11 December 2025, Thursday

അന്വേഷണ ഏജൻസികളുടെ അമിതാധികാര പ്രവണത

Janayugom Webdesk
July 11, 2025 5:00 am

ബിജെപി ഭരണത്തിനുകീഴിൽ വിവിധ അന്വേഷണ ഏജൻസികളുടെ അമിതാധികാര പ്രവണത നിരന്തര ചർച്ചാ വിഷയമാണ്. സിബിഐയെ കൂട്ടിലടച്ച തത്തയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി) എല്ലാ പരിധികളും വിടുന്നുവെന്നും ആദായനികുതി വകുപ്പിനെ എതിരാളികൾക്കെതിരെ വേട്ടയ്ക്കുപയോഗിക്കുന്നു എന്നുമൊക്കെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിക്കപ്പെടുകയുണ്ടായി. ഏറ്റവുമധികം വിമർശിക്കപ്പെട്ടത് ഇഡി, സിബിഐ, കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡൽഹി പൊലീസ് തുടങ്ങിയവ ആയിരുന്നു. അത്തരം പ്രവണതകളുടെ രണ്ട് ഉദാഹരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരിക്കുന്നത്. ഒന്ന് ഇഡിയെ സംബന്ധിച്ചാണെങ്കിൽ രണ്ടാമത്തേത് ഡൽഹി പൊലീസിനെ കുറിച്ചാണ്. കുറ്റാരോപിതരായ കക്ഷികൾക്ക് നിയമോപദേശം നൽകിയെന്നതിന്റെ പേരിൽ അഭിഭാഷകർക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയ ഇഡി നടപടിയാണ് വിവാദമായത്. മുതിർന്ന അഭിഭാഷകരായ പ്രതാപ് വേണുഗോപാൽ, അരവിന്ദ് ദത്തർ എന്നിവർക്കെതിരെയാണ് രണ്ട് ഘട്ടങ്ങളിലായി ഇഡി സമൻസ് അയച്ചത്. അരവിന്ദ് ദത്തറിനായിരുന്നു കഴിഞ്ഞ മാസം രണ്ടാമത്തെയാഴ്ച ആദ്യം സമൻസ് ലഭിച്ചത്. ഇക്കാര്യം അഭിഭാഷക സംഘടനകൾ സുപ്രീം കോടതിയുടെ ഉൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പിൻവലിച്ചെങ്കിലും രണ്ടാമത് പ്രതാപ് വേണുഗോപാലിന് സമൻസ് നൽകുകയായിരുന്നു. തങ്ങളുടെ ജോലി നിർവഹണത്തിന്റെ ഭാഗമായി നിയമോപദേശം നൽകുകയോ ജാമ്യത്തിന് വേണ്ടി ശ്രമിക്കുകയോ ചെയ്യുന്ന അഭിഭാഷകരെ ചോദ്യം ചെയ്യുകയും വിളിച്ചുവരുത്തുകയും ചെയ്യുന്നത് തൊഴിലെടുക്കാനുള്ള അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സമൻസ് നൽകിയ തീരുമാനം സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. തുടർന്ന് വിഷയത്തിൽ സ്വമേധയാ കേസെടുത്ത പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസുമാരായ വിനോദ് കെ ചന്ദ്രൻ, എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഈ മാസം 14ന് കേസ് വാദം കേൾക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. 

ഇതിനോട് ചേർത്തുവയ്ക്കാവുന്ന സമീപനമാണ് ഡൽഹി പൊലീസിൽ നിന്നുണ്ടായിരിക്കുന്നത്. കുറ്റാരോപിതനാകുന്ന വ്യക്തി ശിക്ഷ വിധിക്കുകയോ കുറ്റ വിമുക്തനാക്കപ്പെടുകയോ ചെയ്യുന്നതുവരെ ജയിലിൽതന്നെ തുടരണമെന്ന വിചിത്രവാദമാണ് ഡൽഹി ഹൈക്കോടതിയിൽ അവർ ഉന്നയിച്ചത്. 2020ലെ കുപ്രസിദ്ധമായ ഡൽഹി കലാപത്തിൽ കുറ്റാരോപിതരായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഗുൾഫിഷ ഫാത്തിമ, മുഹമ്മദ് സലീം ഖാൻ, ഷിഫാ ഉർ റഹ്‌മാൻ, അത്തർ ഖാൻ, ഖാലിദ് സൈഫി തുടങ്ങിയവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ നവീൻ ചൗള, ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് മുമ്പാകെ ഡൽഹി പൊലീസ് ഈ വാദം ഉന്നയിച്ചത്. വൻ ഗൂഢാലോചനയിൽ പങ്കാളികളാണ് ഇവരെന്നും രാജ്യത്തെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പൊലീസ് വാദം. ഒരാൾ തന്റെ രാജ്യത്തിനെതിരെ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ, അയാൾ കുറ്റവിമുക്തനാക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതുവരെ ജയിലിൽ കഴിയുന്നതാണ് നല്ലതെന്ന് പൊലീസിന് വേണ്ടി ഹാജരായ ബിജെപി സർക്കാരിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയെ ബോധിപ്പിച്ചത്. ഇതിൽ നിന്നും കേന്ദ്ര സർക്കാരിന്റെ നിലപാടാണിതെന്ന് വ്യക്തമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ തുടർച്ചയായി സംഘ്പരിവാറിന്റെ കാർമ്മികത്വത്തിൽ സൃഷ്ടിക്കപ്പെട്ടതായിരുന്നു 2020 ഫെബ്രുവരിയിലെ ഡൽഹി കലാപം. പ്രസ്തുത കലാപത്തിന് പൊലീസ് സാന്നിധ്യത്തിൽ പരസ്യമായി ആഹ്വാനം നൽകിയ ബിജെപി നേതാവ് കപിൽ മിശ്ര ഉൾപ്പെടെയുള്ളവർ പുറത്ത് വിഹരിക്കുമ്പോഴാണ് അതേ കലാപത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട മേല്പറഞ്ഞവർ നാലും അഞ്ചും വർഷമായി ജയിലിൽ തുടരുന്നത്. അവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് വിചാരണയില്ലെങ്കിലും കുറ്റാരോപിതരെ ജയിലിൽത്തന്നെ പാർപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. 

അമിതാധികാര പ്രവണതയും നിയമങ്ങളെയും കോടതിയുത്തരവുകളെയും കാറ്റിൽപ്പറത്തിയുമുള്ള കേന്ദ്ര ഏജൻസികളുടെ നിറഞ്ഞാട്ടത്തിന്റെ പ്രതിഫലനങ്ങളാണ് ഈ രണ്ട് സംഭവങ്ങളും. ഇഡി ഉൾപ്പെടെ അന്വേഷണ ഏജൻസികൾ കേന്ദ്ര ഭരണകക്ഷിയുടെ കൂട്ടിക്കൊടുപ്പുകാരെ പോലെ പ്രവർത്തിക്കുന്നുവെന്ന ആക്ഷേപം എല്ലാ കോണുകളിൽ നിന്നുമുണ്ടാകുന്ന സാഹചര്യത്തിൽ അതിനെതിരെ പരമോന്നത കോടതിയുൾപ്പെടെ ശക്തമായ വിമർശനങ്ങളും കടുത്ത താക്കീതുകളും നൽകിയിരുന്നതുമാണ്. അതുപോലെതന്നെ കുറ്റാരോപിതരെ അനിശ്ചിത കാലത്തേക്ക് വിചാരണ പോലുമില്ലാതെ തടവിലിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന നിരീക്ഷണങ്ങളും നീതിപീഠങ്ങളിൽ നിന്നുമുണ്ടായി. ‘ജാമ്യമാണ് നിയമം ജയിലല്ല’ എന്ന് ഒന്നിലേറെത്തവണ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനത്തിനെതിരെ ആഗോള ഏജൻസികളും നമ്മുടെ ഭരണാധികാരികളെ കുറ്റപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. എന്നാൽ അതൊന്നും വകവയ്ക്കാതെ തങ്ങളുടെ നിയമലംഘനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അവർ തുടരുകയാണ്. ഈ ഘട്ടത്തിൽ കോടതികളിലും ജനകീയ മുന്നേറ്റങ്ങളിലും മാത്രമാണ് പൊതുസമൂഹം പ്രതീക്ഷവച്ചുപുലർത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.