30 December 2025, Tuesday

ഒമ്പത് രോഗികളില്‍ ഒരാള്‍ പകര്‍ച്ചവ്യാധി ബാധിതന്‍

പുതിയ പഠനം പുറത്തുവിട്ട് ഐസിഎംആര്‍
Janayugom Webdesk
ന്യൂഡല്‍ഹി
November 2, 2025 9:05 pm

രാജ്യത്ത് ഒമ്പത് രോഗികളിൽ ഒരാൾ പകര്‍ച്ചവ്യാധി ബാധിതനെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പുതിയ പഠനം. 2025 ജനുവരി മുതൽ ജൂൺ വരെയുള്ള രോഗബാധകളെ അടിസ്ഥാനമാക്കിയാണ് പഠനം.

വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറീസ് (വിആർഡിഎൽ) ശൃംഖലയിൽ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് പരിശോധിച്ച 4.5 ലക്ഷം സാമ്പിളുകളിൽ 11.1 ശതമാനത്തിലും രോഗകാരികൾ കണ്ടെത്തി. ഇൻഫ്ലുവൻസ എ വൈറസ് അക്യൂട്ട് റെസ്പിറേറ്ററി അണുബാധ (എആര്‍ഐ) / സിവിയർ അക്യൂട്ട് റെസ്പിറേറ്ററി അണുബാധ (എസ്എആര്‍ഐ) എന്നിവയ്ക്ക് കാരണമാകുന്നു. പനി, ഹെമറാജിക് പനി കേസുകളിൽ ഡെങ്കി വൈറസാണ് ഏറ്റവും മാരകം. മഞ്ഞപ്പിത്ത കേസുകളിൽ ഹെപ്പറ്റൈറ്റിസ് എ, വയറിളക്ക രോഗങ്ങളിൽ നോറോവൈറസ്, അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം (എഇഎസ്) കേസുകളിൽ ഹെർപ്പസ് സിംപ്ലക്സ് വൈറസ് (എച്ച്എസ്‌വി) എന്നിവയും ഏറ്റവും കൂടുതൽ കണ്ടെത്തിയ അഞ്ച് രോഗകാരികളില്‍ ഉള്‍പ്പെടുന്നു.

2025 ന്റെ ആദ്യ പാദത്തില്‍ 10.7 ശതമാനമായിരുന്ന പകർച്ചവ്യാധികളുടെ വ്യാപനം എങ്കില്‍ രണ്ടാം പാദമായപ്പോള്‍ 11.5 ശതമാനമായി ഉയർന്നുവെന്നാണ് ഐസിഎംആർ റിപ്പോർട്ട്. ഈ വർഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 389 രോഗ ക്ലസ്റ്ററുകളും ഏപ്രിൽ മുതൽ ജൂൺ വരെ കാലയളവിൽ 191 രോഗ ക്ലസ്റ്ററുകളും പരിശോധനയ്ക്ക് വിധേയമാക്കി. മുണ്ടിനീര്, മീസിൽസ്, റുബെല്ല, ഡെങ്കി, ചിക്കുൻഗുനിയ, റോട്ടവൈറസ്, നോറോവൈറസ്, വാരിസെല്ല സോസ്റ്റർ വൈറസ്, എപ്സ്റ്റൈൻ‑ബാർ വൈറസ് (ഇബിവി), ആസ്ട്രോവൈറസ് തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോര്‍ട്ട് ചെയ്തതായി ഐസിഎംആർ പഠനത്തിലുണ്ട്.

2014- 24 വരെ 40 ലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചതില്‍ 18.8 രോഗകാരികളെയാണ് തിരിച്ചറിഞ്ഞത്. 2014‑ൽ 27 ലബോറട്ടറികളായിരുന്നു വിആർഡിഎൽ ശൃംഖലയിലുണ്ടായിരുന്നത്. 2025 ആകുമ്പോഴേക്കും 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 165 ലബോറട്ടറികളായി ഇത് വികസിച്ചു. വിആർഡിഎൽ ശൃംഖലയിലൂടെ ഇതുവരെ രാജ്യത്തുടനീളം 2,534 രോഗ ക്ലസ്റ്ററുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.