ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിലെ ചെയർ പേഴ്സണായി ഇനി സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥരെയും പരിഗണിക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് 1997 ൽ നിലവിൽ വന്ന ട്രായ് നിയമത്തില്‍ ഭേദഗതി ഉണ്ടായേക്കുമെന്ന് സൂചനകള്‍ പുറത്തുവന്നു. 1997ലെ ട്രായ് ആക്റ്റ് പരിഷ്കരിച്ച് ടെലികോം നിയന്ത്രണ ഏജന്‍സിയെ സ്വകാര്യ മേഖലയുടെ നീരാളിപ്പിടിത്തത്തില്‍ എത്തിക്കുന്ന വിധത്തിലുള്ള പരിഷ്കാരമാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് ട്രായ് ചെയര്‍മാനായി സ്വകാര്യ കമ്പനികളില്‍ നിന്നുള്ളവരെ നിയമിക്കാനാകും. ടെലികോം നിയന്ത്രണ സംവിധാനത്തില്‍ സമൂലമായ അഴിച്ചുപണിയാണ് കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്നത്. പുതിയ പരിഷ്കാരം അനുസരിച്ച് വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ട്രായ് തലപ്പത്ത് എത്തിച്ചേരാന്‍ സാധിക്കും. ഇതിലൂടെ ടെലികോം കമ്പനികള്‍ക്കടക്കം മേഖലയെ നിയന്ത്രിക്കാനുള്ള അവസരം തുറന്നിടുന്നു. സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തികളെയായിരുന്നു ഇതുവരെ ട്രായ് ചെയര്‍പേഴ്സണ്‍ അടക്കമുള്ള ഉന്നത തസ്തികകളില്‍ നിയമിച്ചിരുന്നത്.
എന്നാല്‍ സ്വകാര്യ മേഖലയിലെ വിദഗ്ധര്‍ക്കും ഇനി ട്രായ് ചെയര്‍പേഴ്സണ്‍, ബോര്‍ഡ് അംഗം, ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ പദവികളിലേയ്ക്ക് കടന്നു വരാന്‍ വഴിയൊരുക്കുന്ന വിധമാണ് നിയമം പരിഷ്കരിക്കുന്നതെന്ന് ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവിലെ നിയമം അനുസരിച്ച് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി തസ്തികയില്‍ സേവനം അനുഷ്ഠിച്ച കേന്ദ്ര‑സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രമെ ബോര്‍ഡ് അംഗം, ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍— ചെയര്‍മാന്‍ പദവികളില്‍ നിയമിക്കാവൂ. എന്നാല്‍ പുതിയ ബില്ലില്‍ ഈ വ്യവസ്ഥ പാടെ ഒഴിവാക്കും. പി ഡി വഗേലയാണ് നിലവിലെ ട്രായ് ചെയർപേഴ്സൺ. 1986 ലെ ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് സെക്രട്ടറിയുമായിരുന്നു. ഏതാനും മാസം മുമ്പ് മോഡി സര്‍ക്കാര്‍ സെക്യൂരീറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി സ്വകാര്യ മേഖലയില്‍ നിന്നുള്ള മാധബി പുരി ബക്കിനെ നിയമിച്ചിരുന്നു. സെബി ആരംഭിച്ച് മൂന്നു പതിറ്റാണ്ട് പിന്നിട്ടശേഷം ആദ്യമായിട്ടായിരുന്നു സ്വകാര്യമേഖലയില്‍ നിന്നും അംഗത്തെ നിയമിക്കുന്നത്.
english summary; Out of telecom control
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.