുപ്പിന്റെ പദ്ധതിയായ ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജലവിഭവ വകുപ്പ് 1879.89 കോടിയുടെയും പൊതുമരാമത്ത് വകുപ്പിൽ 2610.56 കോടിയുടെയും വൈദ്യുതി വകുപ്പിൽ 1981.13 കോടിയുടെയും തദ്ദേശ സ്വയംഭരണ വകുപ്പ് 1595.11 കോടിയുടെയും അടങ്കലുള്ള പരിപാടികളാണ് നടപ്പിലാക്കുന്നത്.
നൂറുദിന പരിപാടി സമാപിക്കുമ്പോൾ മുൻ പരിപാടികളെപ്പോലെ നടപ്പാക്കിയ പ്രോജക്റ്റുകളുടെ പുരോഗതി വെബ്സൈറ്റിലൂടെ ജനങ്ങളെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകടന പത്രികയിൽ നൽകിയ 900 വാഗ്ദാനങ്ങൾ നടപ്പാക്കി സ്ഥായിയായ വികസന മാതൃക യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കാനാണ് ശ്രമം. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനസമൂഹമായും പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ മുന്നോട്ടുകൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
English Summary;One Hundred Day Karma Program; 15896.03 crore project will be implemented: Chief Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.