23 December 2024, Monday
KSFE Galaxy Chits Banner 2

വിലക്കയറ്റത്തില്‍ പ്രതിപക്ഷം സമരം പ്രഖ്യാപിക്കുമ്പോള്‍

ജനയുഗം വെബ് ഡസ്ക്
July 11, 2023 4:45 am

വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രതിപക്ഷം. സെപ്തംബറിൽ ‘റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ’ കാൽനട പ്രചരണ ജാഥ സംഘടിപ്പിക്കും. സെപ്തംബർ 12ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. സമരം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, വിലക്കയറ്റത്തിന് യഥാര്‍ത്ഥ കാരണക്കാരായ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധപരിപാടികള്‍ എന്തെങ്കിലും ഉണ്ടോ എന്ന് പ്രതിപക്ഷനേതാവായ വി ഡി സതീശനോട് മാധ്യമങ്ങള്‍ മൂന്നാവര്‍ത്തി ചോദിച്ചു. മൗനവും മറ്റുവിഷയങ്ങളിലേക്ക് ശ്രദ്ധതിരിക്കലും ആയിരുന്നു മറുപടി. വിലക്കയറ്റം കൊടുമ്പിരികൊണ്ടിരിക്കുന്ന ഈ ഓണക്കാലത്ത് പ്രതിപക്ഷത്തിന്റേതായ സമരത്തിന് പദ്ധതിയൊന്നുമില്ല. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നിലപാടിന് ബദലായി ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ കരുതലോടെയുള്ള ഇടപെടലാണ് നടത്തുന്നത്. സര്‍ക്കാരിനെതിരെ ഈഘട്ടത്തില്‍ തിരിഞ്ഞാല്‍ പൊതുജനങ്ങളില്‍ നിന്നുള്ള തിരിച്ചടി വിലയേറിയതാവും. പൊതുവിപണിയിലെ വിലക്കയറ്റത്തിനെതിരെ സമരം ചെയ്യാന്‍ ഓണക്കാലം പ്രതിപക്ഷത്തെ അനുവദിക്കില്ലെന്നത് കച്ചവടരഹസ്യവുമാണ്. അതുകൊണ്ടുതന്നെ സെപ്റ്റബറിലെ സമരം പേരിനുമാത്രമുള്ള പ്രഹസനസമരമായിരിക്കുമെന്ന് ഉറപ്പ്.

പ്രതിപക്ഷ സമരവും രാഷ്ട്രീയവിരോധവും

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളുമാണ് രാജ്യത്താകമാനം ശക്തമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റത്തിന് കാരണം. മോഡി സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനൊപ്പം ജനങ്ങളോടുള്ള ഉത്തരവാദിത്തം കുറയുന്നുമുണ്ട്. സാധാരണക്കാരന് ന്യായവിലയ്ക്ക് നിത്യോപയോഗസാധനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ചുമതല സംസ്ഥാനങ്ങളുടേത് എന്ന നിലപാടാണ് കേന്ദ്രത്തിന്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള റേഷന്‍ സാധനങ്ങളുടെയടക്കം സബ്സിഡികള്‍ ഓരോന്നായി റദ്ദാക്കുന്നുമുണ്ട്. കേരളം ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന് വിരോധമുള്ള സംസ്ഥാനങ്ങളോട് കണക്കുപറഞ്ഞ് പണം പറ്റുന്ന മോഡി സര്‍ക്കാര്‍ കോവിഡ് കാലത്തെ സൗജന്യ അരിയുടെ പോലും പണം പിടുങ്ങി.

എന്നാല്‍, അതിനോടെല്ലാം പ്രതികരിക്കാതെ അന്ധമായ ഇടതുപക്ഷ വിരുദ്ധ നിലപാടുമായി സംസ്ഥാനത്തെ പ്രതിപക്ഷം നിലകൊള്ളുകയായിരുന്നു. സര്‍ക്കാരിനെതിരെ രാഷ്ട്രീയ വിമര്‍ശനവും നിലനില്‍പ്പില്ലാത്ത ആരോപണങ്ങളും ഉന്നയിക്കുന്ന ജോലികളിലൊതുങ്ങി പ്രതിപക്ഷം. കേന്ദ്രം അടിക്കടി ഇന്ധനവില വര്‍ധിപ്പിച്ചു. പാചകവാതകത്തിനും ചാര്‍ജ് കൂട്ടി. അപ്പോഴെല്ലാം മുഖം തിരിച്ചുനിന്ന പ്രതിപക്ഷം സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് രണ്ട് രൂപ വര്‍ധിപ്പിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് നടത്തിയത്. കേന്ദ്രനയങ്ങള്‍ക്കെതിരെയുള്ള മുദ്രാവാക്യം മറന്ന കേരളത്തിലെ പ്രതിപക്ഷത്തിന്റെ ഏഴ് വര്‍ഷം കൂടിയാണ് കടന്നുപോയത്.

ദേശീയതലത്തില്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ കാണിക്കുന്ന മൃദുസമീപനങ്ങളുടെ തീവ്രപതിപ്പാണ് കേരളത്തിലെ കോണ്‍ഗ്രസിന്റേത്. രാഷ്ട്രീയ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മുന്‍കാലങ്ങളിലുണ്ടായിരുന്ന മാന്യതയും മര്യാദയും കൈവിട്ട കോണ്‍ഗ്രസ്, ഇക്കാര്യത്തില്‍ ബിജെപിയുടെ അജണ്ടയാണ് ആയുധമാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നു എന്ന പേരില്‍ വ്യക്തിഹത്യയിലൂടെയും അധിക്ഷേപത്തിലൂടെയും നിത്യവും വിരോധം തീര്‍ക്കുന്നു.

കേരളത്തിലെ വിലക്കയറ്റവും ഇടത് സര്‍ക്കാരും

കേരളത്തില്‍ ഇടത് സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരം നിലനിര്‍ത്തിയപ്പോഴും ജനഹിതത്തിനനുസരിച്ച് വിലക്കയറ്റമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗൗരവമായി ഇടപെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ആസൂത്രിതമായി വിലക്കയറ്റത്തിനുള്ള നടപടികള്‍ കൈകൊള്ളുന്നുവെന്ന് തുറന്നുപറഞ്ഞ സംസ്ഥാനമാണ് കേരളം. പൊതുവിപണിയിലും പൊതുവിതരണ കേന്ദ്രങ്ങളിലും സാധനസാമഗ്രികളുടെ വിലവ്യത്യാസം തന്നെ അതിനുദാഹരണമാണ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏഴ് വര്‍ഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന വാഗ്ദാനങ്ങളില്‍ നിന്ന് ഇതുവരെ വ്യതിചലിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2016 ഏപ്രില്‍ 20ന് അന്നത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രടനം ഘടകക്ഷിനേതാക്കളും ചേര്‍ന്ന് പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു വിലക്കയറ്റത്തെക്കുറിച്ചുള്ള ഭാഗം. 35 ഇന പരിപാടിയില്‍ 31-ാമത്തെ ഇനമായി ഇങ്ങനെ പറയുന്നു, ‘പൊതുവിതരണം: പൊതുവിതരണം ശക്തിപ്പെടുത്തും. അടച്ചുപൂട്ടിയ ന്യായവില കടകള്‍ തുറക്കും. സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ് കടകളില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് വില വര്‍ധിപ്പിക്കില്ല’.

അഞ്ച് വര്‍ഷവും പിന്നിട്ട് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതിന്റെ രണ്ടാം വാര്‍ഷികവും ആഘോഷിച്ചു. ഇതുവരെയും സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ഫെഡ് കടകളില്‍ വിലവര്‍ധനവ് ഉണ്ടായിട്ടില്ല. മൊത്തക്കച്ചവടക്കാരുടെ നിയന്ത്രണത്തില്‍ അകപ്പെട്ട പൊതുകമ്പോളത്തിലെ വിലക്കയറ്റത്തെ ചൂണ്ടിക്കാട്ടിയാണ് വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും സര്‍ക്കാരിനെതിരെ വാളോങ്ങുന്നത്.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍

അടുത്തകാലത്ത് ഏറെ ചര്‍ച്ചചെയ്ത ഒന്നാണ് തക്കാളി വില. കേരളത്തിൽ പലയിടത്തും വില കിലോയ്ക്ക് 125 രൂപ മുതൽ 160 രൂപ വരെയെത്തി. മുംബൈ, കൊൽക്കത്ത തുടങ്ങിയിടങ്ങളിൽ 160 രൂപയ്ക്കു മുകളിലും. തക്കാളി വൻതോതിൽ കൃഷി ചെയ്യുന്ന പ്രദേശങ്ങളിലുണ്ടായ മഴയും കൃഷിനാശവുമാണ് വിലയെ ബാധിച്ചത്. ഇഞ്ചി, പച്ചമുളക് തുടങ്ങിയവയുടെ വിലയും വര്‍ധിച്ചിരുന്നു. ഓണം അടുത്തതോടെ പച്ചക്കറികള്‍ക്കും മറ്റു നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടുമെന്നത് കച്ചവടതന്ത്രവുമാണ്. എന്നാല്‍ മഴയും പ്രകൃതിക്ഷോഭവും തൊഴില്‍ ദിനങ്ങളെ നഷ്ടപ്പെടുത്താന്‍ തുടങ്ങിയതോടെ സാധാരണക്കാരാണ് വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്നത്. ഇത് കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തുകയാണ്.

പച്ചക്കറികളും അവശ്യസാധനങ്ങളുടെയും വില വർധനവ് നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാരോട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർദ്ദേശം നല്‍കിക്കഴിഞ്ഞു. വിലക്കയറ്റത്തിന്റെ തോത് ദേശീയ ശരാശരിയേക്കാൾ കുറവുള്ള സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തിൽ പച്ചക്കറി ഉല്പന്നങ്ങൾ, കോഴി ഇറച്ചി എന്നിവയുടെ വിലയിൽ ഉണ്ടാകുന്ന വില വർധനവ് സംബന്ധിച്ച് ജില്ലാ കളക്ടർമാരടെ നേതൃത്വത്തില്‍ അടിയന്തിര പരിശോധനകൾ ആരംഭിക്കും. ഓരോ ജില്ലയിലെയും വിലക്കയറ്റം സംബന്ധിച്ച് ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസർമാരും ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരും അടങ്ങുന്ന വില നിലവാര നിരീക്ഷണ സമിതി പരിശോധിക്കും. എഡിഎം/ആർഡിഒ/അസിസ്റ്റന്റ് കളക്ടർമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുക.

ഇതിനുപുറമെ, ജില്ലാ തലത്തിലെ ഹോൾസെയിൽ ഡീലേഴ്സുമായി ജില്ലാ കളക്ടർമാർ ചർച്ച നടത്തും. വിലക്കയറ്റം കൃത്രിമമായി സൃഷ്ടിക്കുന്നതാണോ എന്ന് പരിശോധിക്കുവാനുള്ള പ്രവര്‍ത്തനവും നടക്കും. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നുവരുന്ന വാഹനങ്ങളെല്ലാം കർശന പരിശോധനയ്ക്ക് ശേഷമേ സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കൂ. എല്ലാ ജില്ലകളിലും കളക്ടറുടെ നേതൃത്വത്തിൽ വില നിരീക്ഷിക്കുന്ന സമിതി നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് പൊതുവിപണിയിൽ വിലക്കയറ്റം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തും. ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കുന്ന ഒരു പ്രവണത ഉള്ളതിനാല്‍ കൂടുതല്‍ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടങ്ങള്‍ ഇടപെടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വില പിടിച്ചുനിര്‍ത്തി സാധാരണക്കാരെ സഹായിക്കുന്നതിനൊപ്പം, പൊതുവിപണിയിലെ കൃത്രിമ വിലക്കയറ്റം ഉള്‍പ്പെടെ തടയാന്‍ ശക്തമായ ഇടപെടലും സര്‍ക്കാര്‍ നടത്തുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.

വിലക്കയറ്റം നിയന്ത്രണത്തിനൊപ്പം ഭക്ഷ്യ ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും ഭക്ഷ്യ- പൊതുവിതരണ വകുപ്പിന്റെ ഇടപെടലുകള്‍ ശക്തമായി തുടരുന്നുണ്ട്. പരമാവധി ന്യായവില ഉറപ്പാക്കി വിലക്കയറ്റം നിയന്ത്രിക്കുന്നതിലാണ് സർക്കാർ മുൻഗണന നൽകുന്നത്. മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റായി ഉയർത്തുമ്പോൾ സബ്സിഡിക്ക് പുറമേ വിവിധ ഉല്പന്നങ്ങൾ അഞ്ച് മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുന്നു. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ നൽകിവരുന്നുണ്ട്. ഓണം ലക്ഷ്യമിട്ട് വിപണിയിൽ കൂടുതൽ ഉല്പന്നങ്ങൾ എത്തിക്കാനും പദ്ധതിയുണ്ട്. റേഷന്‍ കടകളെ കെ സ്റ്റോറുകളാക്കി മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്ത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപകമാക്കുന്നതും ഇതിന്റെ ഭാഗമാണ്.

പ്രതിപക്ഷം ആരോണങ്ങളിലെ വാസ്തവം

കേന്ദ്ര സർക്കാരിന്റെ മേയ് മാസത്തിലെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിർത്തിയ സംസ്ഥാനം കേരളമാണ്. കേരളത്തിലെ ഉപഭോക്തൃ വില സൂചിക (Con­sumer Price Index) ഏപ്രിൽ മാസത്തിലെ 5.1 ൽ നിന്നും മേയ് മാസത്തിലെത്തുമ്പോൾ 4.82 ആയി കുറഞ്ഞിരിക്കുന്നു. ദേശീയ ശരാശരി 7.04 ആയിരിക്കെയാണ് കേരളത്തിന്റെ മികച്ച പ്രകടനം. ശക്തമായ പൊതുവിതരണ സമ്പ്രദായവും പൊതുവിപണിയിൽ സർക്കാർ നടത്തുന്ന കാര്യക്ഷമമായ ഇടപെടലുകളുമാണ് ഇതിന് കേരളത്തെ പര്യാപ്തമാക്കിയിട്ടുള്ളത്. സപ്ലൈകോയിലൂടെ സബ്സിഡി നിരക്കിൽ നൽകുന്ന 13 ഇനം അവശ്യസാധനങ്ങളുടെ വില ആറ് വർഷമായി സംസ്ഥാനത്ത് കൂട്ടിയിട്ടില്ല. കഴിഞ്ഞ 12 മാസമായി രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്.

ഇടതുപക്ഷം രാജ്യത്തിന് മുന്നിൽ വയ്ക്കുന്ന ബദൽ വികസന രാഷ്ട്രീയത്തിന്റെ വിജയമാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. അതേസമയം, രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുകയാണ്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പത്തിൽ റെക്കോർഡ് വർധനയാണ്. 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിപ്പോഴത്തേത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിയ പണപ്പെരുപ്പം 15.08ശതമാനമാണ്. പതിമൂന്ന് മാസമായി പണപ്പെരുപ്പം തുടരുകയും ചെയ്യുന്നു.

അസംസ്കൃത എണ്ണ, ഭക്ഷ്യവസ്തുക്കൾ, ലോഹങ്ങൾ തുടങ്ങിയവയുടെ വിലവർധനയാണ് ഇതിന് കാരണമെന്നത് നഗ്നമായ സത്യമാണ്. ഏപ്രിലിലെ ചില്ലറവില്പന സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പവും എട്ടുവർഷത്തെ ഉയർന്ന നിലയിലാണ്. ഏപ്രിലിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള ദേശീയ നാണ്യപ്പെരുപ്പ നിരക്ക് 7.79 ശതമാനമാണ്. എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്. മാർച്ചിൽ 6.95 ശതമാനമായിരുന്നു. കേരളത്തിൽ ഇത് 5.08 ശതമാനം മാത്രമാണ്. തൊട്ടുപിന്നിൽ തമിഴ്‌നാട് (5.4 ശതമാനം) ആണ്. 13 സംസ്ഥാനങ്ങളില്‍ ദേശീയ നിരക്കിനേക്കാൾ കൂടുതലാണ് വിലസൂചിക. നാലു സംസ്ഥാനത്ത് ഒമ്പത് ശതമാനമോ അതിനു മുകളിലോ ആണ് വിലക്കയറ്റമെന്നും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ വിലക്കയറ്റം ഉടൻ മാറില്ലെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പ്രവചനം. 2014‑ൽ നരേന്ദ്ര മോഡി അധികാരത്തിൽ വന്നപ്പോൾ ബിജെപി നൽകിയ പണപ്പെരുപ്പം പിടിച്ചുനിർത്തുമെന്ന വാഗ്ദാനത്തെയാണ് ഇതെല്ലാം അട്ടിമറിക്കുന്നത്.

കേരളത്തിലെ ബിജെപി ആരോപിക്കുന്നത്

അമിത നികുതിഭാരത്താലും വിലക്കയറ്റത്തിലും ദുരിതത്തിലായ മലയാളികൾ ജീവിക്കാൻ കഷ്ടപ്പെടുന്നുവെന്നാണ് സംസ്ഥാന ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറയുന്നത്. സർക്കാർ തലത്തിലുള്ള ധൂർത്തും ആഘോഷവും പൊടിപൊടിക്കുന്നു. കെട്ടിട നികുതിയിലെ വർധനക്കൊപ്പം അപേക്ഷാ ഫീസ്, പരിശോധനാ ഫീസ്, കെട്ടിങ്ങൾ നിർമ്മിക്കാനുള്ള പെർമിറ്റ് ഫീസ് എന്നിവ കൂട്ടി. കെട്ടിട നിർമ്മാണത്തിനുള്ള വസ്തുക്കളുടെ വിലയുർന്നതോടെ ഈ മേഖലയാകെ തകർച്ചയിലാണ്. ഭൂമിയുടെ ന്യായവില വർധിപ്പിച്ചപ്പോൾ രജിസ്ട്രേഷനുള്ള ഫീസും കൂടി. പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയ സംസ്ഥാന സർക്കാർ വെള്ളത്തിനും വൈദ്യുതിക്കും യാതൊരു നിയന്ത്രണവുമില്ലാതെ വിലവർധിപ്പിച്ച് സാധാരണക്കാരന്റെ കഴുത്തു ഞെരിക്കുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്.

വിലക്കയറ്റത്തിന് വഴിമരുന്നിട്ടത് സംസ്ഥാന സർക്കാരിന്റെ പെട്രോളിനും ഡീസലിനും സെസ്സ് ചുമത്തിയ നടപടിയാണെന്നാണ് ബിജെപിര്‍ പറഞ്ഞുവയ്ക്കുന്നത്. ദിനംപ്രതി ഈയിനത്തിൽ കോടികളാണ് സർക്കാരിന്റെ ഖജനാവിൽ വന്നു വീഴുന്നതെന്നും ആരോപിക്കുന്നു. എന്നാല്‍ ആർഎസ്എസിന്റെ ഫാസിസ്റ്റ്-ഹിന്ദുത്വ അജണ്ടകളുടെ ആക്രമണോത്സുകമായ മുന്നേറ്റത്തോടൊപ്പം നവലിബറൽ പരിഷ്കാരങ്ങളുടെ പിന്തുടർച്ചയും ചങ്ങാത്ത മുതലാളിത്തം ശക്തി പ്രാപിക്കുന്നതും വർഗീയ‑കോർപറേറ്റ് കൂട്ടുകെട്ടുമാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തുകൊണ്ട് ജനജീവിതം കൂടുതൽ ദുസഹമാക്കിയതെന്ന വസ്തുത കേരളത്തിലെ ബിജെപി നേതൃത്വം ബോധപൂര്‍വം മറച്ചുവയ്ക്കുകയാണ്. അതിന് ചൂട്ടുപിടിച്ച് ഇവിടത്തെ പ്രതിപക്ഷവും നിലകൊള്ളുന്നു.

Eng­lish Sam­mury: cen­ter is respon­si­ble for the price hike, Oppo­si­tion strike on price hike in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.