5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 19, 2024
November 26, 2024
November 26, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 15, 2024
October 15, 2024

അടിച്ചമര്‍ത്തല്‍; അണയാതെ പ്രതിഷേധാഗ്നി

Janayugom Webdesk
June 18, 2022 10:46 pm

സൈന്യത്തിലെ ഹ്രസ്വകാല നിയമന പദ്ധതിയായ അഗ്‌നിപഥിനെതിരായ രാജ്യവ്യാപകമായി ആളിക്കത്തുന്ന പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. യുവാക്കളെ കബളിപ്പിക്കുന്ന നാലു വര്‍ഷത്തെ സൈനിക നിയമനത്തിനെതിരായ പ്രതിഷേധക്കാരെ ജയിലിലടച്ചും ഭീഷണിപ്പെടുത്തിയും നേരിടാനാണ് മോഡി സര്‍ക്കാരിന്റെ ശ്രമം. ഇതോടെ ബിഹാറിലും ഉത്തര്‍പ്രദേശിലുമടക്കം ആയിരങ്ങളെ അറസ്റ്റു ചെയ്തു. നൂറുകണക്കിനുപേരെ ജയിലിലുമാക്കി. പ്രക്ഷോഭത്തിന് പിന്നില്‍ വിധ്വംസക ശക്തികളും പരീക്ഷാ പരിശീലന സ്ഥാപനങ്ങളുമാണെന്ന പ്രചരണവും ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിഷേധത്തില്‍നിന്നും പിന്‍വാങ്ങണമെന്ന അഭ്യര്‍ത്ഥനയുമായി സേനാമേധാവികള്‍ വീണ്ടും രംഗത്തെത്തി. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭാവിയില്‍ വലിയ ദോഷങ്ങള്‍ നേരിടേണ്ടിവരുമെന്ന് എയര്‍ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി, ലഫ്റ്റ്നന്റ് ജനറല്‍ അനില്‍ പുരി എന്നിവര്‍ മുന്നറിയിപ്പ് നല്കി. ഇപ്പോള്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭാവി നിയമന ഘട്ടത്തില്‍ ജോലി കിട്ടാത്ത സാഹചര്യമുണ്ടാകുമെന്നും അവര്‍ പറഞ്ഞു. അതേസമയം സിഎഎ, കാര്‍ഷിക നിയമങ്ങള്‍ എന്നിവയ്ക്കെതിരെ രാജ്യം സാക്ഷ്യം വഹിച്ച രീതിയില്‍ പ്രതിഷേധം രാജ്യത്തുടനീളം അലയടിക്കുകയാണ്. ദക്ഷിണേന്ത്യയിലേക്കും പ്രതിഷേധജ്വാല പടര്‍ന്നു.

കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം 11 സംസ്ഥാനങ്ങളില്‍ ഇന്നലെ പ്രതിഷേധങ്ങള്‍ അരങ്ങേറി. സംഘര്‍ഷാവസ്ഥ തുടരുന്ന ബിഹാറില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണമായിരുന്നു. സംസ്ഥാനത്തെ 18 ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. റയില്‍വേ ബിഹാറിലൂടെയുള്ള തീവണ്ടി സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കി. ഇന്നലെ മാത്രം ആകെ 319 തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കി. ബിഹാറില്‍ മാത്രം 600 ലേറെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. ദര്‍ഭംഗയില്‍ സ്കൂള്‍ ബസിനുനേരെ ആക്രമണമുണ്ടായി. തെഹ്തയില്‍ പൊലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്ത് വാഹനങ്ങള്‍ക്ക് തീയിട്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വസതി ആക്രമിച്ചു. മധേപുരയില്‍ ബിജെപി ഓഫീസിന് തീയിട്ടു. ഗയ, ബക്സര്‍, ജെഹാനബാദ് ജില്ലകളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രക്ഷോഭത്തിനിടെ ബിഹാറില്‍ ഒരു തീവണ്ടി യാത്രക്കാരന്‍ മരിച്ചു.

ലഖിസാരായില്‍ പ്രതിഷേധക്കാര്‍ തീയിട്ട തീവണ്ടിയില്‍ യാത്ര ചെയ്തിരുന്നയാളാണ് മരിച്ചത്. പുക ശ്വസിച്ച്‌ കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. പഞ്ചാബിലെ ലുധിയാനയില്‍ പ്രതിഷേധക്കാര്‍ റയില്‍വേ സ്റ്റേഷന്‍ അടിച്ചുതകര്‍ത്തു. ജലന്ധറില്‍ ദേശീയപാത ഉപരോധിച്ചു. ഹരിയാനയില്‍ സോനിപത്, ഫത്തേബാദ്, ജിന്ദ്, കൈതാല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രക്ഷോഭകര്‍ വാഹനഗതാഗതം തടഞ്ഞ് പ്രതിഷേധിച്ചു. യുപിയിലെ ബല്ലിയയില്‍ രണ്ടുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇതുവരെ 260 പേരെ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നോയ്ഡയില്‍ 240 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ 15 പേര്‍ അറസ്റ്റിലായി. ഡല്‍ഹിയില്‍ ബാബാ ഹരിദാസ് നഗറില്‍ സമരത്തിന് നേതൃത്വം നല്‍കിയ സുരേന്ദ്ര ശര്‍മ്മ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ സെക്കന്തരാബാദിലുണ്ടായ പ്രതിഷേധത്തിന്റെ ആസൂത്രകനെന്ന് കരുതുന്ന പരിശീലന കേന്ദ്രം നടത്തിപ്പുകാരന്‍ സുബ്ബ റാവു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ പ്രതിഷേധാഹ്വാനത്തിന്റെ പേരില്‍ ഒരാള്‍ അറസ്റ്റിലായി. ബംഗാളില്‍ സീല്‍ദാ-ബാരക്പുര്‍ പാതയില്‍ സമരാനുകൂലികള്‍ ഗതാഗതം തടഞ്ഞതോടെ തീവണ്ടി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലടക്കം സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്.

Eng­lish summary;Oppression; Unquench­able protest fire

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.