25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 24, 2024
October 2, 2024
September 20, 2024
September 17, 2024
August 13, 2024
July 26, 2024
July 18, 2024
July 17, 2024
July 4, 2024
June 20, 2024

അമരക്കാരനാകാന്‍ ഉന്തുംതള്ളും; കെപിസിസി നേതൃത്വത്തെ കണ്ടെത്താന്‍ അഭിപ്രായ സര്‍വേ

ആര്‍ ഗോപകുമാര്‍
കൊച്ചി
May 6, 2024 10:19 pm

വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഗ്രൂപ്പുകളുടെ കുത്തിത്തിരിപ്പിൽ നഷ്ടപ്പെട്ട കെപിസിസി പ്രസിഡന്റ് പദവി കെ സുധാകരനെയും കെെവിടുമ്പോള്‍ സ്ഥാനം നേടാന്‍ നേതാക്കളുടെ ഉന്തുംതള്ളും. ഇതിനിടയിൽ സംഘടനാ സംവിധാനത്തെ മുഴുവനായി ചലിപ്പിക്കാൻ കഴിയുന്ന നേതാവിനായി എഐസിസി സ്വകാര്യ പി ആർ കമ്പനിയെ ഉപയോഗിച്ച് ജില്ലാ തിരിച്ചു പഠനം നടത്തുന്നുവെന്ന വാർത്തയും വന്നു.
തെരഞ്ഞെടുപ്പിന്റെ ഫലം സംബന്ധിച്ചുള്ള ചോദ്യാവലിക്കൊപ്പം, കെപിസിസി നേതൃത്വത്തിന്റെ ഇടപെടൽ കാര്യക്ഷമമായിരുന്നോ എന്ന ചോദ്യം ഉള്‍പ്പെടുത്തിയതോടെ നേതാക്കൾക്ക് തന്നെ സംശയം ഉയർന്നിട്ടുണ്ട്. ജേണലിസം വിദ്യാർത്ഥികളടക്കമുള്ളവരെയാണ് സർവേക്കായി നിയോഗിച്ചിട്ടുള്ളത്. മാധ്യമപ്രവർത്തകരെയുള്‍പ്പെടെ വിളിച്ച് യുവനേതാക്കളിൽ ആരിലാണ് കൂടുതൽ പ്രതീക്ഷ പുലർത്താൻ കഴിയുക എന്ന തരത്തിലുള്ള ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. 

വി ടി ബല്‍റാം അടക്കമുള്ളവരുടെ പേരുകൾ ചില മണ്ഡലം പ്രസിഡന്റുമാരോട് സർവേ നടത്തുന്നവർ എടുത്തു ചോദിച്ചതോടെ ഗ്രൂപ്പ് മാനേജർമാർ ഉണർന്നു. എന്നാല്‍ തങ്ങളെ വിളിച്ച നമ്പറിലേക്ക് തിരിച്ചുവിളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ആസൂത്രിതമായ നീക്കത്തിലൂടെ തങ്ങൾക്ക് ഇഷ്ടപ്പെട്ട നേതൃത്വത്തെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അവര്‍ സംശയം പ്രകടിപ്പിച്ചിക്കുന്നു.
ഈ തെരഞ്ഞെടുപ്പിൽ മുഴുവൻ സമയം സജീവമായ മുതിർന്ന നേതാക്കളെയും സർവേക്കാർ സമീപിച്ചതായി അറിയുന്നു. താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ചുയർന്ന പരാതികളുടെ തുടര്‍ച്ചയാണിതെന്നും ഒരു വിഭാഗം പറയുന്നുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിഭജിച്ച ബ്ലോക്ക് പ്രസിഡന്റുമാരടക്കമുള്ളവരുമായി സഹകരിക്കാൻ താഴെത്തട്ടിലെ പല നേതാക്കളും തയ്യാറായിരുന്നില്ല. ബിജെപി ജാതി-മത കാർഡുകൾ ഇറക്കിയതോടെ തൃശൂരിലും ചാലക്കുടിയിലും എറണാകുളത്തും അടക്കം താഴെത്തട്ടിലുള്ള ചിലനേതാക്കൾ വിട്ടുനിന്നത് ഡിസിസി പ്രസിഡന്റുമാരെയടക്കം അമ്പരപ്പിച്ചിരുന്നു. യുഡിഎഫിന്റെ ആലുവയിലെ ശക്തികേന്ദ്രത്തിൽ മതത്തിന്റെയും ജാതിയുടെയും പേരിൽ ബൂത്തു പ്രസിഡന്റുമാരെ വേദിയിൽ കയറ്റിയില്ലെന്ന ആരോപണം ഉയർന്നു. പ്രചരണ വിഭാഗം തലവൻ എന്ന നിലയിൽ താഴെത്തട്ടിലെ ദൗർബല്യം തിരിച്ചറിഞ്ഞതായി ചെന്നിത്തലയും ഹൈക്കമാൻഡിന് സൂചനകൾ നൽകിയിട്ടുണ്ട്.

സുധാകരൻ മാറിയാൽ നല്‍കാൻ നിരവധി പേരുകളാണ് പല കോണുകളിൽ നിന്ന് ഉയരുന്നത്. ചില പേരുകളെ മുതിർന്നവർ തള്ളിപ്പറയുമ്പോൾ സർവേയൊക്കെ നടത്തി ഇവരൊക്കെയാവുമോ ഇനി വരാൻ പോകുന്നതെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. മാത്യു കുഴൽനാടനെ നേതൃത്വം ഏൽപ്പിക്കണമെന്ന് പറയുന്നവരുണ്ട്. നേതൃപാടവവും പരിചയസമ്പത്തും കണക്കിലെടുത്ത് മുതിർന്ന നേതാക്കളായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ എന്നിവർക്കായും ലോബിയിങ് ശക്തമാണ്. രാഹുൽഗാന്ധിയുടെ വാക്കുകൾ അന്തിമമാണെന്ന് പറയുമ്പോഴും കെ സി വേണുഗോപാലായിരിക്കും ദിശാസൂചികയാവുകയെന്ന് പാര്‍ട്ടിയിലെ ഭൂരിഭാഗം വിശ്വസിക്കുന്നു. 

Eng­lish Sum­ma­ry: Opin­ion poll to find KPCC leadership

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.