വഖഫ് സ്വത്തുക്കള്‍ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കില്‍, മുസ്ലിം യുവാക്കള്‍ക്ക് സൈക്കിള്‍ പഞ്ചറുകള്‍ നന്നാക്കി ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടി വരില്ലായിരുന്നു. എന്നാല്‍ വഖഫ് സ്വത്തുക്കളില്‍ പ്രയോജനം ഉണ്ടാക്കിയത് ഭൂമാഫിയകളാണ്. ഈ മാഫിയ ദളിത്, പിന്നാക്ക വിഭാഗങ്ങള്‍, വിധവകള്‍ എന്നിവരുടെ ഭൂമി കൊള്ളയടിക്കുകയായിരുന്നു.’ ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. സാമൂഹിക മാധ്യമങ്ങളിലെ ഭാഷ ഉപയോഗിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒരു പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് രാജ്യസഭാ എംപി ഇമ്രാന്‍ പ്രതാപ്ഗര്‍ഹി പറഞ്ഞു.
രാജ്യത്തെ യുവാക്കളെ നിങ്ങള്‍ ഈ നിലയിലേക്ക് എത്തിച്ചിട്ടുണ്ട്. ജോലിയില്ല. പഞ്ചറുകള്‍ നന്നാക്കുക എന്നത് മാത്രമാണ് അവര്‍ക്ക് മുന്നിലുള്ള ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്താര്‍ അബ്ബാസ് നഖ്‌വിയേയും ഷാനവാസ് ഹുസ്സൈനേയും എം.ജെ.അക്ബറിനേയും നിങ്ങള്‍ എന്തുകൊണ്ടാണ് ചവറ്റുക്കുട്ടയില്‍ എറിഞ്ഞത്. വഖഫ് ബില്ലിലൂടെ മുസ്ലിങ്ങള്‍ക്ക് നന്മ ചെയ്യുകയാണെന്നാണ് നിങ്ങള്‍ പറയുന്നത്. പക്ഷേ ലോക്സഭയില്‍ അത് അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഒരു മുസ്ലിം എംപി പോലുമില്ല. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുന്നു. ലോക്സഭയിലോ രാജ്യസഭയിലോ ഏതെങ്കിലും സംസ്ഥാന നിയമസഭയിലോ നിങ്ങള്‍ക്ക് ഒരു മുസ്ലിം വനിതാ അംഗം പോലുമില്ല ഇമ്രാന്‍ പ്രതാപ്ഗര്‍ഹി പറഞ്ഞു.
നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയാണെന്നും അധിക്ഷേപ ട്രോളുകള്‍ പറയും മുമ്പ് ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേതെ പറഞ്ഞു. ഭരണഘടനാ ശില്പിയായ ബി.ആര്‍. അംബേദ്കറുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു. പാവപ്പെട്ട ഹിന്ദുക്കളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ക്ഷേത്രഭൂമി ഉപയോഗിച്ചോ എന്നായിരുന്നു മോഡിയോടുള്ള സമാജ് വാദി പാര്‍ട്ടി നേതാവ് അബു അസ്മിയുടെ ചോദ്യം.
മുസ്ലിങ്ങള്‍ ദരിദ്രരും പഞ്ചര്‍ ഒട്ടിക്കുന്നവരുമാണെങ്കില്‍ എന്തുകൊണ്ട് അവര്‍ക്ക് നിങ്ങള്‍ പ്രാതിനിധ്യം നല്‍കുന്നില്ലെന്നും അദ്ദേഹം ആരാഞ്ഞു. ആര്‍എസ്എസ് അതിന്റെ വിഭവങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനായി ഉപയോഗിച്ചിരുന്നെങ്കില്‍, പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ വില്‍ക്കേണ്ടി വരില്ലായിരുന്നുവെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. തന്റെ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 11 വര്‍ഷത്തിനിടെ പ്രധാനമന്ത്രി ഹിന്ദുക്കളിലേയും മുസ്ലിങ്ങളിലേയും ദരിദ്രര്‍ക്ക് വേണ്ടി എന്താണ് ചെയ്തതെന്നും ഒവൈസി ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.