27 April 2024, Saturday

Related news

April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024
April 15, 2024
April 15, 2024

വീണ്ടും നിയമയുദ്ധം: ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നു, രാഷ്ട്രപതിക്കെതിരെ ഹര്‍ജി നല്‍കി കേരളം

കേന്ദ്രവും ഗവര്‍ണറും കക്ഷികള്‍
റെജി കുര്യന്‍ 
ന്യൂഡല്‍ഹി
March 23, 2024 2:30 pm
സംസ്ഥാന നിയമസഭ പാസാക്കിയ നാലു ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ വൈകിപ്പിക്കുന്ന നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. കേസില്‍ കേന്ദ്ര സര്‍ക്കാര്‍, രാഷ്ട്രപതിയുടെ സെക്രട്ടറി, കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗവര്‍ണ്ണറുടെ അഡീഷ്ണല്‍ സെക്രട്ടറി എന്നിവരാണ് എതിര്‍ കക്ഷികള്‍. രാഷ്ട്രപതിക്കെതിരെ ഇത്തരത്തിലൊരു നീക്കം അസാധാരണമാണ്.
ഗവര്‍ണര്‍ ബില്ലുകള്‍ക്ക് അനുമതി നല്‍കാതിരിക്കുന്ന നടപടി കേരളം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചു. ഇതില്‍ നാല് ബില്ലുകള്‍ രാഷ്ട്രപതി പിടിച്ചുവച്ചിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചിരുന്നു. കേരളാ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ബില്‍ 2022, യൂണിവേഴ്‌സിറ്റി നിയമ(ഭേദഗതി) ബില്‍ 2021,  യൂണിവേഴ്‌സിറ്റി നിയമ (ഭേദഗതി) (നമ്പര്‍ 2) ബില്‍ 2022, യൂണിവേഴ്‌സിറ്റി നിയമ (ഭേദഗതി) (നമ്പര്‍ 3) ബില്‍ 2022 എന്നിവയാണ് രാഷ്ട്രപതി വച്ചിരിരിക്കുന്നത്.
ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കുക, വിസിമാരെ നിര്‍ണയിക്കുന്ന സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുക, ക്ഷീരസംഘങ്ങളുമായി ബന്ധപ്പെട്ട ബില്ലുകള്‍ എന്നിവയാണ് രാഷ്ട്രപതിക്ക് അയച്ചത്. ഇതില്‍ ലോകായുക്ത ബില്ലിന് മാത്രമാണ് രാഷ്ട്രപതി ഇതുവരെ അനുമതി നല്‍കിയത്. കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളുടെ പരിധിയില്‍ വരാത്ത ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത്. ബില്ലുകള്‍ രണ്ടു വര്‍ഷത്തിലേറെയായി ഗവര്‍ണറുടെ പക്കലായിരുന്നു. കേടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് ബില്ലുകളില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുതാല്പര്യമുള്ള ബില്ലുകള്‍ പാസാകാന്‍ വൈകുന്നത് സംസ്ഥാന ഭരണത്തിന് തടസം സൃഷ്ടിക്കുന്നു. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ല. ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ മതിയായ കാരണങ്ങള്‍ രാഷ്ട്രപതിയുടെ ഭാഗത്തു നിന്നും ചൂണ്ടിക്കാട്ടിയിട്ടില്ല. കാരണം വ്യക്തമാക്കാതെ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബില്ലുകള്‍ അനിശ്ചിത കാലത്തേക്ക് പിടിച്ചുവയ്ക്കുകയും പിന്നീടത് രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്ത ഗവര്‍ണറുടെ നടപടി ഭരണഘടന അനുച്ഛേദം 14ന്റെയും ബില്ലുകള്‍ വൈകിപ്പിക്കുന്ന രാഷ്ട്രപതിയടെ നിലപാട് ഭരണഘടന 200, 201 വകുപ്പുകളുടെയും ലംഘനമെന്നും ഹര്‍ജിയിലുണ്ട്.  സംസ്ഥാന ചീഫ് സെക്രട്ടറി, ടി പി രാമകൃഷ്ണന്‍ എംഎല്‍എ എന്നിവരാണ് ഹര്‍ജിക്കാര്‍. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ സി കെ ശശിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
Eng­lish Sum­ma­ry: Ker­ala Govt Moves Supreme Court Against Pres­i­dent With­hold­ing Assent For Bills
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.