28 December 2024, Saturday
KSFE Galaxy Chits Banner 2

ഏകീകൃത വ്യക്തിനിയമത്തിന് പിന്നിൽ ദുഷ്ടലാക്ക് മാത്രം

ഡി രാജ
July 17, 2023 4:30 am

ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് 1927ൽ 3000ത്തിലധികം സ്ത്രീകൾ പങ്കെടുത്ത ഒരു സമ്മേളനത്തിൽ വച്ച്, ‘സ്ത്രീകൾ കൈവരിച്ച പുരോഗതി കണക്കാക്കിയാണ് താൻ ഒരു സമൂഹത്തിന്റെ പുരോഗതി അളക്കുന്ന’തെന്ന് ഡോ. അംബേദ്കർ പ്രഖ്യാപിക്കുകയുണ്ടായി. അന്ന് അംബേദ്കർ നടത്തിയ ആ പ്രസ്താവന നമ്മുടേത് ഉൾപ്പെടെ ഏതൊരു സമൂഹത്തിന്റെയും പുരോഗതി അളക്കുന്നതിനുള്ള നല്ലൊരു അളവുകോലായി ഇന്നും നിലനിൽക്കുന്നു. രാജ്യത്ത് മുത്തലാക്ക് നിർത്തലാക്കി മുസ്ലിം സ്ത്രീകൾക്ക് ലിംഗനീതി നടപ്പിലാക്കിയത് ബിജെപിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്തിടെ “ഇന്ത്യൻ മുസ്ലിം സഹോദരിമാരോടും പെൺമക്കളോടും” എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ബിജെപിയെ പിന്തുണയ്ക്കാൻ ആവശ്യപ്പെടുകയുണ്ടായി. അതേസ്വരത്തിൽ തന്നെ ഒരു കുടുംബത്തിൽ രണ്ടു നിയമങ്ങൾ ഉണ്ടാകരുതെന്നും രാജ്യത്തിനാകെ ഏകീകൃത വ്യക്തി നിയമം (യുസിസി) ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞുവച്ചു. ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള പരസ്യമായ വിവേചനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സാധാരണമായിരിക്കുമ്പോഴും ബിജെപിയിലെ നിരവധി നേതാക്കളും പ്രവർത്തകരും ഭിന്നിപ്പിക്കൽ പ്രസ്താവനകൾ നടത്തുമ്പോഴുമാണ് ന്യൂനപക്ഷത്തോടും പ്രത്യേകിച്ച് ആ വിഭാഗത്തിലെ സ്ത്രീകളോടുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ പുറത്തുവന്നിരിക്കുന്നത് എന്നത് അത്ഭുതകരമാണ്. ന്യൂനപക്ഷങ്ങളോട് ആസൂത്രിതമായി വിദ്വേഷം വളർത്തുന്നത് അവസാനിപ്പിക്കണമെന്ന് ആർഎസ്എസ് സംവിധാനത്തോട് അദ്ദേഹത്തിന് ആവശ്യപ്പെടാമായിരുന്നു. എന്നാൽ അതിലുപരിയായി ഭോപ്പാലിലെ തന്റെ വാചാടോപരമായ പ്രസംഗത്തിലൂടെ ഏകീകൃത വ്യക്തി നിയമങ്ങൾ, ലിംഗനീതി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. 1984ലെ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായതിനു ശേഷം 1989 മുതലുള്ള ബിജെപിയുടെ എല്ലാ പ്രകടനപത്രികയുടെയും ഭാഗമായിരുന്നു ഏകീകൃത വ്യക്തി നിയമം. 1984നു ശേഷമാണ് അവർ മിതത്വത്തിന്റെ എല്ലാ ആവരണങ്ങളും ഉപേക്ഷിക്കുകയും ധ്രുവീകരണത്തിനും തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുമായി ആക്രമണാത്മക ഹിന്ദുത്വ നയം പിന്തുടരുകയും ചെയ്തത്. അതുകൊണ്ടവർ അയോധ്യയിലെ രാമ ജന്മഭൂമി വിഷയം ശക്തമാക്കി. ആ വിഷയം സമൂഹത്തിൽ വിഭജനം സൃഷ്ടിക്കുകയും രാജ്യത്തെ കലാപങ്ങൾക്ക് ഊർജം പകരുകയും ചെയ്തു. ഇതേ സമയത്തുതന്നെ ഏകീകൃത വ്യക്തി നിയമവും അവരുടെ ഭിന്നിപ്പിക്കൽ തന്ത്രത്തിന്റെ ഭാഗമായി മാറി.

 


ഇതുകൂടി വായിക്കൂ; കൂറുമാറ്റവും കേന്ദ്ര ഏജൻസികളും ബിജെപിയുടെ പിന്‍ബലം


1989ലെ പ്രകടനപത്രികയിൽ ഏകീകൃത വ്യക്തിനിയമത്തിനായി ഒരു സമവാക്യം രൂപപ്പെടുത്തുന്നതിനുള്ള കരട് തയ്യാറാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ലിംഗനീതിയെക്കുറിച്ച് ഒരു പരാമർശവും നടത്തിയിരുന്നില്ല. ഭരണഘടനാപരമായ ധാർമ്മികത പോലും ഉപേക്ഷിച്ച്, രാഷ്ട്രീയാധികാരം നിലനിർത്തുന്നതിനു വേണ്ടി ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തി, ധ്രുവീകരണ നീക്കം ശക്തമായി നടക്കുന്നതിനിടയിലാണ് യുസിസി ബിജെപിയുടെ നിഘണ്ടുവിൽ ഉൾപ്പെടുന്നത് എന്നത് യാദൃച്ഛികമല്ല. ന്യൂനപക്ഷങ്ങളെ വിദേശികളും പിന്തിരിപ്പന്മാരും രാഷ്ട്രത്തോടുള്ള അവരുടെ വിധേയത്വം സംശയാസ്പദമായും ചിത്രീകരിച്ച് ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ഈ നിലപാട് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. ബിജെപിയുടെയും ഏകീകൃത വ്യക്തിനിയമത്തിന്റെയും ചരിത്രം ലിംഗനീതിയല്ല, മറിച്ച് ന്യൂനപക്ഷങ്ങളോടുള്ള വിദ്വേഷം വളർത്തുന്നതിനാണ് ലക്ഷ്യംവയ്ക്കുന്നത് എന്ന് വ്യക്തമാണ്. ഈ സാഹചര്യങ്ങൾ മുസ്ലിം സഹോദരിമാർക്കും പെൺമക്കൾക്കും എന്ന പേരിലുള്ള പ്രധാനമന്ത്രിയുടെ ഉപദേശത്തിനു പിന്നിലെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. ലിംഗനീതിയിലേക്കും ആർഎസ്എസിന്റെ ഘടനയിലേക്കും വന്നാൽ നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് നേട്ടമുണ്ടാക്കാൻ ലക്ഷ്യംവച്ചുള്ള ഏതെങ്കിലും പുരോഗമന നടപടിയെ അവർ പിന്തുണച്ച ഒരു കാലവും ഇല്ലായിരുന്നു എന്ന് വ്യക്തമാകും. ഹിന്ദു നിയമങ്ങൾ ക്രോഡീകരിക്കാനും രക്ഷാകർതൃ സ്വത്തിൽ അവകാശം, എല്ലാ തലങ്ങളിലും പുരുഷന്മാരുമായി തുല്യത എന്നിവ നൽകുന്നതിന് ഡോ. അംബേദ്കർ കഠിനമായി പരിശ്രമിച്ചിരുന്നതാണ്. എന്നാൽ ആർഎസ്എസ് സംവിധാനം പരിഷ്കാരങ്ങളെ ശക്തമായി എതിർക്കുകയും സ്ത്രീകൾക്ക് അവകാശങ്ങളും കർതൃത്വവും നൽകുന്നത് ഹിന്ദു കുടുംബത്തെ തകർക്കുമെന്ന അവരുടെ പിന്തിരിപ്പൻ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്തു. കൂടാതെ ഹിന്ദു കോഡിനെ ആറ്റംബോംബ്, നിഷ്ഠൂരമായ റൗലത്ത് ആക്ട് എന്നിവയുമായി താരതമ്യം ചെയ്യുകയും ചെയ്തു. സ്വാമി കർപത്രി ഹിന്ദു കോഡിനെ ഡോ. അംബേദ്കറുടെ ജാതിയുമായി ബന്ധിപ്പിക്കുകയും അദ്ദേഹത്തെപ്പോലെ തൊട്ടുകൂടാത്ത ഒരാൾക്ക് നിയമനിർമ്മാണത്തിൽ സ്ഥാനമില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. നിയമനിർമ്മാണത്തിനുള്ള അധികാരം അവരെ സംബന്ധിച്ച് സ്ത്രീകളോട് വിവേചനം കാട്ടുന്ന ധർമ്മശാസ്ത്രങ്ങള്‍ക്കോ മതഗ്രന്ഥങ്ങള്‍ക്കോ മാത്രമായിരുന്നു.

പാർലമെന്റിനകത്ത് ഭാരതീയ ജനസംഘത്തിന്റെ അംഗങ്ങളും തെരുവിൽ ആർഎസ്എസ് അംഗങ്ങളും നടത്തിയ ലിംഗനീതിക്കെതിരായുള്ള സമരങ്ങൾ പരസ്യമായിരുന്നു. കുടുംബങ്ങൾ തമ്മിലുള്ള അവരുടെ കാഴ്ചപ്പാട് അംഗങ്ങൾ തമ്മിലുള്ള തുല്യതയല്ല, മറിച്ച് സ്ത്രീകൾ അവരുടെ പിതാവിനെയും ഭർത്താവിനെയും മകനെയും സേവിക്കാൻ മാത്രമുള്ളതാണെന്ന പുരുഷാധിപത്യ മനോഭാവത്തിൽ ഉള്ളതായിരുന്നു. ലിംഗനീതിയെയും സാമൂഹിക പരിഷ്കരണങ്ങളെയും എതിർക്കുന്ന ഇത്തരം സംശയാസ്പദ ചരിത്രങ്ങൾ ഉള്ള ആർഎസ്എസിന്റെ സന്തതി പരമ്പരകളാണ് ഇപ്പോൾ ന്യൂനപക്ഷങ്ങളുടെ ലിംഗനീതിയെക്കുറിച്ച് സംസാരിക്കുന്നത് എന്നതും അതിശയിപ്പിക്കുന്നതാണ്. പലരും പ്രതികരിച്ചതുപോലെ ഏകീകൃത വ്യക്തിനിയമത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ ചാട്ടം 2024ലെ പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചു മാത്രമുള്ളതാണ്. അദ്ദേഹത്തിന്റെ അഭ്യർത്ഥന മുസ്ലിം സ്ത്രീകളോടോ, സംസാരിക്കുന്നത് ലിംഗനീതിയെക്കുറിച്ചോ അല്ല. ഹിന്ദു ജനവിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതിനും അതേസമയം വാഗ്ദാനം നൽകുന്നതിലൂടെ ന്യൂനപക്ഷങ്ങളിൽ നിന്ന് എന്തെങ്കിലും തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചുമുള്ളതാണ്. സ്വന്തം സമൂഹം തൊഴിലില്ലായ്മയും അസമത്വവും വിലക്കയറ്റവും കൊണ്ട് കഷ്ടപ്പെടുകയും ന്യൂനപക്ഷ അവകാശങ്ങൾ കവർന്നെടുക്കപ്പെടുകയും ചെയ്യുമ്പോൾ ഒരു ധ്രുവീകൃത ഹിന്ദുസമൂഹത്തെ സൃഷ്ടിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നത് അത്യന്തം ദൗർഭാഗ്യകരമാണ്.


ഇതുകൂടി വായിക്കൂ;കുത്തക മൂലധനവും ഫാസിസ്റ്റ് ഘടകങ്ങളുടെ ഉയർച്ചയും


നോട്ട് അസാധുവാക്കലും ഇപ്പോഴും ആളിക്കത്തി നിൽക്കുന്ന മണിപ്പൂർ കലാപവും പോലെ കഴിഞ്ഞ ഒമ്പതുവർഷത്തെ ബിജെപി ഭരണത്തിന്റെ നാഴികക്കല്ലുകളായി മാറിയ ഭീമാകാരമായ പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങൾ കൂടിയാണ് ഏകീകൃത വ്യക്തി നിയമ ചർച്ചകൾ. യുസിസി ഏറ്റവും ദോഷകരമായി ബാധിക്കുന്നതാണ് ഗോത്ര വിഭാഗങ്ങൾ. അതുകൊണ്ടുതന്നെ അവർ ഇത്തരത്തിലുള്ള നടപടികളോട് ശക്തമായ എതിർപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സുശീൽ മോഡിയെ പോലുള്ള ബിജെപി നേതാക്കൾ തന്നെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്കും ഗോത്രവർഗക്കാർക്കും ഇതിൽനിന്ന് ഒഴിവ് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ നിർദിഷ്ട നിയമം മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും പാഴ്സികൾക്കും മാത്രമായി പരിമിതപ്പെടുമെന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ഗോത്രവർഗ സ്ത്രീകൾക്ക് ലിംഗനീതി വാഗ്ദാനം നൽകാത്തതുതന്നെ പ്രധാനമന്ത്രി മോഡിയുടെ യുസിസി ലിംഗനീതിയുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള ധ്രുവീകരണശ്രമം മാത്രമാണെന്നും തെളിയിക്കുന്നു.
ദേശീയതലത്തില്‍ പ്രതിപക്ഷനിരയിൽ ഉണ്ടായിരിക്കുന്ന ഐക്യ നീക്കങ്ങൾ ബിജെപിയെ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കുന്നതിനായി സമൂഹത്തിൽ വിള്ളലുകൾ സൃഷ്ടിക്കാനുള്ള തീവ്രവും ലജ്ജാകരവുമായ ശ്രമമാണിത്. ഏകീകൃത വ്യക്തി നിയമത്തിന്റെ കാര്യത്തിൽ തങ്ങളുടെ ഉദ്ദേശം തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പ്രതിപക്ഷത്തെ ഉപദേശിക്കുന്നതിനും പ്രധാനമന്ത്രി ശ്രമിക്കുന്നുണ്ട്. നിയമങ്ങളുടെ ആനുകൂല്യങ്ങൾ ആസ്വദിക്കുന്ന മുസ്ലിം പുരുഷന്മാരുടെ സമൂഹം സൃഷ്ടിക്കപ്പെടുമ്പോൾ ന്യൂനപക്ഷ അവകാശങ്ങളെ പിന്തുണയ്ക്കുന്ന കക്ഷികളെ ചോദ്യം ചെയ്യണമെന്ന് പ്രധാനമന്ത്രി പറയാൻ ശ്രമിച്ചിരിക്കുന്നു. ഇത് ആശയക്കുഴപ്പം സൃഷ്ടിക്കലാണ്. യുസിസിയെ ചോദ്യം ചെയ്യുന്നവരെല്ലാം മുസ്ലിം പുരുഷന്മാരുടെ പ്രത്യേക അവകാശങ്ങളെ പിന്തുണയ്ക്കുന്നവരും അതുവഴി സ്ത്രീ വിരുദ്ധരാണെന്നും വരുത്തിത്തീർക്കാനുള്ള ശ്രമമാണിത്. ഭരണഘടനയുടെ കരട് അനുച്ഛേദം 35 (ഇപ്പോൾ അത് 44) ഭരണഘടനാ അസംബ്ലിയിൽ ചർച്ചചെയ്യുന്ന ഘട്ടത്തിൽ ഡോ. അംബേദ്കർ ഭരണഘടനാ ശില്പികളുടെ നിലപാട് വളരെ വ്യക്തമായി പറഞ്ഞിരുന്നതാണ്. അതിന് പിന്നിലെ ചരിത്രം അദ്ദേഹം വിശദമാക്കുകയും പ്രാരംഭകോഡിന്റെ പ്രയോഗഘട്ടത്തില്‍ പൂർണമായും സ്വമേധയാ ഉള്ളതാകാം എന്ന് നിർദേശിക്കുകയും നിയമം വികസിപ്പിക്കുകയും അടിച്ചേല്പിക്കാതിരിക്കുകയും ചെയ്യാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

 


ഇതുകൂടി വായിക്കൂ; പ്രധാനമന്ത്രിയുടെ പ്രസ്താവന പട്ടികജാതിക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍


 

ലിംഗനീതിയെക്കുറിച്ചുള്ള ചോദ്യത്തിൽ ആർഎസ്എസിന്റെയും മറ്റ് മതമൗലികവാദ സംഘടനകളുടെയും അതേസമയം ഇടതുപക്ഷത്തിന്റെയും നിലപാടുകൾ തമ്മിലുള്ള വൈരുധ്യം എടുത്തു പറയേണ്ടതാണ്. ഹിന്ദു നിയമത്തെ പിന്തുണച്ചുകൊണ്ട് സിപിഐയുടെ പ്രൊഫ. ഹിരണ്‍ മുഖര്‍ജി പാർലമെന്റിൽ പറഞ്ഞു: ‘മകനും വിധവയ്ക്കുമൊപ്പം മകളെയും ഒരേസമയം അവകാശികളായി അവതരിപ്പിക്കുന്നത് ശരിക്കും വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഇതിനായി സ്ത്രീകൾ മാത്രമല്ല സമൂഹത്തിലെ പുരോഗമനപരവും ജനാധിപത്യപരവുമായ എല്ലാ വിഭാഗങ്ങളും ദീർഘകാലമായി പ്രക്ഷോഭത്തിൽ ആയിരുന്നു’. മുസ്ലിം സ്ത്രീകൾക്ക് ദോഷകരമായി ശബാനു കേസ് വിധി മറികടക്കാൻ പാർലമെന്റിൽ നിയമനിർമ്മാണം നടത്തിയപ്പോൾ സിപിഐയിലെ ഗുരുദാസ് ദാസ് ഗുപ്ത ശക്തമായി എതിർക്കുകയും മതം നിയമനിര്‍മ്മാണത്തിന്റെ മാനദണ്ഡമാകരുതെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. മതം നിയമ നിർമ്മാണത്തിന്റെ അടിസ്ഥാനമായി മാറുന്നത്, ഭരണഘടനയുടെ അടിവേരിലും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിത്തറയിലും ആഘാതമുണ്ടാക്കുന്ന നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
പല ബിജെപി നേതാക്കളും സതി എന്ന ദുരാചാരത്തെ ലജ്ജാകരമായ രീതിയിൽ പിന്തുണയ്ക്കുന്ന നിലപാടും സ്വീകരിച്ചിട്ടുണ്ട്. അംബേദ്കർ ഹിന്ദു സമൂഹത്തിൽ കൊണ്ടുവരാൻ ശ്രമിച്ച പരിഷ്കാരങ്ങളെ ആർഎസ്എസ് ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. ന്യൂനപക്ഷങ്ങളെ കൂടുതൽ പൈശാചികവൽക്കരിക്കുന്നതിനും ധ്രുവീകരണത്തിനുമായി ലിംഗനീതി ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതേസമയം ലിംഗനീതിയെക്കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ നിലപാട് നീതിയും തുല്യതയുമുള്ള ഒരു സമൂഹത്തിന് അനുകൂലവും അതിനുവേണ്ടിയുള്ളതുമാണ്. മതത്തിനകത്തുനിന്ന് ഉരുത്തിരിയുന്ന നിയമങ്ങൾ പലപ്പോഴും അതാത് സമൂഹത്തിലെ സ്ത്രീകളുടെ താല്പര്യത്തിന് വിരുദ്ധമാണ്. അതുകൊണ്ട് നമ്മുടെ മതേതര ജനാധിപത്യ റിപ്പബ്ലിക്കിനെ സംബന്ധിച്ചിടത്തോളം നിയമനിർമ്മാണത്തിന്റെ അടിസ്ഥാനം മതേതര-ജനപക്ഷ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം. വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും പേരിൽ നിലവിലുള്ള വിവേചനപരമായ നിയമങ്ങളും ആചാരങ്ങളും ഇല്ലാതാക്കി, ഭരണകൂടത്തിന്റെ മതേതര സ്വഭാവം ഉയർത്തിപ്പിടിക്കുന്നതിന്ന് സമവായത്തിൽ എത്തേണ്ടതുണ്ട്. എന്നാൽ അത് ഡോ. അംബേദ്കർ നിർദേശിച്ചതുപോലെ അടിച്ചേല്പിക്കുന്നതായിരിക്കുകയും അരുത്.

ലിംഗനീതിയുടെ കാര്യത്തിൽ ആർഎസ്എസ്, ബിജെപി എന്നിവയുടെ നിലപാട് പരിതാപകരമാണ്. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള വനിതാ സംവരണ ബിൽ സിപിഐ നേതാവ് ഗീതാ മുഖർജിയാണ് അവതരിപ്പിച്ചത്. ഒടുവിൽ 2019ൽ രാജ്യസഭയിൽ പാസാക്കുകയും ചെയ്തു. പക്ഷേ, ഇപ്പോൾ ലിംഗനീതിയെക്കുറിച്ച് ആശങ്ക ഉന്നയിക്കുന്ന മോഡിയുടെ ഭരണം ഒമ്പത് വർഷം പിന്നിട്ടിട്ടും ആ ബില്ല് വെളിച്ചം കണ്ടിട്ടില്ല. ലൈംഗികാതിക്രമത്തിനെതിരെ പ്രതിഷേധിച്ച വനിതാ ഗുസ്തിതാരങ്ങളെ ഡൽഹി പൊലീസ് തെരുവിലൂടെ വലിച്ചിഴച്ചതിന്റെ ചിത്രങ്ങൾ ഇപ്പോഴും പൊതുമനസിൽ മായാതെ നിൽക്കുന്നുമുണ്ട്. ബലാത്സംഗവീരന്മാരെ ബിജെപി സംരക്ഷിക്കുന്ന സംഭവങ്ങൾ നമുക്ക് അറിയാവുന്നതുമാണ്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലെ ഈ പൊള്ളത്തരങ്ങൾ വച്ചുതന്നെ യുസിസി കൊണ്ടുവരുന്നതിന് പിന്നിലെ ബിജെപിയുടെ ദുരുദ്ദേശത്തെ സ്വാഭാവികമായും ചോദ്യം ചെയ്യാവുന്നതാണ്. യുസിസി സംബന്ധിച്ച അനുച്ഛേദം 44ൽ നിർദേശക തത്വങ്ങളില്‍ കേന്ദ്ര നയങ്ങൾ സംബന്ധിച്ച നിർദേശം മാത്രമല്ല, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതിയിൽ അധിഷ്ഠിതമായ ഒരു സാമൂഹിക ക്രമം പ്രോത്സാഹിപ്പിക്കുക എന്ന ഉത്തരവാദിത്തം കൂടി ഭരണകൂടത്തെ ഏല്പിക്കുന്നുണ്ട്. വരുമാന അസമത്വങ്ങൾ ഇല്ലാതാക്കുക, വ്യവസായ നടത്തിപ്പിൽ തൊഴിലാളികൾക്ക് പങ്കാളിത്തം, ജോലികൾ ചെയ്യാനുള്ള അവകാശം എന്നിവയും നിർദേശിക്കുന്നുണ്ട്. ഇത്തരം പുരോഗമനപരമായ നടപടികൾ പ്രധാനമന്ത്രി ബോധപൂർവം മറച്ചുപിടിക്കുകയാണ്. അതേസമയം ഭരണഘടനയുടെ നിർദേശക തത്വങ്ങളിലെ കേന്ദ്ര നയങ്ങളെ മറയാക്കി അദ്ദേഹവും ആർഎസ്എസ് സംഘവും തങ്ങളുടെ ദുഷിച്ച അജണ്ട പുറത്തെടുക്കുകയും ചെയ്യുന്നു. നേരത്തെ പറഞ്ഞതുപോലെ ലിംഗനീതിയുമായി ഒരു ബന്ധവുമില്ലാത്ത, സമൂഹത്തെ ധ്രുവീകരിക്കുക മാത്രമായിരുന്നു മോഡിയുടെ നാടകത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്. മോഡി നേതൃത്വം നല്‍കുന്ന ആർഎസ്എസ് ഭരണത്തിന്റെ ഒമ്പതുവർഷങ്ങൾ കുറച്ചുപേർക്ക് സാമ്പത്തിക കേന്ദ്രീകരണത്തിനും ജാതി ശ്രേണി ശക്തിപ്പെടുത്തുന്നതിനും സ്ത്രീകളെ കീഴ്പ്പെടുത്തുന്നതിനും മാത്രമാണ് ഉപകാരമായതെന്നതും വസ്തുതയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.