നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവൻകുട്ടി. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഒരു മാസത്തെ പെൻഷൻ ഓണത്തിന് നൽകും. ഇത് സംബന്ധിച്ച നടപടികൾ കൈക്കൊണ്ടു വരുന്നതായി മന്ത്രി അറിയിച്ചു.
ഒരു മാസത്തെ പെൻഷൻ നൽകാൻ ബോർഡിന് ചെലവാകുക 60 കോടിയോളം രൂപയാണ്. നിലവിൽ നിർമ്മാണ തൊഴിലാളി ബോർഡിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. 20 ലക്ഷത്തോളം അംഗങ്ങളും മൂന്നര ലക്ഷത്തിൽ പരം പെൻഷൻകാരും നിലവിൽ ബോർഡിൽ ഉണ്ട്. 72 കോടി രൂപയാണ് ബോർഡിന്റെ പ്രതിമാസ ചെലവ് വരുന്നത്.
ബോർഡിന്റെ പ്രധാന വരുമാന മാർഗം ബിൽഡിങ് സെസിലൂടെ ലഭിക്കുന്ന വരുമാനമാണ്. 14 മാസത്തെ പെൻഷൻ കുടിശികയും ഏപ്രിൽ തൊട്ടുള്ള മറ്റ് ആനുകൂല്യങ്ങളും നൽകാൻ ഉണ്ട്. ബിൽഡിങ് സെസ് തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി പിരിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. സെസ് പിരിവ് സുഗമമാക്കാൻ ഇൻഫർമേഷൻ കേരള മിഷൻ പുതിയ സോഫ്റ്റ്‌വേർ വികസിപ്പിച്ചിട്ടുണ്ട്. സോഫ്റ്റ്‌വേർ ലോഞ്ച് ചെയ്യുന്നതോടെ പെൻഷൻ അടക്കമുള്ള മറ്റു ആനുകൂല്യങ്ങൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ജനുവരി 15 വരെയുള്ള കാലയളവിൽ സെസ് പിരിക്കാനുള്ള ഉത്തരവാദിത്തം തൊഴിൽ വകുപ്പിനാണ്. അത് ഏതാണ്ട് 400 കോടി രൂപയോളം വരും. ആയത് പിരിച്ചെടുക്കാൻ അദാലത്തുകൾ അടക്കം ഊർജിത ശ്രമം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.