2 July 2024, Tuesday
KSFE Galaxy Chits

Related news

July 2, 2024
June 30, 2024
June 30, 2024
June 28, 2024
June 23, 2024
June 20, 2024
June 19, 2024
June 16, 2024
June 14, 2024
June 8, 2024

കച്ചകെട്ടി പ്രതിപക്ഷം: നീറ്റ് ആയുധമാകും

Janayugom Webdesk
ന്യൂഡല്‍ഹി
June 30, 2024 10:50 pm

ലോക‍്‍സഭയുടെ നടപ്പ് സമ്മേളന നടപടികള്‍ ഇന്നു പുനരാരംഭിക്കാനിരിക്കെ നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, അഗ്നിപഥ് പദ്ധതി എന്നിവ ഭരണപക്ഷത്തിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷം.
നീറ്റ് പരീക്ഷാക്രമക്കേടും അഴിമതിയും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പിടിപ്പുകേടും സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യുക എന്ന സുപ്രധാന ആവശ്യമാകും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുക. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സഭയില്‍ മറുപടി നല്‍കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മണിപ്പൂര്‍ കലാപവേളയില്‍ സഭയില്‍ മറുപടി നല്‍കാത്ത മോഡിയുടെ നിലപാട് വ്യാപക വിമര്‍ശനം ക്ഷണിച്ച് വരുത്തിയ നടപടിയായിരുന്നു. എന്നാല്‍ വര്‍ധിത വീര്യത്തോടെയുള്ള പ്രതിപക്ഷത്തിന്റെ ആക്രമണം ചെറുക്കാന്‍ മോഡിക്ക് സഖ്യകക്ഷികളുടെ പിന്തുണയെ ആശ്രയിക്കേണ്ടി വരുന്നത് ക്ഷീണമാകും.
രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയോടെയാകും സഭാ നടപടികള്‍ ആരംഭിക്കുക. മുന്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കം കുറിയ്ക്കുക. തുടര്‍ന്ന് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബന്‍സൂരി സ്വരാജ് സംസാരിക്കും. ലോക‍്‍സഭയില്‍ നാളെയാകും പ്രധാനമന്ത്രി മോഡി സഭയില്‍ മറുപടി പ്രസംഗം നടത്തുക. ലോക‍‍്‍സഭയില്‍ 16 മണിക്കൂറും രാജ്യസഭയില്‍ 21 മണിക്കൂറുമാണ് നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് നീക്കിവച്ചിരിക്കുന്നത്. പ്രധാനമന്ത്രി ബുധനാഴ്ച രാജ്യസഭയില്‍ മറുപടി പറയും.

നീറ്റ് ക്രമക്കേടിന് പുറമെ വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളും പ്രതിപക്ഷം ആയുധമാക്കും. നീറ്റ് വിഷയത്തില്‍ വെളളിയാഴ്ച ലോക‍്‍സഭാ ‑രാജ്യസഭാ നടപടികള്‍ തടസപ്പെടുത്തി പ്രതിപക്ഷ ഇന്ത്യ സഖ്യം ശക്തിപ്രകടനം നടത്തിയിരുന്നു. അതേ നിലയില്‍ മോഡി സര്‍ക്കാരിന്റെ കഴിവ് കെട്ട നടപടികള്‍ക്കെതിരെയുള്ള ശക്തമായ പോരാട്ടം ഇന്നും സഭയില്‍ പ്രതിപക്ഷം തുടരും. നീറ്റ് പരീക്ഷാ ക്രമക്കേടിലും അനുബന്ധ വിഷയങ്ങളിലും മുഖം വികൃതമായ മോഡി സര്‍ക്കാരിനെതിരെ സര്‍വ്വശക്തിയും സംഭരിച്ച് ആഞ്ഞടിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. 

അതേസമയം ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സമാജ് വാദി എംപി അവദേശ് പ്രസാദ് ഇന്ത്യ സഖ്യ സ്ഥാനാര്‍ത്ഥിയാകും. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് എന്ന് നടക്കുമെന്ന് ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ തകര്‍പ്പന്‍ ജയം നേടിയ അവദേഷ് പ്രസാദിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തത്വത്തില്‍ തീരുമാനമായി എന്നാണ് സൂചന. അവദേഷ് പ്രസാദിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി എന്നിവര്‍ കഴിഞ്ഞ ദിവസം അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നു.
ലോക്‌സഭയിലെ പതിവ് കീഴ്‌വഴക്കം അനുസരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിനു നല്‍കി സമവായം കണ്ടെത്തി സ്പീക്കര്‍-ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കുന്ന രീതി മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ലംഘിക്കപ്പെട്ടത്. 2019 മുതലുള്ള മോഡി സര്‍ക്കാരിന്റെ കാലത്ത് ഭരണഘടന വിഭാവനം ചെയ്യുന്ന ഡെപ്യൂട്ടി സ്പീക്കര്‍ പദവി അഞ്ച് വര്‍ഷം ഒഴിച്ചിട്ട നടപടി വ്യാപക വിമര്‍ശനം ക്ഷണിച്ച് വരുത്തിയിരുന്നു. 

Eng­lish Sum­ma­ry: Oppo­si­tion to use NEET ques­tion paper leak, Agni­path scheme as weapon against rul­ing party

You may also like this video

TOP NEWS

July 2, 2024
July 2, 2024
July 2, 2024
July 2, 2024
July 2, 2024
July 1, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.