കേരളത്തിൽ ഒരുപാട് ആരോപണങ്ങൾക്കും വിവാദങ്ങള്‍ക്കും രാഷ്ട്രീയ വാക്കേറ്റങ്ങൾക്കും വഴിവച്ച സംഭവമാണ് റോഡുകളില്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ച സര്‍ക്കാരിന്റെ നടപടി. മനുഷ്യജീവന്റെ സുരക്ഷ മുന്‍നിര്‍ത്തി കൊണ്ടുവന്ന പദ്ധതിക്കെതിരെ പൊതുജനങ്ങളില്‍ ചെറിയൊരുവിഭാഗവും രംഗത്തുവന്നിരുന്നു. എന്തിന് സ്ഥാപിക്കുന്നു എന്നതിനെച്ചൊല്ലിയല്ല, എങ്ങനെ സ്ഥാപിക്കുന്നുവെന്നും ആ പണം സര്‍ക്കാര്‍ എന്തിന് ഉപകരിക്കുന്നുവെന്നൊക്കെ ജനങ്ങളില്‍ സംശയം സൃഷ്ടിക്കുകയായിരുന്നു ചില ദോഷൈക ദൃക്കുകളുടെ ഉന്നം. അതുകൊണ്ട് ജീവന് എന്ത് സംരക്ഷണമാണ് സര്‍ക്കാര്‍ നല്‍കുന്നത് എന്നുവരെ ചോദ്യമുയര്‍ന്നു. രണ്ട് മാസം പിന്നിടാനിരിക്കെയും ഈ ചോദ്യങ്ങളും സാഹചര്യത്തിനനുസരിച്ച് ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്താണ്, എന്തിനാണ്, എങ്ങനെയാണ് എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തുകയാണിവിടെ…
ക്യാമറ പ്രവര്‍ത്തനം ആരംഭിക്കുന്നു
ക്യാമറ സ്ഥാപിക്കുന്നതടക്കമുള്ള കെല്‍ട്രോണിന്റെ പദ്ധതി രേഖയ്ക്ക് 2019ലാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 2020ല്‍ കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും കരാറിലേര്‍പ്പെട്ടു. ജൂണ്‍ അഞ്ച് മുതലാണ് എഐ ക്യാമറ പ്രവര്‍ത്തനമാരംഭിച്ചത്. 726 എഐ ക്യാമറകളാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വിന്യസിച്ചത്. ആദ്യം ദിവസം തന്നെ 28,000 ട്രാഫിക് നിയമലംഘനങ്ങളാണ് ക്യാമറ പിടിച്ചത്. ഇതിന് മുൻപ് ദിവസവും 4.5 ലക്ഷത്തോളം നിയമലംഘനങ്ങളായിരുന്നു കണ്ടെത്തി നിയമ നടപടിക്ക് വിധേയമാക്കിയിരുന്നത്.
കേരളത്തിലെ വാഹനാപകടങ്ങളും ജൂണില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എഐ ക്യാമറകള്‍ക്ക് എന്നാല്‍ ചില പിഴവുകളും ‘തെറ്റിദ്ധാരണകളും’ വന്നിട്ടുണ്ട്. പലരും വാഹന നമ്പര്‍ സംബന്ധിച്ച പരാതികളും പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിയമം തെറ്റിച്ചിട്ടില്ലാത്തവര്‍ക്ക് അപ്പീല്‍ പോകാനും അവസരവും നല്‍കിയിരിക്കുന്നു.
പിഴ ഈടാക്കുന്നതെങ്ങനെ? അടയ്ക്കുന്നതെങ്ങനെ?
ക്യാമറ വഴി ലഭിക്കുന്ന ചിത്രത്തില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലെ ഓപ്പറേറ്റര്‍ നിയമലംഘനം സ്ഥിരീകരിച്ചശേഷം ഇത് തിരുവനന്തപുരത്തെ സെന്‍ട്രല്‍ സെര്‍വറിലേക്ക് അയയ്ക്കും. ബന്ധപ്പെട്ട ഗതാഗതവകുപ്പ് ഉദ്യോഗസ്ഥന്‍ അംഗീകരിച്ചശേഷം വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. 14 ദിവസത്തിനുള്ളില്‍ നോട്ടീസും ഇ‑ചെല്ലാനും വീട്ടിലെത്തും. 30 ദിവസത്തിനുളളില്‍ പിഴ അടച്ചില്ലെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പ് തുടര്‍ നടപടികളിലേക്ക് കടക്കും.
നോട്ടീസ് ലഭിച്ചാല്‍ ഓണ്‍ലൈന്‍ വഴിയും ആര്‍ടി ഓഫീസുകളില്‍ നേരിട്ട് എത്തിയും പിഴ അടയ്ക്കാം. മോട്ടര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി പിഴ അടയ്ക്കാം. https://mvd.kerala.gov.in/en/fine-remittance-camera-surveillance‑0 എന്ന സൈറ്റിലാണ് ഇ‑ചെല്ലാന്‍ നമ്പര്‍ നല്‍കി പിഴ അടയ്‌ക്കേണ്ടത്.
വിവാദങ്ങളുടെ പിന്നില്‍ സാമൂഹ്യപ്രതിബദ്ധതയല്ല
നിര്‍മിത ബുദ്ധി ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന ഭരണകൂട കടമകള്‍ക്ക് ഒരുമിച്ച് നില്‍ക്കേണ്ട പ്രതിപക്ഷം പക്ഷെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചത് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മാത്രമാണ്. വാഹനമോടിക്കുന്നവരില്‍ അങ്കലാപ്പും അതുവഴി അപകടവും ക്ഷണിച്ചുവരുത്തലിനുമാണ് ഉപകരിക്കുക.
നിയമം തെറ്റിച്ചാല്‍ പിഴ ഈടാക്കുമെന്ന് ഭയന്ന് ആളുകള്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കും എന്ന വാസ്തവം മറച്ചുവച്ചാണ് പ്രതിപക്ഷ നേതാവടക്കം ആരോപണം ആവര്‍ത്തിക്കുന്നത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പതിവുപോലെ ആദ്യം ആരോപണവുമായി രംഗത്തെത്തിയത്. ചെന്നിത്തലയുടെ ആരോപണത്തെ അസ്ഥാനത്താക്കി പിന്നാലെ പ്രതിപക്ഷ നേതാവും രംഗത്തെത്തി. റോഡ് സേഫ്റ്റി കമ്മീഷണര്‍ എസ് ശ്രീജിത്ത് ഐപിഎസ് ഉള്‍പ്പെടെയുള്ളവര്‍ കാര്യത്തില്‍ വ്യക്തത വരുത്തിയതോടെ ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് ജനങ്ങള്‍ക്കും ബോധ്യമായി.
പിഴത്തുക പോകുന്നതെങ്ങോട്ട്?
മോട്ടോര്‍ വാഹന വകുപ്പുള്‍പ്പെടെ ഈടാക്കുന്ന പിഴയുടെ പകുതി നിയമപ്രകാരം റോഡ് സേഫ്റ്റി അതോറിറ്റിക്കാണ് നല്‍കുന്നത്. അങ്ങനെ ലഭിച്ച 118 കോടിയില്‍ നിന്നാണ് ഇപ്പോള്‍ സംസ്ഥാനത്തുടനീളം എഐ ക്യാമറ പദ്ധതി നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ പിഴത്തുക ഈടാക്കുന്നത് സര്‍ക്കാരിന് വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമാണെന്നുള്ളത് തെറ്റായ പ്രചാരണമാണെന്ന് അധികൃതര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
പിഴ ഈടാക്കലില്‍ പഴി കേള്‍ക്കേണ്ടതുണ്ടോ?
വാസ്തവത്തില്‍ ഈ പദ്ധതി ഫലം ചെയ്യുന്നത് വാഹന ഉപയോക്താക്കള്‍ക്കാണ്. എന്തിനാണ് ഈ പദ്ധതിയെന്ന് ചോദിച്ചാല്‍, മനുഷ്യ ജീവന്റെ സുരക്ഷയ്ക്ക് തന്നെ എന്ന ഒറ്റ ഉത്തരമേ ഇതില്‍ പറയാനുള്ളൂ. അതുകൊണ്ടുതന്നെ റോഡപകടങ്ങള്‍മൂലമുണ്ടാകുന്ന ജീവന്‍, സ്വത്ത്, സമയം എന്നിവയുടെ നഷ്ടം കുറക്കേണ്ടത് അവനവന്റെ ആവശ്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിയാന്‍ ഇത്തരം സംവിധാനങ്ങള്‍ അത്യന്താപേക്ഷിതമാണ്. മറ്റ് രാജ്യങ്ങളിലെ റോഡുകള്‍ ഇങ്ങനെയെന്ന് ഊറ്റം കൊള്ളുകയും അവനവന്റെ നാട്ടില്‍ വരുമ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്ന നിലപാട് സമൂഹത്തിന് ഒട്ടും ആശാവഹമല്ല. അതുകൊണ്ടുതന്നെ ഇതിന്റെ ഗുണം തിരിച്ചറിയേണ്ടത് സമൂഹം തന്നെയാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.
നിരപരാധികൾ പിഴ ഒടുക്കേണ്ടി വരുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് സൂക്ഷ്മ പരിശോധനയ്ക്കായി ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കുവാന്‍ റോഡ് സേഫ്റ്റി കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസല്‍ ആപ്ലിക്കേഷന്‍ ഓഗസ്റ്റ് അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ എന്‍ഐസി വാഹന്‍ സോഫ്റ്റ്‍വേറില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അവയുടെ നിയമലംഘനങ്ങള്‍ക്കു കൂടി പിഴ ഈടാക്കും. പുതുക്കിയ വാഹന വേഗപരിധിയുടെയും പാര്‍ക്കിങ് സ്ഥലങ്ങളുടെയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുവാനും നടപടികളായിവരുന്നു.
പദ്ധതി ഫലം ചെയ്തിട്ടുണ്ടോ എന്ന് നോക്കാം
2022 ജൂൺ മാസം പുറത്തുവന്ന കണക്കനുസരിച്ച് സംസ്ഥാനത്ത് 3,714 റോഡ് അപകടങ്ങളില്‍ 344 പേര്‍ മരിക്കുകയും 4,172 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എഐ കാമറ സ്ഥാപിച്ച ശേഷം 2023 ജൂൺ മാസം റോഡപകടങ്ങള്‍ 1,278 ആയും മരണ നിരക്ക് 140 ആയും പരിക്ക് പറ്റിയവരുടെ എണ്ണം 1,468 ആയും കുറഞ്ഞു. ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ മരണനിരക്ക് കുറഞ്ഞെന്നത് പദ്ധതിയുടെ ഗുണം എടുത്തുകാട്ടുന്നു.
ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ച് മുതൽ ജൂലൈ മൂന്ന് വരെ 20,42,542 മോട്ടോര്‍ വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 7,41,766 എണ്ണം വെരിഫൈ ചെയ്തു. 1,77,694 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 1,28,740 എണ്ണം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുകയും ചെയ്തു. 1,04,063 ചെല്ലാനുകൾ തപാലിൽ അയച്ചിട്ടുണ്ട്. 206 വിഐപി വാഹനങ്ങളും നിയമലംഘനത്തിന് കാമറയില്‍ കുരുങ്ങി. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കി മൂന്ന് മാസത്തിനുള്ളില്‍ വേരിഫിക്കേഷനിലെ കുടിശിക പൂര്‍ത്തിയാക്കുവാന്‍ കെൽട്രോണിനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളോടിച്ചതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ. 73,887 എണ്ണം. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 30,213, കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് 57,032, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് 49,775, മൊബൈൽ ഫോൺ ഉപയോഗം 1,846, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ് 1,818 എന്നിങ്ങനെയാണ് ജൂൺ അഞ്ച് മുതൽ ജൂലൈ മൂന്ന് വരെ കണ്ടെത്തിയത്.
ഒരു മാസത്തിനിടെയിലെ ഗതാഗത നിയമലംഘനങ്ങള്‍ ഒറ്റനോട്ടത്തിൽ
ഹെൽമറ്റ് ധരിക്കാത്ത യാത്ര- 7,388
(കൂടുതൽ തിരുവനന്തപുരം-19,482, കുറവ് വയനാട് ‑419)
പിന്നിൽ ഹെൽമറ്റില്ലാത്ത യാത്ര‑30,213
(കൂടുതൽ തിരുവനന്തപുരം, കുറവ് വയനാട് )
ഡ്രൈവിങ് സീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തത്- 49,775
(കൂടുതൽ മലപ്പുറം-5,622, കുറവ് ഇടുക്കി-1,931)
ഡ്രൈവറിന് വശത്തെ സീറ്റിൽ ബെൽറ്റ് ധരിക്കാത്തത് ‑57,032
(കൂടുതൽ മലപ്പുറം-8,169, കുറവ് ഇടുക്കി-2,343)
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം ‑1,846
(കൂടുതൽ തിരുവനന്തപുരം-316, കുറവ് ഇടുക്കി-09)
ഇരുചക്രവാഹനങ്ങളിലെ മൂന്ന് പേരുടെ യാത്ര — 1,818
(കൂടുതൽ തിരുവനന്തപുരം-441, കുറവ് കണ്ണൂർ ‑15)
വിഐപി വാഹനങ്ങൾ- 206
നേരത്തെ ഉണ്ടായിരുന്നതില്‍ ഗണ്യമായ കുറവാണ് അപകടങ്ങളുടെയും നിയമലംഘനങ്ങളുടെയും കാര്യത്തില്‍ സംസ്ഥാനത്ത് പൊതുവെ ഉണ്ടായിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള എഐ ക്യാമറ പദ്ധതി ദിവസങ്ങള്‍ക്കകം ഫലം കണ്ടുവെന്നു തന്നെ നിസംശയം പറയാം.
English Sammury: Two months after the operation of AI cameras in the state
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.