17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 12, 2024
November 12, 2024
November 12, 2024
November 11, 2024
November 10, 2024
November 9, 2024
November 8, 2024
November 7, 2024
November 6, 2024

ഭരണഘടന പരണത്ത് വയ്ക്കുമ്പോൾ

Janayugom Webdesk
March 24, 2024 5:00 am

തെരഞ്ഞെടുപ്പ് നാളിലേക്കുള്ള അകലം കുറയുന്തോറും രാജ്യത്തിന്റെ മതേതര ജനാധിപത്യഘടന ആഴത്തിൽ വ്രണപ്പെടുകയാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ഭരണകൂട ഇച്ഛയെ സാധൂകരിച്ചുള്ള റിപ്പോർട്ട് രാഷ്ട്രപതിക്ക് കൈമാറിക്കഴിഞ്ഞു. 18,000 പേജിൽ റിപ്പോര്‍ട്ട് തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ്. ഭീമമായ തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് പുറമേ ആവർത്തിക്കുന്നുമുണ്ട്. പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് നൂറ് ദിവസത്തിനകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളും പൂർത്തിയാക്കണമെന്ന് നിർദേശിക്കുന്നു. നിശ്ചയമായും ഫെഡറലിസത്തിന്റെ അന്ത്യകാഹളം മുഴങ്ങുകയാണ്. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒന്നിച്ചുള്ള തെരഞ്ഞെടുപ്പുകൾ എങ്ങനെ കൈകാര്യം ചെയ്യും എന്നതിൽ ഉരുത്തിരിഞ്ഞതായിരുന്നു വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആശങ്കകളും എതിർപ്പുകളും. നൂറു ദിവസത്തിനുള്ളിൽ നഗരസഭകളിലേക്കും പഞ്ചായത്തുകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളും നടക്കണം. ഒരേസമയം വോട്ടെടുപ്പ് നടക്കുകയും തൂക്കുസഭകൾ രൂപപ്പെടുകയും ചെയ്താൽ എന്താകും, വിശ്വാസം നേടാനാകാതെ സർക്കാർ വീണാൽ എന്താകും… വെല്ലുവിളികൾ ഒട്ടേറെയാണ്. 18,000 പേജുകളുണ്ടെങ്കിലും റിപ്പോർട്ടിൽ, ഭരണ ഭൂരിപക്ഷത്തിന് കക്ഷികളെ തെരഞ്ഞെടുക്കാനും അതുവഴി മുന്നണിസംവിധാനങ്ങളുടെ സ്വഭാവം മാറ്റിമറിക്കാനും വഴികളില്ല. ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ സർക്കാരിനെ രക്ഷിക്കാനും മാർഗമില്ല.

ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പ് മാത്രമാണ് പ്രതിവിധി. ജനാധിപത്യ തെരഞ്ഞെടുപ്പ് സമ്പ്രദായം എന്ന് ആവർത്തിക്കുമ്പോഴും, അംഗങ്ങൾ കൂറുമാറുകയാണെങ്കിൽ എന്ത്,എങ്ങനെ എന്നതിൽ വ്യക്തതയില്ല. ഒരു തൂക്കുസഭ രൂപപ്പെട്ടാലോ? അതിനും പോംവഴിയില്ല. അവിശ്വാസ പ്രമേയം പാസായാല്‍ എന്തുചെയ്യണമെന്നും ചോദ്യങ്ങൾ ഉയരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ നിശ്ചിത കാലം മുഴുവനും പ്രവർത്തിക്കണം. കാലയളവ് പൂർത്തിയാക്കുന്നതിന് മുമ്പ് പിരിച്ചുവിടാൻ കഴിയില്ല. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് അഞ്ച് വർഷം കാലാവധി പൂർണമായും ഉണ്ടായിരിക്കണം. അകാലത്തിൽ പിരിച്ചുവിടൽ അനുവദിക്കില്ല. നിശ്ചിത വ്യവസ്ഥകളുടെ ഏതൊരു ലംഘനവും ഭരണഘടനയുടെ തന്നെ ലംഘനത്തിന് തുല്യമാകും. ഭരണഘടനയിൽ “നേരത്തേ പിരിച്ചുവിട്ടില്ലെങ്കിൽ” കാലാവധി അഞ്ചുവർഷമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അനുച്ഛേദം 83ഉം 172ഉം ഭരണനിർവഹണസഭകളുടെ കാലാവധി അഞ്ച് വർഷത്തേക്കായിരിക്കുമെന്ന് നിജപ്പെടുത്തിയിട്ടുണ്ട്. ഇനിമുതൽ അഞ്ച് വർഷം എന്നോ കുറഞ്ഞത് അഞ്ച് വർഷം എന്നോ പ്രയോഗിച്ചിട്ടില്ല.


ഇതുകൂടി വായിക്കൂ:രാഷ്ട്രീയ അധികാരം വിലയ്ക്കെടുക്കാന്‍ അനുവദിച്ചുകൂടാ


അനുച്ഛേദം 358 ഭരണഘടനാ ഭേദഗതിക്ക് പാർലമെന്റിനെ അനുവദിക്കുന്നു. ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണമെങ്കിൽ ഭരണഘടനാ ഭേദഗതി വേണം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിയിലുമാകണം. പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം, നിർദേശം, നിയന്ത്രണം എന്നിവയുടെ അധികാരം അനുച്ഛേദം 324 തെരഞ്ഞെടുപ്പ് കമ്മിഷനു നൽകുന്നു. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും തെരഞ്ഞെടുപ്പും കമ്മിഷനിൽ നിക്ഷിപ്തമാണ്. ഭേദഗതികൾ സംസ്ഥാന വിഷയങ്ങളിൽ സ്പർശിക്കുകയാണെങ്കിൽ ഭരണഘടനയുടെ അനുച്ഛേദം 368 (2) പ്രകാരം സംസ്ഥാനങ്ങളുടെ അംഗീകാരം വേണം. എന്നാൽ പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പിന് സംസ്ഥാനത്തിന്റെ അംഗീകാരം ആവശ്യമില്ല. എന്നിരുന്നാലും അനുച്ഛേദം 82 ഭേദഗതി ചെയ്ത് ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കണം. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി 2020 ഡിസംബർ അവസാന വാരം ബിജെപി 25 വെബിനാറുകൾ നടത്തി. 2020 നവംബർ 26ന് ഭരണഘടനാ ദിനത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തിലും ഇതിനായുള്ള പ്രചാരണം സംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ കൂടുതലും വിമർശനാത്മകമായിരുന്നു. ഒരേസമയം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം അടിച്ചേല്പിക്കാൻ ശ്രമിക്കുന്നുവെന്ന കൂട്ടായ വിമർശനം ഉയർന്നു. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ അടിവേര് അറുക്കുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. സിപിഐ, കഴിഞ്ഞ ജനുവരി 10ന് ഇതുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രതികരണം നൽകുകയും ഫെബ്രുവരി ഏഴിന് പാനലിനെ നേരിട്ട് കാണുകയും ചെയ്തു.

ജനാധിപത്യത്തിന് വിനാശവും സംസ്ഥാന അവകാശങ്ങളെ പരിമിതപ്പെടുത്തുന്നതുമാണ് എന്ന് വ്യക്തമാക്കുകയും ചെയ്തു. അഭിപ്രായ വൈവിധ്യം ഇല്ലാതാക്കുകയും ഏകീകൃത വ്യവസ്ഥകൾ അടിച്ചേല്പിക്കുകയും ചെയ്യുകയാണ്. രാജ്യത്തെ ഒരു പാർട്ടിയുടെ സ്വേച്ഛാധിപത്യ ഭരണത്തിലേക്ക് തള്ളിവിടുകയാണെന്നും ചൂണ്ടിക്കാട്ടി. വോട്ടർമാർ നിശബ്ദരായ അനുയായികളല്ല. തെരഞ്ഞെടുപ്പ് കേവലം പൊതുയോഗവുമല്ല. ഈ വിഷയത്തിൽ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ഉയരുന്ന സംവാദങ്ങൾ ഗൗരവമുള്ളതാണ്. പൊതുതെരഞ്ഞെടുപ്പുകൾ ഭരണപരമായ സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പരിഗണിക്കാവുന്നതല്ല. ഇനിയും ബിജെപി ഭരണം തുടർന്നാൽ 2029ൽ അഞ്ച് വർഷത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന് സംസ്ഥാന അസംബ്ലികൾ പിരിച്ചുവിടും. അടുത്ത ലോക്‌സഭയുടെ കാലയളവിൽ ലോക്‌സഭയുടെയും അസംബ്ലികളുടെയും കാലാവധി സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ പരിശ്രമിക്കും. ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്നത് അന്തിമമായി തീരുമാനിക്കാമെന്നും അത് എപ്പോൾ എന്നുള്ളത് കേന്ദ്രത്തിന് തീരുമാനിക്കാമന്നുമുള്ള ഉത്തരവാദിത്തം സമിതി കൈമാറിയിട്ടുണ്ട്. ജനാധിപത്യ ധ്വംസനങ്ങളുടെ ഘോഷയാത്രയാണ് രാജ്യത്ത് നടക്കുന്നത്. രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശകൾ കേന്ദ്രം അംഗീകരിച്ചാൽ രാജ്യം ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന ദുരിതവും ഏറ്റുവാങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.