23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 9, 2024
October 8, 2024
October 7, 2024
September 11, 2024
June 10, 2024
February 2, 2024
September 20, 2023
September 13, 2023
September 11, 2023
August 10, 2023

സഭ തടസപ്പെടുത്തി പ്രതിപക്ഷം

Janayugom Webdesk
July 15, 2022 10:57 pm

കെ കെ രമക്കെതിരായ വിവാദ പരാമര്‍ശത്തിൽ എം എം മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭാ നടപടികള്‍ തടസപ്പെടുത്തി. പ്രതിപക്ഷ ബഹളം ശക്തമായതിനെ തുടര്‍ന്ന്‌ പന്ത്രണ്ട്‌ മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി ഇന്നലെ സഭ പിരിഞ്ഞു.
ചോദ്യോത്തര വേള ആരംഭിച്ചയുടനെ തന്നെ, കെ കെ രമയ്‌ക്കെതിരെ എം എം മണി നടത്തിയ പരാമർശം മാപ്പ് പറഞ്ഞ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ആവശ്യപ്പെട്ടു. എം എം മണിയുടെ തെറ്റായ പരാമര്‍ശം സ്ത്രീവിരുദ്ധതയാണെന്നും സതീശന്‍ പറഞ്ഞു. ടിപി ചന്ദ്രശേഖരൻ വധത്തിൽ സിപിഐ(എം)നും ഇടതുപക്ഷ മുന്നണിക്കും ഉത്തരവാദിത്വമില്ലെന്നാണ് എം എം മണി പറഞ്ഞതെന്ന് നിയമമന്ത്രി പി രാജീവ്‌ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ സഭയിൽ മുമ്പും ഉണ്ടായിട്ടുണ്ടെന്നും അൺപാർലമെന്ററി പദങ്ങൾ മാത്രമേ സഭാ രേഖയിൽ നിന്ന് നീക്കാറുള്ളൂവെന്നും സ്പീക്കർ അറിയിച്ചു.
സഭാ ചട്ടങ്ങൾക്ക്‌ വിരുദ്ധമായ പദപ്രയോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പിന്നീട്‌ പരിശോധിച്ച്‌ നീക്കം ചെയ്യുകയാണ്‌ രീതി. മുമ്പ്‌ മുഖ്യമന്ത്രിക്കെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും ചട്ടവിരുദ്ധമായ പരാമർശമുണ്ടായി. മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം സഭയിൽ ഇല്ലാത്ത സമയത്ത് പ്രതിപക്ഷാംഗം ഗുരുതര ആരോപണം ഉന്നയിച്ചു. പിന്നീട്‌ സഭയിലെത്തിയ മുഖ്യമന്ത്രി ആരോപണം വസ്‌തുതാപരമല്ലെന്ന് വിശദീകരിച്ചു.
ആരോപണം ഉന്നയിച്ച അംഗം അത്‌ പിൻവലിച്ച്‌ മാപ്പു പറയണമെന്ന വലിയ ആവശ്യം ഭരണപക്ഷത്തുനിന്നുണ്ടായി. അംഗം മാപ്പ്‌ പറയാതെ തന്നെ പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവിനെതിരെ ആരോപണമുണ്ടായപ്പോ­ൾ അധിക്ഷേപകരവും ചട്ടപ്രകാരമല്ലാത്തതിനാലും അവ പിന്നീട് രേഖകളിൽ നിന്ന് നീക്കി. ഇതാണ് സഭയുടെ നടപടിക്രമമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് ചോദ്യോത്തര വേള തുടരാന്‍ ആദ്യചോദ്യമുന്നയിക്കാന്‍ ദലീമയെ സ്പീക്കര്‍ ക്ഷണിച്ചു.
ഈ സമയം പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭാ നടപടികളോട് സഹകരിക്കണമെന്ന് സ്‌പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം തയ്യാറായില്ല.
ബഹളം മൂലം ചോദ്യത്തിന്റെ മറുപടി പൂർത്തിയാക്കാൻ മന്ത്രി എം വി ഗോവിന്ദന്‌ കഴിഞ്ഞില്ല. തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദ് ചെയ്ത് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ സഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. സഭ ഇനി തിങ്കളാഴ്ച ചേരും.

തീരുമാനമെടുക്കേണ്ടത് സ്‌പീക്കര്‍: കാനം

തിരുവനന്തപുരം: നിയമസഭയിലുണ്ടായ പരാമർശത്തിൽ തീർപ്പ്‌ ഉണ്ടാക്കേണ്ടത്‌ സ്‌പീക്കറാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്‌പീക്കറുടെ തീരുമാനം അന്തിമമാണ്‌. കെ കെ രമയ്‌ക്കെതിരായ എം എം മണിയുടെ പരാമർശം സംബന്ധിച്ച് പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് സ്‌പീക്കർ വ്യക്തമാക്കിയിട്ടുണ്ട്‌. സഭയിൽ ഭരണകക്ഷിയും പ്രതിപക്ഷവും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്താറുണ്ട്. ഇതിനെയും അങ്ങനെ കണക്കാക്കിയാൽ മതി. ഇത് സംബന്ധിച്ച് സ്‌പീക്കർ തീർപ്പ്‌ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി മാധ്യമങ്ങളോട് പറഞ്ഞു.

പരാമര്‍ശം വേദനാജനകം: പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെ എം എം മണി കെ കെ രമയ്ക്ക് എതിരെ നടത്തിയ പരാമര്‍ശം ഒരിക്കലും സഹിക്കാന്‍ പറ്റാത്തതും വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പരാമര്‍ശം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടാത്തത് അദ്ഭുതപ്പെടുത്തിയെന്നും സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നില്ല: എം എം മണി

തിരുവനന്തപുരം: കെ കെ രമ വിധവയായത് അവരുടെ വിധിയെന്ന് പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നില്ലെന്ന് എം എം മണി. ദൈവവിശ്വാസികളാണ് വിധിയില്‍ വിശ്വസിക്കുന്നത്. ഞാന്‍ ദൈവവിശ്വാസിയല്ല. അങ്ങനെ വായില്‍ വന്നു, അത് പറഞ്ഞു. ടി പിയുടെ കൊലപാതകം പാര്‍ട്ടി തീരുമാനിച്ചൊന്നുമായിരുന്നില്ല. അതില്‍ പാര്‍ട്ടിക്ക് പങ്കില്ല. സ്ത്രീവിരുദ്ധ പരാമര്‍ശമൊന്നും അതിലില്ലെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു.

 

Eng­lish Sum­ma­ry: Oppo­si­tion obstruct­ed the House

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.