ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് എന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്രം പുറപ്പെടുവിച്ച പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം. ഓർഡിനൻസ് രാജ്യസഭയിൽ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികള്‍ ഒന്നിക്കുന്നു. ഡൽഹിയിലെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഡല്‍ഹി മുഖ്യമന്ത്രി കെജ്‍രിവാളിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. രണ്ടാഴ്ചയ്ക്കകം പ്രതിപക്ഷനേതാക്കളെ പൂർണമായി അണിനിരത്തിയുള്ള നീക്കത്തിനാണ് ശ്രമം.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന് അധികാരം എടുത്തുകളയാനുള്ള കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും ബിജെപിക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കുമെന്നും നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു. ഓർഡിനൻസ് ബില്ലായി രാജ്യസഭയിൽ എത്തുമ്പോൾ ബിജെപി ഇതര കക്ഷികൾ ഒരുമിച്ച് പരാജയപ്പെടുത്തണമെന്ന് കെജ്‌രിവാൾ അഭ്യർത്ഥിച്ചു. ബിജെപി ഇതരകക്ഷികൾ ഒന്നിച്ചാൽ ബിൽ പരാജയപ്പെടും. 2024ൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള ചവിട്ടുപടിയാകുമെന്നും കെജ്‌രിവാൾ പറഞ്ഞു.
ഓർഡിനൻസിനെ പ്രതിപക്ഷകക്ഷികള്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്. ഫെഡറൽ സംവിധാനത്തിന് നേരേയുള്ള കടന്നാക്രമണമെന്ന് സിപിഐ, സിപിഐ(എം)പാര്‍ട്ടികള്‍ വിശേഷിപ്പിച്ചു. ജനാധിപത്യത്തെ കുരുതികഴിക്കുന്ന ഓർഡിനൻസ് പിൻവലിക്കണമെന്ന് സമാജ്‍വാദി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്കുള്ള മുന്നറിയിപ്പാണെന്ന് ആർജെഡി പറഞ്ഞു. കർണാടക പ്രതിപക്ഷത്തിന് വഴി കാട്ടിയായിരുന്നെന്നും ഡൽഹി ഓർഡിൻസ് ഉയർത്തെഴുന്നേൽക്കാനുള്ള ആഹ്വാനമാണെന്നും പിഡിപി നേതാവ് മെഹ്‌ബൂബ മുഫ്‌തി പറഞ്ഞു.
ഓർഡിനൻസിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ കെജ്‍രിവാള്‍ ബിജെപിക്കെതിരെ തെരുവിൽ പോരാടുമെന്നും പ്രഖ്യാപിച്ചു. ഓർഡിനൻസിന് ആറ് ആഴ്ചയാണ് കാലാവധി. ഇത് നിയമമാക്കാനുള്ള ബിൽ രാജ്യസഭ കടക്കാതിരിക്കാൻ ബിജെപി ഇതര കക്ഷി നേതാക്കളെ മുഴുവന്‍ നേരില്‍ കാണാനാണ് കെജ്‍രിവാളിന്റെ നീക്കം. ചൊവ്വാഴ്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയെയും സന്ദര്‍ശിക്കും. 25ന് എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും കൂടിക്കാഴ്‌ച നടത്തും.
നിതീഷ് കുമാറും നാളെ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നേരത്തെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പട്നയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു ചേർക്കുന്നതിനു മുന്നോടിയായാണ് നിതീഷ് കുമാറിന്റെ കൂടിക്കാഴ്ചകള്‍.
English Sammury: Opposition unites against Central Ordinance
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.