17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025
April 1, 2025

എ ഗ്രൂപ്പിന്റെ ഉന്മൂലനത്തിന് സുധാകരന്‍: രണ്ടിലൊന്നറിയാന്‍ ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍; പിന്നാലെ രമേശും

കെ രംഗനാഥ്
തിരുവനന്തപുരം
November 16, 2021 9:59 pm

കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനെ ഏതാണ്ട് അപ്രസക്തമാക്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉമ്മന്‍ചാണ്ടി സുപ്രീം കമാന്‍ഡറായ എ ഗ്രൂപ്പിന്റെ ഉന്മൂലനത്തിനുള്ള പടയോട്ടം തുടങ്ങി. ഇനി രണ്ടിലൊന്ന് അറിഞ്ഞേ ബാക്കിയുള്ളൂ എന്ന വാശിയില്‍ ഇന്നലെ ഡല്‍ഹിക്കു വിമാനം കയറിയ അദ്ദേഹം ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സുധാകരനുമായുള്ള പടയില്‍ മുറിവേറ്റ് ആസന്ന മരണാവസ്ഥയിലുള്ള ഐ ഗ്രൂപ്പിന്റെ ജീവാത്മാവും പരമാത്മാവുമായ രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനു മുന്നില്‍ ഭജനയും പ്രാര്‍ത്ഥനയുമായി പിന്നാലെ എത്തുന്നുണ്ട്.
ഇതിനെല്ലാമിടയില്‍ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമടങ്ങുന്ന ഹൈ­ക്കമാന്‍ഡ് ഗ്രൂപ്പില്‍ വിള്ളല്‍ വീണിരിക്കുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിമാരിലൊരാളായി ജി എസ് ബാബുവിനെ തെരഞ്ഞെടുക്കണമെന്ന സുധാകരന്റെ വാശിക്ക് കീഴടങ്ങാതെ പഴകുളം മധുവിനുവേണ്ടി സ­തീ­ശന്‍ രംഗത്തെത്തിയതാണ് എ, ഐ ഗ്രൂപ്പുകള്‍ക്കെതിരേ രൂപംകൊണ്ട ഹൈക്കമാന്‍ഡ് ഗ്രൂപ്പിലെ ഭിന്നത രൂക്ഷമാക്കിയിരിക്കുന്നത്. കെ മുരളീധരന്റെ വിശ്വസ്തനായ പഴകുളം മധുവിനെ പിന്തുണയ്ക്കുന്നതു വഴി സുധാകരനുമായുള്ള ഗ്രൂപ്പു പോരില്‍ മുരളിയെ കൂടി കൂടെ നിര്‍ത്തി സുധാകരനെതിരായ അങ്കം കൊഴുപ്പിക്കാമെന്നാണ് സതീശന്റെ കണക്കു കൂട്ടല്‍. ഹൈക്കമാന്‍ഡ് ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പു പോരിനിടെ കൊണ്ടുകയറാമെന്ന സ്വപ്നമാണ് എ, ഐ ഗ്രൂപ്പുകള്‍ക്കുള്ളത്.

കെപിസിസി പുനഃസംഘടനയ്ക്കും ഡിസിസി പ്രസിഡന്റുമാരുടെ നാമനിര്‍ദ്ദേശത്തിനുമെതിരേ കാര്യമായ എതിര്‍പ്പു പ്രകടിപ്പിക്കാതെ പ്രതിഷേധപൂര്‍വം മാറി നിന്ന ഉമ്മന്‍ചാണ്ടിയുടേയും രമേശിന്റെയും ദുര്‍ബലമായ നിലപാടുകള്‍ മുതലെടുത്ത് ഡിസിസികള്‍ പുനഃസംഘടിപ്പിക്കാനൊരുങ്ങിയപ്പോഴാണ് ഉമ്മന്‍ ചാണ്ടിക്കും രമേശിനും മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീകരനും കത്തിയത്. ആപല്‍ക്കരമായ ഈ നില തുടര്‍ന്നാല്‍ കോണ്‍ഗ്രസില്‍ സുധാകരന്റെ ഏകാധിപത്യ വാഴ്ചയുടെ നാളുകളാണ് വരാനിരിക്കുന്നതെന്ന തിരിച്ചറിവില്‍ അവര്‍ ആഞ്ഞടിക്കുകയായിരുന്നു. ഡിസിസി പുനഃസംഘടനയില്‍ എ, ഐ ഗ്രൂപ്പുകളില്‍പ്പെട്ടവരെ ഡിസിസി പ്രസിഡന്റുമാരാക്കി അവരെ ആ ഗ്രൂപ്പുകളില്‍ നിന്ന് അടര്‍ത്തിമാറ്റുന്ന തന്ത്രമാണ് സുധാകരന്‍ പയറ്റിയത്. ഇതില്‍ പൂര്‍ണമായി വിജയിച്ച സുധാകരന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ കൂടി പുനഃസംഘടിപ്പിച്ച് കോണ്‍ഗ്രസിനെയാകെ തന്റെ കൈക്കുമ്പിളിലാക്കാനുള്ള നീക്കവും ശക്തിപ്പെടുത്തിയതോടെയാണ് ഉമ്മന്‍ചാണ്ടിയും രമേശും മുല്ലപ്പള്ളിയും സുധീരനും നേരേ ചൊവ്വേയുള്ള പരസ്യ പ്രതികരണത്തിനിറങ്ങിയത്. സുധാകരന്റെ തന്ത്രങ്ങള്‍ കണ്ണൂരില്‍ പോലും ചെലവാകില്ലെന്നു സുധീരന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തന്റെ മൗനം വചാലമാണെന്നു സുധാകരന്‍ കരുതരുതെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ കസേര സുധാകരനു വേണ്ടി ഒഴിഞ്ഞു കൊടുത്ത മുല്ലപ്പള്ളിയുടെ മുന്നറിയിപ്പ്.

സംഗതികള്‍ ഈ വിധം കത്തിപ്പടരുന്നതിനിടെ എ ഗ്രൂപ്പിനെ വെട്ടിനിരത്താനുള്ള സുധാകരന്റെ കര്‍മ്മപദ്ധതിയാണ് ഉമ്മന്‍ചാണ്ടിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ നാല്പതു വര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായി തുടരുന്ന എം എ ലത്തീഫിനെ കെപിസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയായിരുന്നു തുടക്കം. കഴിഞ്ഞ ദിവസം നോട്ടീസുപോലും നല്കാതെ ലത്തീഫിനെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്റ് ചെയ്ത സുധാകരന്റെ നടപടിക്കെതിരേ തലസ്ഥാനത്തും ജില്ലയുടെ പല ഭാഗത്തും നടന്ന പ്രകടനങ്ങള്‍ സുധാകരനെ ഞെട്ടിച്ചു. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തൃശൂര്‍, എറണാകുളം തുടങ്ങിയ എ ഗ്രൂപ്പിന്റെ ശക്തികേന്ദ്രങ്ങളിലും നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടികള്‍ സ്വീകരിക്കാന്‍ ഒരു ഹിറ്റ് ലിസ്റ്റുതന്നെ സുധാകരന്‍ തയാറാക്കിക്കഴിഞ്ഞു. ഒപ്പം ഇപ്പോഴും രമേശിനൊപ്പം നില്‍ക്കുന്നവരെ അച്ചടക്ക നടപടിയുടെ വാളുയര്‍ത്തി ഒപ്പം നിര്‍ത്താനോ പുറത്തുചാടിക്കാനോ ആണ് സുധാകരന്റെ പദ്ധതി. 

ഈ സാഹചര്യത്തില്‍ ഇരു ഗ്രൂപ്പുകളും വിവിധ ജില്ലകളില്‍ വ്യാപകമായി ഗ്രൂപ്പ് യോഗങ്ങള്‍ നടത്തിവരുന്നു. ഇപ്രകാരം കോഴിക്കോട്ടു ചേര്‍ന്ന എ ഗ്രൂപ്പ് യോഗം മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും വരെ കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചു. എ ഗ്രൂപ്പു യോഗത്തില്‍ നുഴഞ്ഞുകയറിയ സുധാകരന്‍ ഗ്രൂപ്പുകാരാണ് അക്രമങ്ങള്‍ അഴിച്ചുവിട്ടതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എ ഗ്രൂപ്പുകാരെ അക്രമത്തിന്റെ മറവില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാനുള്ള പദ്ധതിയാണ് സുധാകരന്‍ ആവിഷ്കരിച്ചിട്ടുള്ളതെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയും രമേശും ഹൈക്കമാന്‍ഡിനു മുന്നില്‍ സങ്കട ഹര്‍ജിയുമായെത്തുന്നത്. സുധാകരന്‍ പ്രസിഡന്റായ ശേഷം അദ്ദേഹത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് സംസ്ഥാന, ജില്ലാ നേതാക്കളടക്കം ആറായിരത്തോളം സജീവ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട കാര്യവും അവര്‍ സോണിയയെ ധരിപ്പിക്കും. സുധാകരനു കടിഞ്ഞാണിട്ടില്ലെങ്കില്‍ ദേശീയ നേതൃത്വത്തിലെ വിമതവിഭാഗമായി ജി-23 ഗ്രൂപ്പുമായി ചേര്‍ന്ന് തിരുത്തല്‍ ശക്തിയായി തങ്ങള്‍ക്ക് മാറേണ്ടിവരുമെന്ന മുന്നറിയിപ്പും ഉമ്മന്‍ചാണ്ടി ഇന്ന് സോണിയയെ അറിയിക്കുമെന്നും അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ENGLISH SUMMARY: Oom­men Chandy in Delhi
You may also like this video

YouTube video player

TOP NEWS

April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.