
മതിയായ രേഖകളില്ലാതെ രാജ്യത്ത് ഡെലിവറി ജോലിയിൽ ഏർപ്പെട്ട ഇന്ത്യക്കാർ അടക്കമുള്ള 171 പേരെ യുകെ ഇമ്മിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റ് ടീം അറസ്റ്റ് ചെയ്തു. ഇവരെ എല്ലാവരെയും ഉടൻ നാടുകടത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. ‘ഓപ്പറേഷൻ ഈക്വലൈസ്’ എന്ന് പേരിട്ട പരിശോധനയിലാണ് ‘അനധികൃത ഡെലിവറി തൊഴിലാളി‘കളെ ഇമ്മിഗ്രേഷൻ വകുപ്പ് പിടികൂടിയത്. ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ന്യൂഹാം, നോർവിച്ച് അടക്കമുള്ള നഗരങ്ങളിൽ നിന്നാണ് അറസ്റ്റ് നടന്നത്. പരിശോധനകൾ കർശനമാക്കിയതിൻ്റെ പശ്ചാത്തലത്തിൽ, രേഖകൾ കൃത്യമല്ലെങ്കിൽ പിടികൂടി നാടുകടത്തുമെന്ന മുന്നറിയിപ്പുമായി അധികൃതർ രംഗത്തുവന്നിട്ടുണ്ട്.
അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള യുകെ ഭരണകൂട നടപടികളുടെ ഭാഗമായാണ് ഈ പരിശോധനകൾ. കഴിഞ്ഞ വർഷം മാത്രം 11,000-ലധികം പേരെ പരിശോധിക്കുകയും 8,000‑ത്തോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. യുകെ സർക്കാർ അടുത്തിടെ അംഗീകരിച്ച പുതിയ നിയമത്തിൽ, ഗിഗ് ഇക്കോണമി ജീവനക്കാരെയും പരിശോധനകൾക്ക് വിധേയമാക്കുമെന്ന് അറിയിച്ചിരുന്നു. കൃത്യമായ രേഖകളില്ലാത്ത തൊഴിലാളികളിൽ നിന്ന് 60,000 യൂറോ വരെ ഫൈൻ ഈടാക്കാൻ വ്യവസ്ഥയുള്ളതാണ് ഈ പുതിയ നിയമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.