23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

പൊതുമേഖലാ ബാങ്ക് ഭരണസമിതികളില്‍ മൂന്നിലൊന്ന് ഡയറക്ടര്‍മാരില്ല

Janayugom Webdesk
ന്യൂഡൽഹി
October 2, 2024 9:27 pm

രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളുടെ ഭരണസമിതി (ഡയറക്ടര്‍ ബോര്‍ഡ്)കളിലെ മൂന്നിലൊന്ന് ഡയറക്ടര്‍ സ്ഥാനവും ഒഴിഞ്ഞുകിടക്കുന്നു. 186ൽ 60 ഡയറക്ടർ തസ്തികകളിലും നിയമനമില്ല. ബാങ്ക് ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും 12 വീതം പ്രതിനിധികളെയും 10 വര്‍ഷത്തോളമായി നിയമിച്ചിട്ടില്ല.
പൊതുമേഖലാ ബാങ്കുകളുടെ ഫലപ്രദവും ജനാധിപത്യപരവുമായ പ്രവർത്തനത്തിന് നേതൃത്വം നല്‍കുന്നതിന് 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, ബാങ്കിങ് നിയമം എന്നിവ അടിസ്ഥാനമാക്കിയാണ് ഡയറക്ടര്‍ ബോര്‍ഡുകള്‍ രൂപീകരിക്കുന്നത്. നിക്ഷേപകർ, ഓഹരി ഉടമകൾ, കർഷകർ, ചെറുകിട‑ഇടത്തരം വ്യവസായ മേഖലകളിൽ നിന്നുള്ളവർ, ബാങ്കിങ് വിദഗ്ധർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, സാമ്പത്തിക- നിയമ-സഹകരണ-ധനകാര്യ വിദഗ്ധർ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളെയാണ് ഡയറക്ടര്‍മാരായി നിയമിക്കേണ്ടത്. ഇതിനുപുറമെയാണ് ബാങ്കിങ് രംഗത്തെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും പ്രാതിനിധ്യം. 

പൊതുമേഖലാ ബാങ്കുകളിൽ പല ഡയറക്ടർ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതിനാൽ ബോർഡുകളുടെ ഫലപ്രദമായ പ്രവർത്തനത്തെ ഗുരുതരമായ പ്രതിസന്ധിയിലാക്കുന്നുവെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് നല്‍കിയ കത്തില്‍ പറഞ്ഞു. ഓഹരി ഉടമകളെ പ്രതിനിധീകരിക്കുന്ന ഡയറക്ടർമാരെ നിയമിക്കേണ്ടിടത്ത് ബാങ്കുകളുടെയും ഇൻഷുറൻസ് സ്ഥാപനങ്ങളുടെയും മുൻ ഉദ്യോഗസ്ഥരെയാണ് പരിഗണിക്കുന്നത്, യഥാര്‍ത്ഥത്തിലുള്ള ഓഹരി ഉടമകളെയല്ല. തൊഴിലാളികളുടെയും ഓഫിസര്‍മാരുടെയും സംഘടനകളെ പ്രതിനിധീകരിച്ച് ഡയറക്ടറെ നിയമിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും 24 തസ്തികകളും 10 വർഷമായി ഒഴിഞ്ഞുകിടക്കുകയാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. 

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നീ നാല് പൊതുമേഖലാ ബാങ്കുകളിൽ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം പോലും ഒഴിഞ്ഞുകിടക്കുകയാണ്. സിഎംഡിയുടെ സംയോജിത തസ്തിക വിഭജിച്ച് നിലവിലെ സർക്കാർ പ്രത്യേകം സൃഷ്ടിച്ചതാണ് ഈ പദവിയെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.