13 June 2024, Thursday

കുത്തക മൂലധനവും ഫാസിസ്റ്റ് ഘടകങ്ങളുടെ ഉയർച്ചയും

പ്രഭാത് പട്നായിക്
July 11, 2023 4:30 am

എല്ലാ ആധുനിക സമൂഹത്തിലും ഫാസിസ്റ്റ് ഘടകങ്ങൾ നിലവിലുണ്ട്. സാധാരണയായി നാമമാത്രമോ അപ്രധാന ഘടകങ്ങളോ ആയിരിക്കും അത്. ധാരാളം പണവും മാധ്യമ കവറേജും നൽകുന്ന കുത്തക മൂലധനത്തിന്റെ പിന്തുണ ലഭിക്കുമ്പോൾ മാത്രമാണ് അവർ കേന്ദ്രതലത്തിലേക്ക് വളരുന്നത്. തൊഴിലില്ലായ്മ ഗണ്യമായി വർധിപ്പിക്കുകയും അതുവരെ കുത്തക മൂലധനം ആസ്വദിച്ചിരുന്ന ആധിപത്യത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന മുതലാളിത്ത പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് പലപ്പോഴും ഇത് സംഭവിക്കുക. അത്തരം സാഹചര്യത്തിൽ ഫാസിസ്റ്റ് ഘടകങ്ങളുടെ പങ്ക് വ്യവഹാരത്തില്‍ വഴിത്തിരിവ് നൽകുക എന്നതാണ്. അങ്ങനെ പ്രതിസന്ധികളാൽ വലയുന്ന മുതലാളിത്തത്തിനു കീഴിൽ ജീവിക്കുന്നതിന്റെ അടിസ്ഥാനദുരിതം, മതപരമോ വംശീയമോ ഭാഷാപരമോ ആയ ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്നതിലൂടെ മറയ്ക്കാൻ ശ്രമിക്കുന്നു. തീർച്ചയായും, ഫാസിസ്റ്റ് ഘടകങ്ങൾ അധികാരത്തിൽ വരുമ്പോൾ ഭരണകൂടഭീകരതയുടെ ഉപയോഗമുണ്ടാകും. ന്യൂനപക്ഷത്തിനെതിരെയും ചിന്തകർ, ബുദ്ധിജീവികൾ, രാഷ്ട്രീയ എതിരാളികൾ, സ്വതന്ത്ര അക്കാദമിക് വിദഗ്ധർ എന്നിവർക്കെതിരെയും ജാഗ്രതാ ഗ്രൂപ്പുകളായി ഫാസിസ്റ്റ് ഗുണ്ടകളെ അഴിച്ചുവിടുകയും ചെയ്യുന്നു. ഇന്ത്യ ഈ മാതൃകയോട് ഏറ്റവും അടുത്ത് നില്‍ക്കുന്നു. രാഷ്ട്രീയ അധികാരത്തിലേക്കുള്ള ഫാസിസ്റ്റ് ഗ്രൂപ്പുകളുടെ ഉയർച്ചയുമായി ബന്ധപ്പെട്ട ഒരു അധിക ഘടകമുണ്ട്. കുത്തക മൂലധനത്തിനുള്ളിൽ പുതുതായി ഉയർന്നുവരുന്ന ആ ഘടകമാണ്, ‘കുത്തക ബൂർഷ്വാസി’. അത് ഫാസിസ്റ്റ് ഗ്രൂപ്പുകളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നു.

ഫ്രഞ്ച് ചിന്തകനായ ഡാനിയൽ ഗ്വെറിൻ, ‘ഫാസിസവും വന്‍കിട വ്യാപാരവും’ എന്ന തന്റെ പുസ്തകത്തിൽ, ജർമ്മനിയിൽ, ഉരുക്ക്, ആയുധങ്ങൾ, യുദ്ധോപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ പുതുതായി ഉയർന്നുവന്ന കുത്തക മുതലാളിമാർ തുണിത്തരങ്ങൾ, ഉപഭോക്തൃ വസ്തുക്കൾ തുടങ്ങിയ മേഖലകളിലെ പരമ്പരാഗത കുത്തക മുതലാളിമാരുമായി താരതമ്യം ചെയ്യുമ്പോൾ 1930കളില്‍ നാസികള്‍ക്ക് ശക്തമായ പിന്തുണ നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനായ മൈക്കൽ കലെക്കി, നാസി ഭരണകൂടത്തെ വളരുന്ന ഫാസിസവും വൻകിട ബിസിനസുകാരും തമ്മിലുള്ള പങ്കാളിത്തമായി വിശേഷിപ്പിക്കുന്നു. പുതിയ കുത്തക ഗ്രൂപ്പുകൾ ഫാസിസ്റ്റ് ഘടകങ്ങൾക്ക് കൂടുതൽ സജീവവും കൂടുതൽ ആക്രമണാത്മകവുമായ പിന്തുണ നൽകുന്നു എന്നതാണ് വസ്തുത. ജപ്പാനിലാകട്ടെ നിസാൻ, മോറി തുടങ്ങിയ പുതിയ കുത്തക മുതലാളിമാരുടെ ഗ്രൂപ്പാണ്, 1930കളിൽ സൈനിക‑ഫാസിസ്റ്റ് ഭരണകൂടത്തെ പിന്തുണയ്ക്കുന്നതിൽ മിറ്റ്സുയി പോലുള്ള പഴയ സാമ്പത്തിക ശക്തികളെക്കാള്‍ കൂടുതൽ ശക്തമായി പ്രവർത്തിച്ചത്. ഒരുകാലത്ത് മിറ്റ്സുയിയും മിത്സുബിഷിയും സുമിറ്റോമോയുമായിരുന്നു ജാപ്പനീസ് വ്യവസായവൽക്കരണത്തിൽ മുൻപന്തിയില്‍. ഫാസിസ്റ്റ് ഭരണകൂടത്തെ പഴയ കുത്തകകള്‍ പിന്തുണയ്ക്കാതിരുന്നിട്ടില്ല. അവർ വ്യക്തമായും അത് ചെയ്തു. മിത്സുബിഷി കപ്പൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നു. യുദ്ധാനന്തര അമേരിക്കൻ അധിനിവേശ ഭരണകൂടം ജനറൽ ഡഗ്ലസ് മക്ആർതറിന്റെ കീഴിൽ ജപ്പാനിലെ പഴയ സാമ്പത്തിക ശക്തികളെ പിരിച്ചുവിട്ടതിനു കാരണം ഈ പിന്തുണയാണ്. (പിന്നീട് അവർ മറ്റൊരു രൂപത്തില്‍ ഉയർന്നുവന്നത് വേറെ കാര്യം). പക്ഷേ, സൈനിക‑ഫാസിസ്റ്റ് ഭരണകൂടത്തിനുള്ള പിന്തുണ സമ്പൂർണവും കേവലവും കൂടുതൽ ശക്തവുമായിരുന്നു. ഈ മാതൃകയോടും ഇന്ത്യയിലെ അവസ്ഥ പൂർണമായും യോജിക്കുന്നു.


ഇതുകൂടി വായിക്കൂ: നാശത്തിലാഴുന്ന ജനാധിപത്യം


അഡാനി, അംബാനി പോലെയുള്ള പുതിയ കുത്തകകൾ, നരേന്ദ്ര മോഡി ഭരണത്തിന് പിന്തുണ നൽകുന്നതിൽ കൂടുതൽ സജീവമാണ്. മാത്രമല്ല പരമ്പരാഗത കുത്തക സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പിന്തുണയിൽ നിന്ന്, അവര്‍ വലിയ പ്രയോജനം നേടുകയും ചെയ്തിട്ടുണ്ട്. പുതിയ കുത്തകശക്തികളുമായുള്ള മോഡി സർക്കാരിന്റെ അടുത്ത ബന്ധത്തെ ‘ചങ്ങാത്ത മുതലാളിത്തം’ എന്ന് വിശേഷിപ്പിക്കുന്നു. അധികാരത്തിലും കുത്തക മൂലധനത്തിലും, ഫാസിസ്റ്റ് ഘടകങ്ങളുടെ അവിശുദ്ധ ബന്ധത്തിന്റെ സാമീപ്യത്തെ ഈ പ്രയോഗം അടിവരയിടുന്നു. കോർപറേറ്റ്-ഹിന്ദുത്വ കൂട്ടുകെട്ടിന്റെ പ്രത്യേകത, അത് സ്വാഭാവികമായ ഒരു സഖ്യമല്ല എന്നതാണ്. വാസ്തവത്തിൽ, എല്ലാ മുതലാളിത്തവും പ്രത്യേക അർത്ഥത്തിൽ ചങ്ങാത്ത മുതലാളിത്തമാണ്. ചില നിയമങ്ങളിൽ വിവേചനാധികാരം ‘ചങ്ങാതിമാർക്ക്’ അനുകൂലമായി ഭരണകൂടം പ്രയോഗിക്കുന്നു. ഉദാഹരണത്തിന്, ഒരു കരാർ ലഭിക്കുന്നതിന്, അപേക്ഷകൻ ചില മിനിമം മാനദണ്ഡങ്ങൾ പാലിക്കണം. ഇത് പാലിക്കുന്നവരാണ് കരാർ നേടുക. മുതലാളിത്തത്തിന് കീഴിലുള്ള കരാറുകൾ നൽകുന്നത്, പൂർണമായും അന്ധമായിട്ടല്ല. എന്നാൽ പ്രീണനത്തിന്റെ ഭാഗമായി ‘കളിയുടെ നിയമങ്ങള്‍’ ഒരു നിശ്ചിത വലയത്തിനുള്ളിലേക്ക് ചുരുക്കുന്നു. അപ്പോള്‍ മാനദണ്ഡങ്ങള്‍ മാറുന്നു. ചങ്ങാത്തമുതലാളിത്തത്തിനു കീഴിൽ, കുത്തകകളും ഭരണകൂടവും തമ്മിലുള്ള ഈ ബന്ധം കൂടുതൽ ദൃഢമാണ്. ഭൂപരിഷ്കരണം യുഎസിലെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിക്ക് ദോഷം ചെയ്തപ്പോള്‍, ജാക്കോബോ അർബെൻസിനെ താഴെയിറക്കാൻ ഗ്വാട്ടിമാലയിൽ സിഐഎ അട്ടിമറി നടത്തിയതും, എണ്ണവ്യവസായത്തെ ദേശസാൽക്കരിച്ചതിന് ഇറാനിയന്‍ ഭരണാധികാരി മൊസാഡെഗിനെതിരെ സിഐഎയും എംഐ‑6ഉം അട്ടിമറി നടത്തുകയും അതുവഴി ബ്രിട്ടീഷ് എണ്ണക്കമ്പനിയായ ആംഗ്ലോ-ഇറാനിയനെ മുൻനിര സ്ഥാനത്ത് നിന്ന് മാറ്റിയതും പ്രത്യേക കുത്തക മുതലാളിമാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഭരണകൂടം നടത്തിയ പ്രവർത്തനങ്ങളാണ്. ഇറാനില്‍ മൊസാഡെഗിനെ അട്ടിമറിക്കുകയും ഷായെ അധികാരത്തിലെത്തിക്കുകയും ചെയ്തതുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ബ്രിട്ടീഷ് സർക്കാർ ഇന്നും ഔദ്യോഗികമായി വാദിക്കുന്നത്.
അധികാരത്തിലേക്കുള്ള ഫാസിസ്റ്റ് ഘടകങ്ങളുടെ കടന്നുകയറ്റം നിയമങ്ങളെ മാറ്റിമറിക്കുന്നു. ഇത് അടിസ്ഥാനപരമായിത്തന്നെ മാറ്റത്തിന് കാരണമാകുന്നു. ഇന്ത്യയുടെ കാര്യത്തില്‍ ഇത് വ്യക്തമാണ്. റഫാൽ വിമാനങ്ങളുടെ പ്രാദേശിക നിർമ്മാതാവായി അനിൽ അംബാനി പുതുതായി സൃഷ്ടിച്ച ഒരു സ്ഥാപനത്തെ അംഗീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഫ്രഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടപ്പോൾ, ആഗോള ടെൻഡര്‍ എന്ന മിനിമം മാനദണ്ഡം പോലും പാലിക്കപ്പെട്ടില്ല. വാസ്തവത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കിയതിന് ഒരു വിശദീകരണവും സര്‍ക്കാര്‍ നൽകിയിട്ടില്ല. അതുപോലെതന്നെയാണ് ഹിൻഡൻബർഗ് വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും, അഡാനി ഗ്രൂപ്പിന്റെ ഇടപാടുകളെക്കുറിച്ച് ഒരു അന്വേഷണത്തിനും മുതിരാതിരുന്നത്.

തങ്ങളുമായി അടുത്ത ബന്ധം സൂചിപ്പിക്കുന്ന ചില സ്ഥാപനങ്ങളെ തിരഞ്ഞെടുത്ത് അവയെ മറ്റ് രാജ്യങ്ങളിലെ സ്ഥാപനങ്ങളോടു മത്സരിപ്പിച്ച് ‘വിജയികളായി’ വളർത്തിയെടുക്കാൻ ബിജെപി സർക്കാർ പദ്ധതിയിടുകയായിരുന്നു. ഈ ‘സാധ്യതയുള്ള വിജയികളെ’ തിരഞ്ഞെടുക്കുന്നതിൽ ‘കളിനിയമങ്ങൾ’ ഉണ്ടാകില്ല. ഹിന്ദുത്വ സഖ്യത്തിൽ ഏർപ്പെട്ടിരിക്കുന്ന കുത്തക മുതലാളിമാരാകട്ടെ, സ്വന്തം സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാൻ ഭരണകൂട സഹായം തേടും. മറുവശത്ത്, ഹിന്ദുത്വ സര്‍ക്കാരിന് പൂർണമായ മാധ്യമ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് പുതിയ മൂലധനശക്തികള്‍ പ്രത്യുപകാരം ചെയ്യും. കോർപറേറ്റ്-ഹിന്ദുത്വ കൂട്ടുകെട്ടിന് ഏകകണ്ഠമായ പിന്തുണ പൂർത്തിയാകുന്നതിനാണ് ഒരു പരിധിവരെ സ്വതന്ത്രമായിരുന്ന ടിവി ചാനലുകള്‍ അഡാനികൾ വാങ്ങിക്കൂട്ടുന്നത്. ‘ഭരണകൂടത്തിന്റെയും കോർപറേറ്റ് ശക്തിയുടെയും സംയോജനം’ എന്ന മുസോളിനിയുടെ പ്രയോഗത്തെ അനുസ്മരിപ്പിക്കുന്ന ഈ പ്രക്രിയയെയാണ് ‘ചങ്ങാത്ത മുതലാളിത്തം’ എന്ന് വിളിക്കുന്നത്. എല്ലാ മുതലാളിത്തവും ചങ്ങാത്ത മുതലാളിത്തമാണ്. എന്നാൽ ഭരണകൂടവും മൂലധനവും തമ്മിലുള്ള ബന്ധം കാലക്രമേണ മാറുകയും കുത്തക മുതലാളിത്തത്തോട് കൂടുതൽ അടുക്കുകയും ചെയ്യുന്നു. ഫാസിസ്റ്റ് ഭരണകാലത്തെ മുതലാളിത്തം ഈ ബന്ധത്തിന്റെ കൂടുതൽ ഗുണപരമായ പരിവർത്തനത്തെ പ്രതിനിധീകരിക്കുകയും ഭരണം തന്നെ ഒരു കോർപറേറ്റ്-ഹിന്ദുത്വ സഖ്യമാവുകയും ചെയ്യുകയാണ്.
(അവലംബം: ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.